
പത്തനംതിട്ട കടമ്പനാട് സ്വദേശിയായ സജീവുദീൻ ദമ്മാമിൽ ഒരു സൗദി പൗരന്റെ വീട്ടിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. രണ്ടരമാസം മുൻപ് രക്തസമ്മർദ്ദം കൂടുതലായതോടെ തലയ്ക്കുള്ളിൽ രക്തസ്രാവം ഉണ്ടായി മസ്തിഷ്ക്കാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് സജീവുദീൻ ജോലിസ്ഥലത്തു ബോധം കെട്ട് വീഴുകയായിരുന്നു. സ്‍പോൺസർ ഉടന്‍ തന്നെ സജീവുദീനെ ദമ്മാം സെന്‍ട്രൽ ആശുപത്രിയിൽ എത്തിച്ചു. രോഗത്തിന്റെ ഗുരുതരാവസ്ഥ കാരണം ഐ.സി.യുവിൽ പ്രവേശിപ്പിച്ച് വെന്റിലേറ്ററിൽ ആക്കുകയായിരുന്നു.
ചികിത്സയിൽ കാര്യമായ പുരോഗതി ഇല്ലാത്തതിനാൽ പിന്നീട് ദഹറാൻ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അവിടെ രണ്ടുമാസത്തോളം അബോധാവസ്ഥയിലായിരുന്നു. ലിൻസി തോമസ്, ഷീബ എന്നീ നഴ്‍സുമാരായിരുന്നു ഈ കാലയളവിൽ സജീവുദീനെ ശിശ്രുഷിച്ചത്. സമാനതകളില്ലാത്ത സ്‍നേഹവും, കരുതലുമാണ് അവർ സജീവുദീന് നൽകിയത്. സജീവുദീന്റെ ബന്ധുവും നവയുഗം മെമ്പറുമായ നിസാർ കടമ്പനാടും തുണയായി ഒപ്പമുണ്ടായിരുന്നു. ക്രമേണ അപകടനില തരണം ചെയ്‍ത സജീവുദീനെ ഐ.സി.യുവിൽ നിന്നും തിരികെ വാർഡിലേക്ക് മാറ്റി.
നാട്ടിൽ നിന്നും സജീവുദീന്റെ നാട്ടുകാരനായ ജോസ് ആണ് സജീവുദീന്റെ അവസ്ഥയെപ്പറ്റി നവയുഗം സാംസ്‍കാരികവേദി ജനറൽ സെക്രട്ടറി എം.എ വാഹിദ് കാര്യറയെ അറിയിച്ചത്. തുടർന്ന് വാഹിദും നവയുഗം ജീവകാരുണ്യവിഭാഗം കൺവീനർ ഷിബുകുമാറും ആശുപത്രിയിലെത്തി സജീവുദീനെ സന്ദർശിക്കുകയും, ഡോക്ടർമാരുമായും, ആശുപത്രി അധികൃതരുമായും സംസാരിയ്ക്കുകയും ചെയ്തു.
Read more: പ്രവാസികളുടെ വിസ പുതുക്കുന്നതിനുള്ള കുറഞ്ഞ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും
അപകടനില തരണം ചെയ്ത ശേഷം സജീവുദീനെ നാട്ടിലേയ്ക്ക് കൊണ്ട് പോയി ചികിത്സിയ്ക്കുന്ന പക്ഷം, കുടുംബത്തിന്റെ പരിചരണം കിട്ടിയാൽ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടാകാൻ കൂടുതൽ സാധ്യത ഉണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ആശുപത്രി ബില്ലുകളും, കിടപ്പ് രോഗിയെ നാട്ടിലേയ്ക്ക് അയയ്ക്കാനുള്ള ചിലവുകൾക്കും കൂടി വലിയൊരു തുക വേണമായിരുന്നു. സജീവുദീന്റെ കുടുംബവും, സൗദിയിലെ സ്‍പോൺസറും സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയിൽ ആയിരുന്നില്ല.
നവയുഗത്തിന്റെ നിർദ്ദേശപ്രകാരം സജീവുദീന്റെ കുടുംബം ഈ വിവരം കാണിച്ചു ഇന്ത്യൻ എംബസിക്കും, കേന്ദ്ര വിദേശകാര്യ വകുപ്പിനും അപേക്ഷ നൽകിയെങ്കിലും, സാമ്പത്തികമായ ഒരു സഹായവും കിട്ടിയില്ല. വാഹിദും, നിസാർ കടമ്പനാടും കൂടി സജീവുദീന്റെ സ്‌പോൺസറെ കണ്ടു സംസാരിച്ചു. സാമ്പത്തികമായി വലിയ സഹായമൊന്നും ചെയ്യാൻ കഴിവില്ലായിരുന്ന സ്‍പോൺസർ, ഫൈനൽ എക്സിറ്റ് അടക്കമുള്ള എല്ലാ നിയമനടപടികളും ചെയ്തു കൊടുക്കാമെന്നു മാത്രം സമ്മതിച്ചു. എം.പി ബിനോയ് വിശ്വവും സിപിഐ ജില്ലാ നേതാക്കളായ എ.പി ജയൻ, ജലാൽ എന്നിവരും നവയുഗത്തെ ബന്ധപ്പെട്ട് വിഷയത്തിൽ ഇടപെടാൻ അഭ്യർത്ഥിച്ചു. തുടർന്ന് സജീവുദീനെ നാട്ടിലേയ്ക്ക് അയയ്ക്കാനുള്ള പണം കണ്ടെത്താനുള്ള ഉത്തരവാദിത്വം നവയുഗം ജീവകാരുണ്യവിഭാഗം ഏറ്റെടുത്തു.
എം.എ വാഹിദ് കാര്യറ, നവയുഗം ഉപദേശകസമിതി ചെയർമാൻ ജമാൽ വില്യാപ്പള്ളിയുടെ സഹായത്തോടെ നടത്തിയ പരിശ്രമങ്ങളുടെ ഫലമായി ഇറാം കമ്പനി മാനേജ്‌മെന്റും, നാസർ അൽ ഹാജരി കമ്പനി മേധാവി ടി.സി.ഷാജിയും ധനസഹായം നൽകുകയുണ്ടായി. ആശുപത്രി ബില്ലുകളും അടച്ച്, ടിക്കറ്റും, കൂടെ പോകാനുള്ള നഴ്‌സും അടക്കമുള്ള സംവിധാനങ്ങളും തയ്യാറാക്കിയതോടെ സജീവുദീനെ നാട്ടിലേയ്ക്ക് അയയ്ക്കാനുള്ള വഴിയൊരുങ്ങി.
ഈ പ്രവർത്തങ്ങൾക്ക് നവയുഗം കേന്ദ്രനേതാക്കളായ അരുൺ ചാത്തന്നൂർ, സാജൻ, ദാസൻ രാഘവൻ എന്നിവർ സഹായത്തിന് ഉണ്ടായിരുന്നു. ദാർ അൽസിഹ ആശുപത്രി, സജീവുദീനെ ആശുപത്രിയിൽ നിന്നും എയർപോർട്ടിലെയ്ക്ക് കൊണ്ടുപോകാൻ സൗജന്യമായി ആംബുലൻസ് നൽകി സഹായിച്ചു. ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ സജീവുദീനെ നാട്ടിലേയ്ക്ക് കൊണ്ടുപോയി. വീട്ടിൽ എത്തിയ അദ്ദേഹത്തെ തുടർചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ