വയറ്റില്‍ ഹെറോയിന്‍ ഒളിപ്പിച്ച പ്രവാസിക്ക് 15 വര്‍ഷം തടവുശിക്ഷ; അമ്മയുടെ ചികിത്സയ്ക്ക് വേണ്ടിയെന്ന് യുവാവ്

By Web TeamFirst Published Dec 1, 2022, 12:59 PM IST
Highlights

അസുഖബാധിതയായ അമ്മയുടെ ചികിത്സയ്ക്കായുള്ള പണത്തിന് വേണ്ടിയാണ് ലഹരിമരുന്ന് കടത്തിയതെന്ന് യുവാവ് പറഞ്ഞു.

മനാമ: ബഹ്‌റൈനില്‍ വയറ്റിലൊളിപ്പിച്ച് ലഹരിമരുന്ന് കടത്തിയ കേസില്‍ പ്രവാസിക്ക് 15 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ച് കോടതി. ഹെറോയിന്‍ അടങ്ങിയ 74 ക്യാപ്‌സ്യൂളുകളാണ് 23കാരനായ പാകിസ്ഥാനി കടത്താന്‍ ശ്രമിച്ചത്. ലഹരി കടത്തിനിടെ വിമാനത്താവളത്തില്‍ വെച്ച് ഇയാള്‍ പിടിയിലാകുകയായിരുന്നു.

അസുഖബാധിതയായ അമ്മയുടെ ചികിത്സയ്ക്കായുള്ള പണത്തിന് വേണ്ടിയാണ് ലഹരിമരുന്ന് കടത്തിയതെന്ന് യുവാവ് പറഞ്ഞു. ഹൈ ക്രിമിനല്‍ കോടതിയാണ് പാകിസ്ഥാനി യുവാവിന് ശിക്ഷ വിധിച്ചത്. 100,000 ദിനാര്‍ വിപണി വിലയുള്ള ലഹരിമരുന്ന് ബഹ്‌റൈനില്‍ എത്തിക്കുന്നതിന് പകരമായി 1,000 ദിനാര്‍ ഒരു പാകിസ്ഥാനി നല്‍കിയതായി യുവാവ് വെളിപ്പെടുത്തി. അമ്മയുടെ അസുഖം മൂര്‍ച്ഛിച്ചെന്നും ഇതിന് പണം തേടിയാണ് ലഹരിമരുന്ന് കടത്താന്‍ തയ്യാറായതെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. യുവാവിനെതിരായ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. 

ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയിരുന്നു. എന്തെങ്കിലും വസ്തുക്കള്‍ വെളിപ്പെടുത്താനുണ്ടോയെന്ന് യുവാവിനോട് ചോദിച്ചപ്പോള്‍ ഇല്ലെന്ന് ഇയാള്‍ മറുപടി നല്‍കിയതായി ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന്‍ കോടതിയില്‍ പറഞ്ഞു. ഇയാളുടെ സാധനങ്ങള്‍ പരിശോധിക്കുകയും എക്‌സ് റേ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വയറ്റില്‍ ലഹരിമരുന്ന് നിറച്ച ക്യാപ്‌സ്യൂളുകള്‍ കണ്ടെത്തിയത്. 74 ക്യാപ്‌സ്യൂളുകള്‍ വിഴുങ്ങിയതായി യുവാവ് സമ്മതിച്ചു. 

Read More - 15 വയസുകാരനെ പീഡിപ്പിച്ച നാല് സുഹൃത്തുക്കള്‍ക്ക് ബഹ്റൈനില്‍ ജയില്‍ ശിക്ഷ

അതേസമയം ബഹ്റൈനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് ലഹരി ഗുളികകള്‍ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ 18 പ്രവാസികള്‍ ഉള്‍പ്പെടെ 22 പേര്‍ക്കെതിരെ വിചാരണ തുടങ്ങിയിരുന്നു. 12 ഇന്ത്യക്കാരും മൂന്ന് ബംഗ്ലാദേശ് പൗരന്മാരും രണ്ട് പാകിസ്ഥാനികളും മൂന്ന് സൗദി പൗരന്മാരും ഒരു ബഹ്റൈന്‍ സ്വദേശിയും ഒരു ശ്രീലങ്കന്‍ വനിതയുമാണ് കേസിലെ പ്രതികള്‍. ഇവരില്‍ 19 പേര്‍ ഇപ്പോള്‍ കസ്റ്റഡിയിലുണ്ട്. മൂന്ന് പേരുടെ അസാന്നിദ്ധ്യത്തിലാണ് വിചാരണ തുടങ്ങിയത്.

Read More -  ചുവപ്പ് സിഗ്നല്‍ മറികടന്ന പ്രവാസി ഡ്രൈവര്‍ ജയിലിലായി; വന്‍തുക പിഴയും നാടുകടത്തലും ശിക്ഷ

അന്താരാഷ്‍ട്ര വിപണിയില്‍ 18 ദശലക്ഷം ഡോളര്‍ വിലവരുന്ന ലഹരി വസ്‍തുക്കളാണ് ഇവര്‍ ബഹ്റൈനിലേക്ക് കൊണ്ടുവന്നത്. ടയറിനുള്ളില്‍ ഒളിപ്പിച്ച് പോലും ലഹരി ഗളികകള്‍ ബഹ്റൈനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമം നടന്നു. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമാണ് പ്രതികള്‍ മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് കോടതിയില്‍ സമര്‍പ്പിച്ച കേസ് രേഖകള്‍ പറയുന്നു. വിമാന മാര്‍ഗം പാര്‍സലുകളായി എത്തിച്ച ശേഷം ഇവ ബഹ്റൈനില്‍ വെച്ച് ഗുളികകളാക്കി മാറ്റി. പിന്നീട് സൗദി അറേബ്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്ക് ഇവ കടത്താന്‍ ശ്രമിക്കുകയായിരുന്നു.

 

click me!