
റിയാദ്: വഴിയിൽ കേടായി നിന്ന വാഹനം പരിശോധിക്കാൻ പുറത്തിറങ്ങിയ മലയാളി സൗദി അറേബ്യയില്‍ കാറിടിച്ച് മരിച്ചു. റിയാദ് എക്സിറ്റ് 18-ൽ ചൊവ്വാഴ്ച രാത്രി 9.30-ഓടെയുണ്ടായ സംഭവത്തിൽ കൊല്ലം പത്തനാപുരം കുന്നിക്കോട് വിളക്കുടി ആവണീശ്വരം സ്വദേശി നിയാസ് മൻസിലിൽ സുലൈമാൻ കുഞ്ഞ് (61) ആണ് മരിച്ചത്.
ട്രാൻസ്‍പോർട്ടിങ് ജോലി ചെയ്യുന്ന ഇദ്ദേഹം കോൾഡ് സ്റ്റോറേജ് സൗകര്യമുള്ള മിനിട്രക്കാണ് ഓടിച്ചിരുന്നത്. ഇതുമായി സഞ്ചരിക്കുമ്പോൾ എന്തോ തകരാർ സംഭവിച്ച് വാഹനം വഴിയിൽനിന്നുപോയി. എന്താണ് സംഭവിച്ചതെന്ന് അറിയാൻ പുറത്തിറങ്ങി വാഹനം പരിശോധിക്കുന്നതിനിടെ പിന്നിൽ നിന്നെത്തിയ കാർ ഇടിച്ചായിരുന്നു അപകടം. സംഭവസ്ഥലത്ത് തന്നെ മരിച്ചു. പിന്നീട് പൊലീസെത്തി ശുമൈസി കിങ് സഊദ് ആശുപത്രിയിലേക്ക് മാറ്റി.
30 വർഷമായി റിയാദിൽ പ്രവാസിയായ സുലൈമാൻ കുഞ്ഞ് മൂന്ന് മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. പരേതനായ മൈതീൻ കുഞ്ഞ് ആണ് പിതാവ്. ഉമ്മ - മുത്തുബീവി, ഭാര്യ - ജമീല ബീവി, മക്കൾ - നിയാസ്, നാസില, പരേതനായ നാസ്‍മിദ്. മരുമകന്‍: ഷറഫുദ്ദീന്‍. സഹോദരങ്ങള്‍ - അബ്‍ദുല്‍ അസീസ് (പരേതന്‍), അബ്‍ദുല്‍ കലാം, സൗദാ ബീവി (പരേത), അബ്‍ദുല്‍ മജീദ്, ഷാഹിദ, നസീമ, നൗഷാദ്, ഫാത്തിഷ.
മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കുന്നതിന് സഹോദര പുത്രൻ നവാസിനെ സഹായിക്കാൻ കെ.എം.സി.സി ജീവകാരുണ്യ വിഭാഗം ചെയർമാൻ സിദ്ദീഖ് തുവ്വൂരും കൺവീനർ മെഹബൂബ് കണ്ണൂരും രംഗത്തുണ്ട്.
Read also: വാഹനം ഓടിക്കുന്നതിനിടെ സിഗ്നലില്‍ വെച്ച് ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ