
റിയാദ്: ജിദ്ദയിലും നാട്ടിലും ബിസിനസുകാരനായ മലപ്പുറം കാളികാവ് അഞ്ചച്ചവിടി സ്വദേശി ഹംസ കണ്ടപ്പൻ (സീക്കോ ഹംസ - 66) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. നേരത്തെ ഒരാഴ്ച ജിദ്ദ സുലൈമാൻ ഫഖീഹ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. പിന്നീട് തുടർചികിത്സക്കായി പ്രത്യേകം എയർ ആംബുലൻസ് മുഖേന കഴിഞ്ഞ ആഴ്ച ജിദ്ദയിൽ നിന്നും കൊച്ചിയിലെത്തിച്ച് ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതിനിടക്ക് ഇന്ന് ഉച്ചയോടെയായിരുന്നു ഇദ്ദേഹത്തിന്റെ മരണം.
46 വർഷം മുമ്പ് ജിദ്ദയിലെത്തി സീക്കോ വാച്ച് കമ്പനിയില്‍ ജോലി തുടങ്ങിയ അദ്ദേഹം പിന്നീട് വ്യാപാര രംഗത്തേക്ക് തിരിയുകയായിരുന്നു. ജിദ്ദയിലെ ശിഫാ ബവാദി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ആയിരുന്നു. നാട്ടിലും സൗദിയിലുമായി നിരവധി വ്യവസായ സംരംഭങ്ങൾ ഇദ്ദേഹത്തിന്റേതായുണ്ട്. ജീവകാരുണ്യ, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തും സജീവസാന്നിധ്യമായിരുന്ന സീക്കോ ഹംസ ജിദ്ദ നിലമ്പൂർ മണ്ഡലം കെ.എം.സി.സി ചെയർമാനും ജിദ്ദയിലെ നിലമ്പൂർ നഗരസഭ പരിധിക്ക് കീഴിലുള്ള വിവിധ സംഘടനകളുടെ കൂട്ടായ്മയായ 'നിയോ'യുടെ മുഖ്യ രക്ഷാധികാരിയുമായിരുന്നു. ഇന്ന് വൈകീട്ട് നിലമ്പൂർ മുക്കട്ട റെയിൽവേ സ്‌റ്റേഷന് അടുത്തുള്ള ഇദ്ദേഹത്തിന്റെ വസതിയിൽ എത്തിക്കുന്ന മൃതദേഹം ബുധനാഴ്ച രാവിലെ ഒമ്പതിന് ജന്മദേശമായ കാളികാവ് അഞ്ചച്ചവടി പള്ളിശേരി ജുമാമസ്ജിദ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Read also: കുവൈത്തില്‍ ഒരു മാസം മുമ്പ് കാണാതായിരുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ