തൊഴില്‍ തട്ടിപ്പിനിരയായി യുഎഇയിലും ഒമാനിലും ദുരിത ജീവിതം താണ്ടിയ മലയാളി വീട്ടമ്മ നാട്ടിലേക്ക് മടങ്ങി

By Jojy JamesFirst Published Oct 31, 2022, 1:52 PM IST
Highlights

രണ്ടു മാസത്തോളം അജ്മാനിലെ ഒരു മുറിയിൽ പുറം ലോകം കാണിക്കാതെ അടച്ചിട്ടു. ജോലി തരാത്തതെന്തെന്ന് ചോദിക്കുമ്പോൾ ഭീഷണിയും പരിഹാസവും.

ദുബൈ: ഗൾഫ് പ്രവാസം തുടങ്ങിയ കാലം മുതൽ തന്നെയുണ്ട് അതിന്റെ പേരിലുള്ള തൊഴിൽതട്ടിപ്പുകളും. സാധാരണക്കാരായ സ്ത്രീകളെ വീട്ടുജോലിക്കെന്ന പേരിൽ വിസിറ്റ് വീസയിൽ കൊണ്ട് വന്ന് തൊഴിലെടുപ്പിക്കുന്ന ഒരു വൻ റാക്കറ്റ് തന്നെ കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. കൃത്യമായി ശമ്പളമോ, അടിസ്ഥാന സൗകര്യങ്ങളോ നൽകാതെയാണ് ഈ തൊഴിൽ ചൂഷണം. ഇത്തരത്തിൽ ഒരു തട്ടിപ്പ് സംഘത്തിൽ നിന്ന് രക്ഷപെട്ട് വന്ന കൊല്ലം സ്വദേശിനിക്ക് പറയാന്‍ ഏറെയുണ്ട്.

 പ്രമുഖ ദിനപ്പത്രത്തിലെ പരസ്യം കണ്ടാണ് ഗൾഫില്‍ വീട്ടുജോലിക്കായി സീന എന്ന ഏജന്റിനെ സമീപിക്കുന്നത്.  കഷ്ടപ്പാടുകൾ കേട്ട ഏജന്റെ ജോലി നൽകാമെന്ന് സമ്മതിച്ചു. അങ്ങനെ ഒരു വര്‍ഷം മുമ്പ് വീട്ടുജോലിക്കായി ഏജന്റ് യുഎഇയിലേക്ക് കൊണ്ടുവന്നു. സന്ദര്‍ശക വീസയിലാണ് യുഎഇയിലെത്തിയത്. രണ്ടു മാസത്തോളം അജ്മാനിലെ ഒരു മുറിയിൽ പുറം ലോകം കാണിക്കാതെ അടച്ചിട്ടു. ജോലി തരാത്തതെന്തെന്ന് ചോദിക്കുമ്പോൾ ഭീഷണിയും പരിഹാസവും.

ഒടുവിൽ കഴിഞ്ഞ ഡിസംബറിൽ കൊല്ലം സ്വദേശിനിയെയും മറ്റ് രണ്ട് പേരെയും ഏജന്റ് അജ്മാനില്‍ നിന്ന് ഒമാനിലെക്ക് കൊണ്ട് പോയി. വിമാനത്താവളത്തിൽ നിന്ന് നേരെ ഒരു വീട്ടിലേക്ക്. മൂന്നു മാസം കഴിഞ്ഞിട്ടും വീസയടിക്കാത്തത് എന്താണെന്ന് ചോദിച്ചതോടെ വീട്ടുടമ പാസ്‍പോര്‍ട്ട് പിടിച്ചു വാങ്ങി. ജോലിയിൽ തുടരാനാകില്ല എന്ന് അറിയിച്ചതോടെ മുറിയിൽ പൂട്ടിയിട്ടു. മൊബൈൽ പിടിച്ചു വാങ്ങി.
എന്നാല്‍ എതിര്‍പ്പിനെ തുടര്‍ന്ന് വീട്ടുടമ ഇവരെ തിരികെ ഒമാനിലെ ഏജന്റിന്റെ പക്കലേക്ക് തിരിച്ചയച്ചു. നാട്ടിലേക്ക് അയക്കണമെന്ന് നിലപാടെടുത്തതോടെ വലിയ തുക നഷ്ടപരിഹാരമായി നൽകിയാൽ മാത്രമേ തിരികെ നാട്ടിലേക്ക് അയക്കൂ എന്നായി ഏജന്റ്. 

മസ്കത്തിലെ ഏജൻസി ഓഫീസിൽ തടവിലെന്ന പോലെയയായിരുന്നു കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇവരുടെ ജീവിതം. ഒടുവിൽ ഏജന്റിന്റെ ഓഫീസിൽ നിന്ന് ഒളിച്ചോടി സാമൂഹിക പ്രവര്‍ത്തകരുടെ അടുത്തെത്തി. തുടര്‍ന്ന് ഇന്ത്യൻ എംബസിയിലും.
 എംബസി നൽകിയ എമര്‍ജന്‍സ് സര്‍ട്ടഫിക്കറ്റ് ഉപയോഗിച്ച് കഴിഞ്ഞ ദിവസം നാട്ടിലേക്ക് വിമാനം കയറുകയും ചെയ്‍തു. വീട്ടുജോലിക്കായെന്ന പേരിൽ നൂറു കണക്കിന് ആളുകളെയാണ് ഏജന്റുമാര്‍ കബളപ്പിച്ച് ഗൾഫ് രാജ്യങ്ങളിലേക്കെത്തിക്കുന്നത്. സന്ദര്‍ശക വീസ തൊഴിൽ വീസയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പലപ്പോഴും ഇത്തരത്തിൽ തട്ടിപ്പുകൾ നടക്കുന്നത്.

click me!