കുവൈത്തിൽ വൻ പൗരത്വ തട്ടിപ്പ് പുറത്ത്; ജനിതക പരിശോധന നിർണായകമായി, വ്യാജ സഹോദരന്മാരെ കണ്ടെത്തി

Published : Jul 09, 2026, 05:37 PM IST
kuwait sea

Synopsis

വ്യാജരേഖകൾ സമർപ്പിച്ച് കുവൈത്ത് പൗരത്വം നേടിയ രണ്ട് സഹോദരന്മാരുടെ തട്ടിപ്പ് നാഷണാലിറ്റി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് പുറത്തുകൊണ്ടുവന്നു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലും ഡിഎൻഎ പരിശോധനയിലും ഇവർ സിറിയൻ വംശജരാണെന്ന് തെളിഞ്ഞു. പ്രായപൂർത്തിയായ ശേഷമാണ് ഇവർ ഒരു കുവൈത്ത് പൗരന്റെ മക്കളാണെന്ന വ്യാജേന പൗരത്വ ഫയലിൽ ഇടംപിടിച്ചത്.

കുവൈത്ത് സിറ്റി: രാജ്യത്തെ പൗരത്വ ഫയലുകളിൽ നടന്ന അത്യന്തം സങ്കീർണ്ണമായ ഒരു വ്യാജരേഖ ചമയ്ക്കൽ കേസ് നാഷണാലിറ്റി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് വിജയകരമായി പുറത്തുകൊണ്ടുവന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് 1980ൽ തെറ്റായ രേഖകളും സാക്ഷ്യപത്രങ്ങളും സമർപ്പിച്ച് കുവൈത്ത് പൗരത്വം നേടിയെടുത്ത രണ്ട് സഹോദരന്മാരുടെ തട്ടിപ്പ് പുറത്തായത്. കേസിന്റെ അന്തിമ അന്വേഷണ ഫലങ്ങളും ഡിഎൻഎ പരിശോധനയും പുറത്തുവന്നതോടെയാണ് ഇവർ സമർപ്പിച്ച രേഖകളെല്ലാം വ്യാജമായിരുന്നുവെന്ന് സ്ഥിരീകരിച്ചത്.

കേസിന്റെ വിശദാംശങ്ങൾ പ്രകാരം നിയമപരമായി കുവൈത്ത് പൗരത്വം ലഭിച്ച ഒരു സ്വദേശി തന്റെ മക്കളെ കൃത്യമായി പൗരത്വ ഫയലിൽ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ 1980-ലെ നൂറാം നമ്പർ നിയമം നിലവിൽ വന്നതിന് പിന്നാലെ മുൻപ് രജിസ്റ്റർ ചെയ്യാൻ വിട്ടുപോയ തന്റെ മക്കളാണെന്ന് അവകാശപ്പെട്ട് രണ്ടുപേരെക്കൂടി പൗരത്വ ഫയലിൽ ചേർക്കാൻ ഇയാൾ അപേക്ഷ സമർപ്പിച്ചു. അക്കാലത്ത് ജനിതക പരിശോധനകൾ ഇല്ലാതിരുന്നതിനാൽ, പ്രായം കണക്കാക്കിയുള്ള രേഖകളും ഈ അവകാശവാദം ശരിയാണെന്ന് സാക്ഷ്യപ്പെടുത്താൻ ചില സാക്ഷികളെയും ഇയാൾ ഹാജരാക്കി. ഇത് വിശ്വസിച്ച് അധികൃതർ ഇവർക്ക് പൗരത്വം അനുവദിക്കുകയായിരുന്നു. പൗരത്വം ലഭിക്കുന്ന സമയത്ത് ഇവർക്ക് പ്രായക്കൂടുതലുണ്ടായിരുന്നു. ഒരാൾ 1945-ൽ ജനിച്ച് 35 വയസ്സുള്ള ആളും, മറ്റേയാൾ 1947-ൽ ജനിച്ച് 33 വയസ്സുള്ള ആളുമായിരുന്നു.

എന്നാൽ മാസങ്ങൾക്ക് മുൻപ്, ഇവർ ഇരുവരും കുവൈത്ത് പൗരന്റെ യഥാർത്ഥ മക്കളല്ലെന്നും പൗരത്വം നേടിയത് വ്യാജ രേഖകളിലൂടെയാണെന്നും കാണിച്ച് ചില വിവരങ്ങൾ അധികൃതർക്ക് ലഭിച്ചു. പൗരത്വമില്ലാത്തവരുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സ്റ്റേറ്റ്‌ലെസ് പേഴ്‌സൺസ് കമ്മിറ്റി നടത്തിയ പരിശോധനയിൽ ഈ വിവരം ശരിയാണെന്ന് തെളിഞ്ഞു. സിറിയൻ വംശജനായ പൗരത്വമില്ലാത്ത മറ്റൊരു വ്യക്തിയുടെ രേഖകൾ പരിശോധിച്ചപ്പോഴാണ് പൗരത്വം നേടിയ ഈ രണ്ടുപേരും അയാളുടെ സ്വന്തം സഹോദരന്മാരാണെന്ന് കമ്മിറ്റി കണ്ടെത്തിയത്. തുടക്കത്തിൽ ഇതൊരു പ്രാഥമിക വിവരമായി എടുത്ത നാഷണാലിറ്റി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് പിന്നീട് അതീവ രഹസ്യമായി വിപുലമായ അന്വേഷണം നടത്തുകയായിരുന്നു. തുടർന്ന് ഇവരുടെ രേഖകൾ സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് മുൻപ് രജിസ്റ്റർ ചെയ്യാത്ത മക്കളാണെന്ന വ്യാജേന പ്രായപൂർത്തിയായ ശേഷമാണ് ഇവരെ കുവൈത്ത് പൗരന്റെ ഫയലിലേക്ക് അസ്വാഭാവികമായ രീതിയിൽ ചേർത്തതെന്ന് ബോധ്യപ്പെട്ടത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ കെട്ടിടങ്ങൾക്ക് ഇനി സിസിടിവി നിർബന്ധം; ദൃശ്യങ്ങൾ 120 ദിവസം സൂക്ഷിക്കണമെന്ന് നിബന്ധന
ബിഗ് ടിക്കറ്റ് – 5 മില്യൺ ദിർഹം സമ്മാനം പങ്കിട്ട് അഞ്ച് പേർ; മൂന്നു വിജയികൾ മലയാളികൾ