പ്രവാസി നിയമലംഘകരെ കണ്ടെത്താന്‍ അപ്രതീക്ഷിത പരിശോധനകള്‍; നിരവധിപ്പേര്‍ അറസ്റ്റില്‍

By Web TeamFirst Published Sep 11, 2022, 5:27 PM IST
Highlights

ആഭ്യന്തര മന്ത്രിയുടെ ചുമതല വഹിക്കുന്ന, ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദിന്റെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ ദിവസത്തെ പരിശോധനകള്‍. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ തുടരുന്നു. രാജ്യത്തുടനീളം പരിശോധനകള്‍ നടക്കുന്നുണ്ടെങ്കിലും ജലീബ് അല്‍ ശുയൂഖിലും മഹ്‍ബുലയിലും നിരന്തര പരിശോധനകള്‍ നടന്നുവരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. കഴിഞ്ഞ ദിവസം ഹവല്ലിയിലും ഖൈത്താനിലും ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ അപ്രതീക്ഷ പരിശോധനകള്‍ നടന്നു.

ആഭ്യന്തര മന്ത്രിയുടെ ചുമതല വഹിക്കുന്ന, ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദിന്റെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ ദിവസത്തെ പരിശോധനകള്‍. ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ലെഫ്. ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസ്, ട്രാഫിക് ആന്റ് ഓപ്പറേഷന്‍സ് അഫയേഴ്‍സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സയേഹ്, ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് സെക്യൂരിറ്റി അഫയേഴ്സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്‍ദുല്ല അല്‍ റജീബ് എന്നിവരും നിരവധി ഉന്നത ഉദ്യോഗസ്ഥരും പരിശോധനകളില്‍ പങ്കെടുത്തു. 

ഹവല്ലിയിലെയും ഖൈത്താനിലെയും റോഡുകള്‍ അടച്ച് ചെക്ക് പോയിന്റുകള്‍ സ്ഥാപിച്ചായിരുന്നു പരിശോധന. എന്‍ട്രി എക്സിറ്റ് പോയിന്റുകളില്‍ നിലയുറപ്പിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓരോരുത്തരുടെയും തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചു. താമസ നിയമങ്ങള്‍ ലംഘിച്ച് കുവൈത്തില്‍ ജീവിക്കുകയായിരുന്ന നിരവധിപ്പോര്‍ അറസ്റ്റിലായി. കേസുകള്‍ നിലവിലുണ്ടായിരുന്നവരും വിവിധ സുരക്ഷാ വകുപ്പുകള്‍ അന്വേഷിച്ചുകൊണ്ടിരുന്നവരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തിരിച്ചറിയല്‍ രേഖകളൊന്നും കൈവശമില്ലാതിരുന്നവരും അറസ്റ്റിലായി. പിടിയിലായ എല്ലാവരെയും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. താമസ നിയമങ്ങളും തൊഴില്‍ നിയമങ്ങളും ലംഘിക്കുന്നവരെ പിടികൂടാന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Read also:  ഇരുപത്തിനാല് മണിക്കൂറിനിടെ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത് മൂന്ന് മൃതദേഹങ്ങള്‍, അന്വേഷണം തുടങ്ങി

click me!