ജിദ്ദ വിമാനത്താവളത്തിൽ കസ്റ്റഡിയിലായ മലയാളി നഴ്സ് മോചിതയായി; പിടികൂടിയത് നിരോധിത മരുന്ന് കൈവശം വെച്ചെന്ന സംശയത്തിൽ

Published : Oct 18, 2026, 10:44 AM IST
malayali nurse

Synopsis

ജിദ്ദ വിമാനത്താവളത്തിൽ കസ്റ്റഡിയിലായ മലയാളി നഴ്സ് മോചിതയായി. നിരോധിത മരുന്ന് കൈവശം വെച്ചെന്ന സംശയത്തെ തുടർന്നാണ് ജിദ്ദ വിമാനത്താവളത്തിൽ യുവതിയെ കസ്റ്റഡിയിലെടുത്തത്. എന്നാൽ വിശദമായ അന്വേഷണത്തിൽ ഇവർ നിരപരാധിയാണെന്ന് വ്യക്തമായതോടെ അധികൃതർ ഇവരെ മോചിപ്പിച്ചു.

റിയാദ്: സൗദി അറേബ്യയിൽ നിരോധിത മരുന്ന് കൈവശം വെച്ചെന്ന സംശയത്തെ തുടർന്ന് ജിദ്ദ വിമാനത്താവളത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത വയനാട് സ്വദേശിനിയായ നഴ്സ് ഫിലോമിന (32) മോചിതയായി. വിശദമായ അന്വേഷണത്തിൽ ഇവർ നിരപരാധിയാണെന്ന് വ്യക്തമായതിനെ തുടർന്നാണ് അധികൃതർ മോചനം സാധ്യമാക്കിയത്.

വയനാട് സുൽത്താൻ ബത്തേരിക്കടുത്ത് നീലഗിരി ജില്ലാ അതിർത്തിയിലെ അയ്യങ്കൊല്ലി ആനന്ദ് നിവാസ് രവി-ശെൽവി ദമ്പതികളുടെ മകളായ ഫിലോമിന, കഴിഞ്ഞ മൂന്ന് വർഷമായി റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തുവരികയാണ്. വാർഷികാവധി കഴിഞ്ഞ് ഈ മാസം പത്തിന് ബംഗളൂരുവിൽ നിന്നുള്ള വിമാനത്തിലാണ് അവർ ജിദ്ദ വഴി റിയാദിലേക്ക് മടങ്ങിയത്.

ജിദ്ദയിൽ വിമാനമിറങ്ങിയ ഉടൻ, വിമാനത്താവളത്തിൽ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ലഗേജ് കൊണ്ടുപോയെന്നും ഫോൺ ആവശ്യപ്പെട്ടതായും കാണിച്ച് ഫിലോമിന തന്റെ പിതാവ് രവിക്കും ഭർത്താവ് ജോണിനും ശബ്ദസന്ദേശം അയച്ചിരുന്നു. ഇതിനുശേഷം ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതെ വന്നതോടെ കുടുംബം വലിയ ആശങ്കയിലാകുകയും തിരോധാനത്തിൽ പരാതിപ്പെടുകയും ചെയ്യുകയായിരുന്നു.

തുടർന്ന് റിയാദിലെ ആശുപത്രി അധികൃതരുമായും സഹപ്രവർത്തകരുമായും ബന്ധപ്പെട്ടെങ്കിലും ഫിലോമിന ജോലിസ്ഥലത്ത് എത്തിയിട്ടില്ലെന്ന് വ്യക്തമായി. ഇതിനെ തുടർന്ന് കുടുംബം നിയമസഹായം തേടുകയായിരുന്നു. റിയാദ് ഇന്ത്യൻ എംബസിയുടെയും ജിദ്ദ കോൺസുലേറ്റിന്റെയും സാമൂഹ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ നടത്തിയ സജീവമായ അന്വേഷണത്തിലാണ് ഫിലോമിന ജിദ്ദ പൊലീസിന്‍റെ കസ്റ്റഡിയിലാണെന്ന വിവരം പുറത്തുവന്നത്.

രാജ്യത്ത് കർശന നിയന്ത്രണമുള്ള മരുന്ന് കൈവശമുണ്ടായതിനെ തുടർന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് കൈമാറുകയും ചെയ്തിരുന്നത്. എന്നാൽ തുടർന്നുള്ള വിശദമായ അന്വേഷണത്തിലും പരിശോധനകളിലും ഫിലോമിനക്കെതിരെയുള്ള സംശയങ്ങൾ ദുരീകരിക്കപ്പെടുകയും, ഇവർക്ക് യാതൊരു വിധത്തിലുള്ള ദുരുദ്ദേശവുമില്ലെന്ന് ബോധ്യപ്പെടുകയും ചെയ്തതോടെ അധികൃതർ മോചനം അനുവദിക്കുകയായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദി അറേബ്യൻ ഹെലികോപ്റ്റർ നജ്‌റാനിൽ തകർന്നുവീണ് രണ്ട് ജീവനക്കാർ മരിച്ചു; അപകടകാരണം സാങ്കേതിക തകരാറെന്ന് സഖ്യസേന
വെസ്റ്റ് ബാങ്കിൽ യൂറോപ്യൻ നയതന്ത്രജ്ഞർക്ക് നേരെ ആക്രമണവുമായി ഇസ്രയേൽ കുടിയേറ്റക്കാർ