ബഹ്റൈനില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം; 28 പേരെ രക്ഷപ്പെടുത്തി

By Web TeamFirst Published Nov 11, 2022, 8:47 AM IST
Highlights

നിരവധി നിലകളിലേക്ക് തീ പടര്‍ന്നെങ്കിലും വിജയകരമായി നിയന്ത്രണവിധേയമാക്കി.

മനാമ: ബഹ്റൈനില്‍ നിര്‍മ്മാണത്തിലിരുന്ന ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 28 പേരെ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ ഹൂറയിലാണ് തീപിടിത്തമുണ്ടായത്. തീ പടര്‍ന്നു പിടിച്ചതോടെ സിവില്‍ ഡിഫന്‍സ് സംഘം കെട്ടിടത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ കെട്ടിടത്തിന് സമീപത്തുള്ള ഹോട്ടലുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. 

രാവിലെ 9.30യ്ക്കാണ് തീപിടിത്തമുണ്ടായത്.വിവരം ലഭിച്ച ഉടന്‍  11 ഫയര്‍ എഞ്ചിനുകളും മറ്റ് അടിയന്തര സേവനത്തിനുള്ള വാഹനങ്ങളും സ്ഥലത്ത് വിന്യസിച്ചു. നിരവധി നിലകളിലേക്ക് തീ പടര്‍ന്നെങ്കിലും വിജയകരമായി നിയന്ത്രണവിധേയമാക്കി. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ 13 പേരെ ക്രെയിന്‍ ഉപയോഗിച്ചും 15 പേരെ പ്രവേശനസ്ഥലത്ത് കൂടിയും രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. 

മൂന്നുപേര്‍ക്ക് കാലിന് പരിക്കേറ്റിട്ടുണ്ട്. കെട്ടിടത്തില്‍ നിന്ന് പുക ഉയര്‍ന്നതോടെ അടുത്തുള്ള ഹോട്ടലുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Read More -  മലയാളി യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു

നിര്‍മ്മാണത്തിലിരുന്ന വീടുകളില്‍ നിന്ന് ഇലക്ട്രിക് വയറുകള്‍ മോഷ്ടിച്ച പ്രവാസി അറസ്റ്റില്‍

മനാമ: ബഹ്റൈനില്‍ ഇലക്ട്രിക്കല്‍ വയറുകളും നിര്‍മ്മാണ സാമഗ്രികളും മോഷ്ടിച്ച പ്രവാസി അറസ്റ്റില്‍. നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളിലാണ് മോഷണം നടന്നത്. വടക്കന്‍ ഗവര്‍ണറേറ്റിലാണ് സംഭവം.

ശക്തമായ അന്വേഷണത്തിനൊടുവില്‍ 32കാരനായ പ്രതിയെ പിടികൂടുകയായിരുന്നു. ഏഷ്യക്കാരനാണ് ഇയാള്‍. മോഷണം സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നെന്നും നിയമ നടപടികള്‍ സ്വീകരിച്ചതായും വടക്കന്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് വെളിപ്പെടുത്തി.

Read More -  വ്യാജ കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ പ്രവാസി വനിതയ്ക്ക് നാല് വര്‍ഷം തടവ്

കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കഴിഞ്ഞ ആഴ്ച മുഹറഖിലും സമാന രീതിയില്‍ കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈസ്റ്റ് ഹിദ്ദിലെ നിര്‍മ്മാണം പുരോഗമിക്കുന്ന വീടുകളില്‍ നിന്ന് ഇലക്ട്രിക് വയറുകളും കെട്ടിട നിര്‍മ്മാണ സാമഗ്രികളും മോഷ്ടിച്ച അഞ്ച് ഏഷ്യക്കാര്‍ പിടിയിലായിരുന്നു. 

click me!