
കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പരിശോധന തുടർന്ന് ട്രാഫിക്ക് വിഭാഗം. പരിശോധനകളില്‍ ആകെ 35,000 ട്രാഫിക്ക് നിയമലംഘനങ്ങളാണ് കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. അശ്രദ്ധമായി വാഹനമോടിച്ച 60 ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തു. നിയമലംഘനങ്ങള്‍ കണ്ടെത്തിയ 81 വാഹനങ്ങള്‍ കണ്ടുകെട്ടി. 33 ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത വാഹനങ്ങള്‍ മന്ത്രാലയത്തിന്‍റെ ഗ്യാരേജിലേക്ക് മാറ്റി.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് ആൻഡ് ട്രാഫിക് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേഗിന്റെ മേൽനോട്ടത്തിലും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ ഫീൽഡ് മേൽനോട്ടത്തിലുമായിരുന്നു പരിശോധനകള്‍ നടത്തിയത്.
ഡ്രൈവിംഗ് ലൈസൻലസ് ഇല്ലാതെ വാഹനം ഓടിച്ച പ്രായപൂർത്തിയാകാതെ 73 പേരെ അറസ്റ്റ് ചെയ്തു. ആറ് ഗവർണറേറ്റുകളിലെയും പട്രോളിംഗ് സംഘവും പരിശോധനകൾ നടത്തിയിരുന്നു. ജനറൽ ട്രാഫിക് വിഭാഗത്തിന്‍റെ പട്രോളിംഗ് സംഘം കഴിഞ്ഞ ആഴ്‌ചയിൽ 4,291 ട്രാഫിക് അപകടങ്ങൾ കൈകാര്യം ചെയ്തു. ഇതിൽ 239 ഗുരുതരമായ അപകടങ്ങളും 1,233 നിസ്സാര അപകടങ്ങളും ഉൾപ്പെടുന്നു. ലഹരിമരുന്ന് കൈവശം വെച്ച ഒരാളെയും അറസ്റ്റ് ചെയ്തു. ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
Read More - കുടുംബ വിസകള്‍ അനുവദിക്കുന്നതിലെ നിയന്ത്രണം നീക്കുമെന്ന് റിപ്പോര്‍ട്ട്
അതേസമയം കുവൈത്തില്‍ മുൻ വർഷങ്ങളിൽ ഡ്രൈവിംഗ് ലൈസൻസ് നേടിയ പ്രവാസികളുടെ എല്ലാ രേഖകളും പരിശോധിക്കാൻ ആഭ്യന്തര മന്ത്രാലയം നേരത്തെ കര്‍ശന നിർദ്ദേശം നൽകിയിരുന്നു. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും, ആഭ്യന്തര മന്ത്രാലയ ആക്ടിങ് മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹ്മദിന്‍റെ നിര്‍ദ്ദേശപ്രകാരമാണിത്.
Read More - കുവൈത്തിലെ അമേരിക്കന്‍ സൈനിക ക്യാമ്പില്‍ നിന്ന് കണ്ടെയ്‍നറുകള്‍ മോഷ്ടിച്ചു
ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചുള്ള നിയമങ്ങള്‍ ലംഘിച്ച് ലൈസന്‍സ് നേടിയവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും ലൈസന്‍സ് റദ്ദാക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചിരുന്നു. ലൈസൻസ് രജിസ്റ്റര്‍ പ്രകാരം രാജ്യത്ത് ഏകദേശം 14 ലക്ഷം ഡ്രൈവിംഗ് ലൈസൻസുകൾ ആണ് അനുവദിച്ചിട്ടുള്ളത്. അതില്‍ 800,000 ലൈസന്‍സുകള്‍ നേടിയിട്ടുള്ളത് പ്രവാസികളാണ്. ഏകദേശം 22 ലക്ഷം വാഹനങ്ങൾ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ രേഖകൾ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ