തനിക്കെതിരെ പ്രചരിക്കുന്ന അഞ്ചുവർഷം മുൻപുള്ള വ്യാജ വീഡിയോ നിയമപരമായി നീക്കം ചെയ്യിച്ചതാണ്. ഇടതുപക്ഷത്തിന്റെ ആയുധം അന്നും ഇന്നും അപരാധകഥകൾ ആണ്. വ്യാജ നിർമ്മിതികൾ ആണെന്നും ശ്രീനാദേവി കുഞ്ഞമ്മ കുറ്റപ്പെടുത്തി.

പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറിയ സംഭവത്തിൽ വീണ്ടും വിശദീകരണവുമായി കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ. പൊലീസ് സ്റ്റേഷൻ സംഭവത്തിൽ താൻ തെറ്റ് ചെയ്തിട്ടില്ലെന്നും, തെറ്റ് ചെയ്തെങ്കിൽ നിയമനടപടി സ്വീകരിക്കാൻ തയ്യാറാണെന്നും ശ്രീനാദേവി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കോൺഗ്രസ് വനിതാ നേതാവിന്‍റെ വിശദീകരണം. എന്നെ കഴിഞ്ഞ കാലങ്ങളിൽ അപരാധം പറഞ്ഞു പ്രചരിപ്പിച്ച ഒരു യൂട്യൂബർ അറസ്റ്റു ചെയ്യപ്പെട്ട കാഴ്ച മാന്യമായി ജീവിക്കുന്ന എന്റെ സ്ത്രീത്വത്തിനേറ്റ മുറിവ് ശമിപ്പിക്കുക തന്നെ ചെയ്തു. അതിൽ നിയമപരമായി ഒരു തെറ്റും ഉള്ളതല്ല. മറിച്ച്, അവിടെ നടന്ന സംഭവങ്ങളിൽ ഏതെങ്കിലും നിയമപരമായ തെറ്റ് ഞങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടെങ്കിൽ ഏത് നിയമനടപടിയും സ്വീകരിക്കാൻ ഞാൻ ബാധ്യസ്ഥയുമാണ്- ശ്രീനാദേവി പറഞ്ഞു.

തനിക്കെതിരെ വ്യാജ വീഡിയോകൾ പ്രചരിപ്പിക്കുന്നതിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ശ്രീനാദേവി പറയുന്നു. താൻ വാഹനം ഇടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചെന്ന കെട്ടിച്ചമച്ച വീഡിയോ ഇപ്പോഴും പ്രചരിപ്പിക്കുകയാണ്. നിയമപരമായി നീക്കം ചെയ്ത എനിക്കെതിരെയുള്ള വീഡിയോകൾ പ്രചരിപ്പിച്ച ഡിവൈഎഫ്ഐ അടൂർ ബ്ലോക്ക് എന്ന കമ്മി പേജിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അഞ്ചുവർഷം മുൻപുള്ള വ്യാജ വീഡിയോ നിയമപരമായി നീക്കം ചെയ്യിച്ചതാണ്. ഇടതുപക്ഷത്തിന്റെ ആയുധം അന്നും ഇന്നും അപരാധകഥകൾ ആണ്. വ്യാജ നിർമ്മിതികൾ ആണെന്നും ശ്രീനാദേവി കുഞ്ഞമ്മ കുറ്റപ്പെടുത്തി.