Latest Videos

വന്‍തോതില്‍ ആല്‍ക്കഹോള്‍ പദാര്‍ത്ഥങ്ങള്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമം; കയ്യോടെ പിടികൂടി റോയല്‍ ഒമാന്‍ പൊലീസ്

By Web TeamFirst Published Apr 8, 2024, 2:59 PM IST
Highlights

ബോട്ടിലുണ്ടായിരുന്ന മൂന്ന് ഏഷ്യക്കാരെയും അറസ്റ്റ് ചെയ്തു.

മസ്‌കറ്റ്: ഒമാനിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍തോതിലുള്ള ആല്‍ക്കഹോള്‍ പദാര്‍ത്ഥങ്ങള്‍ പിടികൂടി റോയല്‍ ഒമാന്‍ പൊലീസ്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. 2,880 കണ്ടെയ്‌നര്‍ ആല്‍ക്കഹോള്‍ പദാര്‍ത്ഥങ്ങളും പിടിച്ചെടുത്തു. മുസന്ദം ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവ പിടികൂടിയത്.

മുസന്ദം ഗവര്‍ണറേറ്റ് പൊലീസിന്റെ നേതൃത്വത്തില്‍ കോസ്റ്റ് ഗാര്‍ഡ് പൊലീസ് 2,880 കണ്ടെയ്‌നര്‍ ആല്‍ക്കഹോള്‍ പദാര്‍ത്ഥങ്ങളുമായെത്തിയ ബോട്ട് പിടിച്ചെടുത്തതായി റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. ബോട്ടിലുണ്ടായിരുന്ന മൂന്ന് ഏഷ്യക്കാരെയും അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.  

Read Also - അപകട വിവരം ആരും അറിഞ്ഞില്ല, ആശുപത്രിയിലെത്തിക്കാൻ വൈകി; മലയാളി കുടുംബം അപകടത്തിൽപ്പെട്ടത് യാത്രക്കിടെ

തൊഴിൽ നിയമ ലംഘനം; ഒമാനിൽ പിടിയിലായത് 129 പ്രവാസികൾ

മസ്കറ്റ്: ഒമാനിൽ തൊഴിൽ നിയമം ലംഘിച്ചതിന് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 129 വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. അൽ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധനകൾ നടന്നത്.

വിദേശികളുടെ തൊഴിൽ നിയമങ്ങളും താമസ കുടിയേറ്റ നടപടിക്രമങ്ങളും ലംഘിച്ചതിന് ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 88 പേരെ വടക്കൻ ശർഖിയ ഗവര്‍ണറേറ്റിൽ നിന്നും തെക്കൻ ശർഖിയ ഗവര്ണറേറ്റിൽ നിന്ന് 41 പേരയുമാണ് സ്‌പെഷ്യൽ ടാസ്‌ക് പൊലീസ് യൂണിറ്റിൻറെ സഹകരണത്തോട് കൂടി റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായവർക്കെതിരെയുള്ള  നിയമ നടപടികൾ പൂർത്തിയാക്കി കഴിഞ്ഞുവെന്നും റോയൽ ഒമാൻ പൊലീസിന്റെ അറിയിപ്പിൽ പറയുന്നു.

ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രവാസികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ ചൂതാട്ടം നടത്തിയതുമായി ബന്ധപ്പെട്ടാണ് 19 പ്രവാസികളെ അറസ്റ്റ് ചെയ്തത്.

ഏഷ്യന്‍ വംശജരായ പ്രതികളെ അല്‍ കാമില്‍ അല്‍ വാഫി വിലായത്തില്‍ നിന്ന് തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് ആണ് പ്രതികളെ പിടികൂടിയത്. ഇവര്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!