
കുവൈറ്റ് സിറ്റി: പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിന്റെയും നിരീക്ഷണം ശക്തമാക്കുന്നതിന്റെയും ഭാഗമായി കുവൈറ്റിലുടനീളം നടത്തിയ സംയുക്ത പരിശോധനകളിൽ വിവിധ സലൂണുകൾക്കും ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടുകൾക്കുമെതിരെ ആരോഗ്യ മന്ത്രാലയം 50 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. രാജ്യത്തെ പൊതുജനാരോഗ്യത്തെ ബാധിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ കൃത്യമായ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനായിരുന്നു പരിശോധന.
രോഗബാധകൾ പടരുന്നത് തടയുന്നതിനുള്ള ഇൻഫെക്ഷൻ കൺട്രോൾ മാനദണ്ഡങ്ങൾ, കൃത്യമായ ശുചീകരണ- അണുനശീകരണ പ്രക്രിയകൾ, ജീവനക്കാരുടെ ഹെൽത്ത് ആൻഡ് ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളുടെ സാധുത എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധനയെന്ന് പൊതുജനാരോഗ്യ വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. അൽ- മുൻദിർ അൽ-ഹസാവി പ്രസ്താവനയിൽ പറഞ്ഞു. ഉപഭോക്താക്കൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാനും രോഗപകർച്ചയ്ക്കുള്ള സാധ്യതകൾ ഇല്ലാതാക്കാനുമാണ് മന്ത്രാലയം മുൻഗണന നൽകുന്നത്.
ആരോഗ്യ മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം, കുവൈറ്റ് മുൻസിപ്പാലിറ്റി എന്നിവയിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി രൂപീകരിച്ച പ്രത്യേക നിരീക്ഷണ സമിതിയുടെ കീഴിലാണ് റെയ്ഡ് നടന്നതെന്ന് സമിതി അധ്യക്ഷ ഡോ. മോന അൽ-ഖബ്ബാസ് വ്യക്തമാക്കി. എല്ലാ ഗവർണറേറ്റുകളിലുമായി ആറ് ഉപസമിതികളാണ് നിലവിൽ ഇതിനായി പ്രവർത്തിക്കുന്നത്. വിവിധ ഗവർണറേറ്റുകളിലെ ഫീൽഡ് പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്നും പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന യാതൊരുവിധ നിയമലംഘനങ്ങളും വച്ചുപൊറുപ്പിക്കില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കളുടെ സുരക്ഷയും സേവനങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കാൻ എല്ലാ സലൂൺ-ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഉടമകളും മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam