ദുബായ് സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ കിയോസ്കുകളില്‍ ഇനി മലയാളവും

By Web TeamFirst Published Feb 17, 2019, 10:44 AM IST
Highlights

ദുബായ് സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ജുമൈറയിലെ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചിരുന്നു. ലോകത്തിലെ തന്നെ ആദ്യത്തെ സമ്പൂര്‍ണ്ണ സ്മാര്‍ട്ട് ഡിജിറ്റല്‍ പൊലീസ് സ്റ്റേഷനാണ് ജുമൈറയിലേത്.

ദുബായ്: ദുബായ് ജുമൈറ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനിലെ കിയോസ്‍കുകളില്‍ ഇനി മലയാള ഭാഷയിലും സേവനങ്ങള്‍ ലഭ്യമാവും. ദുബായ് സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ജുമൈറയിലെ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചിരുന്നു. ലോകത്തിലെ തന്നെ ആദ്യത്തെ സമ്പൂര്‍ണ്ണ സ്മാര്‍ട്ട് ഡിജിറ്റല്‍ പൊലീസ് സ്റ്റേഷനാണ് ജുമൈറയിലേത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
ദുബായ് ജുമൈറയിലെ സ്മാർട്ട് പോലീസ് സ്റ്റേഷനിലെ കിയോസ്കുകളിൽ മലയാളം ഭാഷ ഉൾപ്പെടുത്താൻ ദുബായ് പൊലീസ് തീരുമാനിച്ചു. ഇതോടെ സ്മാർട്ട് സ്റ്റേഷനിലെ കിയോസ്കിലെ ആദ്യത്തെ ഇന്ത്യൻ ഭാഷയാവുകയാണ് മലയാളം. ദുബായ് ജുമൈറയിലെ സ്മാർട്ട് പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.

പൊലീസ് സേവനങ്ങൾക്ക് വേണ്ടിയുള്ള ലോകത്തിലെതന്നെ ആദ്യത്തെ സമ്പൂർണ്ണ സ്മാർട്ട് ഡിജിറ്റൽ പോലീസ് സ്റ്റേഷൻ ആണ് ദുബായ് ജുമൈരയിലെത്. സ്മാര്‍ട്ട്‌ പോലീസ് സ്റ്റേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ ദുബായ് പോലീസ് ഉദ്യോഗസ്ഥര്‍ വിവരിച്ചു. സ്റ്റേഷനിലെ ഈ സേവനങ്ങള്‍ മാതൃകാപരമാണ്. മനുഷ്യ സാന്നിധ്യമില്ലാതെ പൂർണ്ണമായും ഓട്ടോമേഷൻ സംവിധാനത്തിലാണ് ഈ സ്മാര്‍ട്ട്‌ പോലീസ് സ്റ്റേഷന്‍ ഒരുക്കിയിരിക്കുന്നത്. ദുബായ് പോലീസുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇവിടെ ലഭിക്കും. പോലീസ് കൺട്രോൾ റൂമിൽ പരാതികൾ ബോധിപ്പിക്കാനും ഏത് പോലീസ് ഉദ്യോഗസ്ഥനുമായി സംസാരിക്കാനും തീർപ്പു കല്പിക്കാനും സ്മാർട്ട് പോലീസ് സ്റ്റേഷൻ മുഖേന സാധിക്കും.

ഒരു ഫൈവ് സ്റ്റാർ ഹോട്ടലിന്റെ സംവിധാനങ്ങളോടെയാണ് ഈ പോലീസ് സ്റ്റേഷൻ ഒരുക്കിയിരിക്കുന്നത്. ഇവിടെ എത്തുന്നവർക്ക് സിനിമ കാണാനും ട്രെഡ് മില്ലില്‍ പരിശീലനം നടത്താനും സൗജന്യമായി ചായകുടിക്കാനും അധികൃതർ സൗകര്യമൊരുക്കിയിട്ടുണ്ട്. യുഎഇയിലെ താമസക്കാർക്ക് മാത്രമല്ല, ഈ രാജ്യത്ത് എത്തുന്ന ടൂറിസ്റ്റുകൾക്ക് പരാതി നൽകാനും ഇവിടെ സംവിധാനമുണ്ട്.

ദുബായ് പോലീസ് കമാൻഡർ ഇൻ ചീഫ്. മേജർ ജനറൽ അബ്ദുള്ള ഖലിഫ ഒബൈദ് അൽ മാരിയുടെ ക്ഷണപ്രകാരമായിരുന്നു സ്മാർട്ട് പോലീസ് സ്റ്റേഷൻ സന്ദർശനം. അദ്ദേഹത്തോടൊപ്പം ദുബായ് പോലീസ് ബ്രിഗേഡിയര്‍ അബ്ദുള്ള ഖാദിം, കേണല്‍ ഹുസൈന്‍ ബിന്‍ ഖലിറ്റ , മേജര്‍ അഹമ്മദ് ബിന്‍ ഫഹദ് എന്നിവരും ചേർന്ന് സ്വീകരിച്ചു. നോർക്ക വൈസ് ചെയർമാൻ എംഎ യൂസഫലി, മാധ്യമ ഉപദേഷ്ടാവ് ജോൺബ്രിട്ടാസ് എന്നിവരും കൂടെയുണ്ടായി.

click me!