പ്രവാസികള്‍ക്ക് കുവൈത്തിന് പുറത്ത് വെച്ച് ജനിച്ച കുട്ടികളെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ അനുവദിക്കും. സമാനമായ തരത്തില്‍ മാനുഷിക പരിഗണന മുന്‍നിര്‍ത്തി മറ്റ് ചില വിഭാഗങ്ങള്‍ക്കും ഫാമിലി വിസ അനുവദിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു
കുവൈത്ത് സിറ്റി: കുവൈത്തില്‍ കുടുംബ വിസകള്‍ അനുവദിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള ചില നിയന്ത്രണങ്ങള്‍ നീക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ചില വിഭാഗങ്ങള്‍ക്ക് മാത്രമായി ഇളവ് അനുവദിക്കുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എല്ലാത്തരം ഫാമിലി വിസകളും അനുവദിക്കുന്നതിന് മാസങ്ങളായി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് രാജ്യത്ത് ഇപ്പോള്‍.
പ്രവാസികള്‍ക്ക് കുവൈത്തിന് പുറത്ത് വെച്ച് ജനിച്ച കുട്ടികളെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ അനുവദിക്കും. സമാനമായ തരത്തില്‍ മാനുഷിക പരിഗണന മുന്‍നിര്‍ത്തി മറ്റ് ചില വിഭാഗങ്ങള്‍ക്കും ഫാമിലി വിസ അനുവദിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും പ്രത്യേക സാഹചര്യങ്ങളിലുള്ളവര്‍ക്ക് ഇതിനോടകം ആഭ്യന്തര മന്ത്രാലയം വിസ അനുവദിച്ചു തുടങ്ങിയതായും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പറയുന്നു.
കുടുംബ വിസയ്ക്കുള്ള മറ്റ് അപേക്ഷകള്‍ അടുത്ത മന്ത്രിസഭാ രൂപീകരണ പ്രഖ്യാപനത്തിന് ശേഷം പരിഗണിക്കുമെന്നും അപ്പോഴേക്ക് വിസാ അനുവദിക്കുന്നതിലെ വിലക്കുകള്‍ പൂര്‍ണമായി എടുത്തുകളയുമെന്നുമാണ് സൂചന. നിലവില്‍ നൂറുകണക്കിന് അപേക്ഷകളാണ് പ്രവാസികള്‍ തങ്ങളുടെ കുടുംബങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരാനായി ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ചിരിക്കുന്നത്.
കുടുംബ വിസ അനുവദിക്കുന്നതിന് താത്കാലികമായി അവസാനിപ്പിച്ചുകൊണ്ട് ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് പുറപ്പെടുവിച്ചത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ആശ്രിതര്‍ക്കുള്ള വിസകള്‍ അനുവദിക്കേണ്ടെന്ന് എല്ലാ ഗവര്‍ണറേറ്റുകളിലെയും താമസകാര്യ വകുപ്പ് ഓഫീസുകള്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ ഡോക്ടര്‍മാര്‍ക്കും യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ഇതില്‍ ഇളവ് അനുവദിക്കുകയും ചെയ്തു. വിസകള്‍ അനുവദിക്കുന്നതിന് പുതിയ സംവിധാനം കൊണ്ടുവരുമെന്നും അതുവരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നായിരുന്നു അന്ന് റിപ്പോര്‍ട്ടുകള്‍.
Read also: ജോലി ചെയ്യുന്ന കമ്പനിയുടെ പണം തട്ടാന്‍ പിടിച്ചുപറി നാടകം; അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍
