
അബുദാബി: നേരത്തെ ജോലി ചെയ്‍തിരുന്ന കമ്പനിയെ സംബന്ധിച്ച നിര്‍ണായക രഹസ്യ വിവരങ്ങള്‍ വെളിപ്പെടുത്തിയതിന് വന്‍തുക നഷ്ടപരിഹാരം നല്‍കണമെന്ന് കോടി വിധി വിധി. ടാക്സ് ഏജന്റായി ജോലി ചെയ്യുന്ന യുവാവ്, കമ്പനിക്കുണ്ടായ നഷ്ടത്തിന് പകരമായി ഒരു ലക്ഷം ദിര്‍ഹം നല്‍കണമെന്നാണ് അബുദാബി ഫാമിലി ആന്റ് സിവില്‍ ആഡ്‍മിനിസ്‍ട്രേറ്റീവ് കോടതി വിധിച്ചത്. ഇതേ കേസില്‍ നേരത്തെ ക്രിമിനല്‍ കോടതി ഇയാള്‍ക്ക് 10,000 ദിര്‍ഹം പിഴ ശിക്ഷയും വിധിച്ചിരുന്നു.
കമ്പനിയിലെ ജോലി രാജിവെച്ച ശേഷം ഇയാള്‍ പഴയ കമ്പനിയുമായി ബന്ധപ്പെട്ട ചില രഹസ്യ വിവരങ്ങള്‍ പരസ്യപ്പെടുത്തിയതിലൂടെ നിരവധി ഇടപാടുകാരെ നഷ്ടപ്പെടുകയും അതുവഴി വലിയ സാമ്പത്തിക നഷ്ടമുണ്ടാവുകയും ചെയ്‍തതായി കേസ് രേഖകള്‍ വ്യക്തമാക്കുന്നു. കമ്പനിയുമായി ബന്ധപ്പെട്ട പലിശ നിരക്കുകളാണ് ഇയാള്‍ വെളിപ്പെടുത്തിയത്. ഇക്കാര്യം മനസിലാക്കിയ മുന്‍ തൊഴിലുടമ, തങ്ങള്‍ക്കുണ്ടായ നഷ്ടങ്ങള്‍ക്ക് പകരമായി 4,90,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. കമ്പനി നല്‍കിയ ക്രിമിനല്‍ കേസില്‍ ഇയാളെ കോടതി ശിക്ഷിച്ചതിന് പിന്നാലെ ഇക്കാര്യം കൂടി ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം തേടി സിവില്‍ കോടതിയിലും കമ്പനി കേസ് നല്‍കി. ഇതിലാണ് ഇപ്പോള്‍ ഒരു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ വിധി വന്നത്. നിയമ നടപടികള്‍ക്കായി കമ്പനിക്ക് ചെലവായ തുകയും ഇയാള്‍ നല്‍കണമെന്ന് വിധിയില്‍ പറയുന്നു. ക്രിമിനല്‍ കേസ് നടപടികളുടെ സമയത്ത് ഇയാള്‍ കോടതിയില്‍ ഹാജരായിരുന്നില്ല. അതുകൊണ്ടു തന്നെ പ്രതിയുടെ അഭാവത്തിലാണ് കോടതി നടപടികള്‍ പൂര്‍ത്തിയാക്കി വിധി പറഞ്ഞത്.
Read also: ബാല്‍ക്കണിയില്‍ നിന്നു വീണ് മരിച്ച യുവാവിന്റെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam