മഴവെള്ളപ്പാച്ചിലില്‍പ്പെട്ട ഏഴുപേരെ രക്ഷപ്പെടുത്തി സൗദി സിവില്‍ ഡിഫന്‍സ്

By Web TeamFirst Published Dec 1, 2022, 11:50 AM IST
Highlights

കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

റിയാദ്: മദീനയില്‍ മഴവെള്ളപ്പാച്ചിലില്‍പ്പെട്ട ഏഴുപേരെ സിവില്‍ ഡിഫന്‍സ് സംഘം രക്ഷപ്പെടുത്തി. സുവൈര്‍ഖിയയിലാണ് സംഭവം. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

കഴിഞ്ഞ ദിവസം മദീനയില്‍ ഹറം പരിസരത്ത് ഉള്‍പ്പെടെ ശക്തമായ മഴ പെയ്തിരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. 

സൗദി അറേബ്യയിലെ വടക്കൻ മേഖലയായ തബൂക്കിലും പരിസരങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. വീശിയടിച്ച കാറ്റില്‍ വൈദ്യുതി ടവറുകളും പോസ്റ്റുകളും നിലംപൊത്തി. ദിബാ, അല്‍വജ്, ഉംലജ്, യാമ്പു എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്തത്. സൗദി അറേബ്യയില്‍ തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. 

Read More - വിദേശികൾക്ക് സൗദിയിലേക്ക് വരാൻ ഇനി പേഴ്‌സണല്‍ വിസിറ്റ് വിസയും

അതേസമയം സൗദി അറേബ്യയിലെ ജിദ്ദയില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായ കനത്ത മഴയിലും പ്രളയത്തിലും നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിന് മുമ്പായി പ്രത്യേക കമ്മറ്റികള്‍ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി. അല്‍രിഹാബ് ഡിസ്ട്രിക്ടിലെ സിവില്‍ ഡിഫന്‍സ് കേന്ദ്രത്തില്‍ വെച്ചാണ് നാശനഷ്ടങ്ങള്‍ ഉണ്ടായവരില്‍ നിന്ന് നഷ്ടപരിഹാത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത്. 

Read More - ഓൺലൈനായി ഗാർഹിക ജോലിക്കാരുടെ സ്‍പോൺസർഷിപ്പ് മാറ്റാൻ ഈ വ്യവസ്ഥകൾ പാലിക്കണം

അപേക്ഷകളും ഇതുമായി ബന്ധപ്പെട്ട രേഖകളും ഓണ്‍ലൈനായി നല്‍കാനുള്ള സൗകര്യവും സിവില്‍ ഡിഫന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാശനഷ്ടങ്ങള്‍ നേരിട്ട് പരിശോധിച്ച് നഷ്ടപരിഹാര തുക കണക്കാക്കുന്നതിനായി അപേക്ഷകള്‍ പിന്നീട് ഫീല്‍ഡ് കമ്മറ്റികള്‍ക്ക് കൈമാറും. ഫീല്‍ഡ് കമ്മറ്റികള്‍ നേരിട്ട് പരിശോധിച്ച് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരതുക വിതരണത്തിന് നടപടികള്‍ സ്വീകരിക്കുക. നഷ്ടപരിഹാരത്തിനായി ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ വകുപ്പുകളെയും ഉള്‍പ്പെടുത്തി രൂപീകരിച്ച ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ സെന്ററിന് അപേക്ഷ സമര്‍പ്പിക്കുകയാണ് വേണ്ടത്. 

click me!