സൗദി അറേബ്യയിൽ ബിനാമി ബിസിനസ് സ്ഥാപനങ്ങൾ കണ്ടെത്താൻ വ്യാപക പരിശോധന

By Web TeamFirst Published Jun 9, 2023, 3:17 PM IST
Highlights

വാണിജ്യ മന്ത്രാലയം, മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം, സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി എന്നിവ പരിശോധനകളില്‍ പങ്കെടുത്തു. 

റിയാദ്: അനധികൃത ബിസിനസ് സ്ഥാപനങ്ങള്‍ കണ്ടെത്താനും വ്യാപാര സ്ഥാപനങ്ങള്‍ നിയമ, വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും വേണ്ടി സൗദി അറേബ്യയില്‍ മെയ് മാസത്തില്‍ ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം 11,347 സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തി. ബിനാമി ബിസിനസ് സംശയിച്ച് 9,038 സ്ഥാപനങ്ങളിലും ബിനാമി ബിസിനസ് പ്രവണത കൂടുതലാണെന്ന് സംശയിക്കുന്ന പ്രത്യേക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ഷെഡ്യൂള്‍ ചെയ്ത 2,027 പരിശോധനകളുമാണ് കഴിഞ്ഞ മാസം നടത്തിയത്. 

ബിനാമി സ്ഥാപനങ്ങളാണെന്ന് സംശയിക്കപ്പെടുന്നതായി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ 231 സ്ഥാപനങ്ങളിലും പരിശോധനകള്‍ നടത്തി. വാണിജ്യ മന്ത്രാലയം, മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം, സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി എന്നിവ പരിശോധനകളില്‍ പങ്കെടുത്തു. വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ട്രാക്ടിംഗ് സ്ഥാപനങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സ് സ്ഥാപനങ്ങള്‍, ഭക്ഷ്യവസതുക്കളും പാനീയങ്ങളും വില്‍ക്കുന്ന കടകള്‍, വസ്ത്രങ്ങളും പാദരക്ഷകളും വില്‍ക്കുന്ന സ്ഥാപനങ്ങള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ മാസം പരിശോധനകള്‍ നടത്തി.

ഇതിനിടെ ബിനാമി സ്ഥാപനങ്ങളാണെന്ന് സംശയിക്കുന്ന നിരവധി കേസുകള്‍ കണ്ടെത്തി. വിശദമായ അന്വേഷണം നടത്തി ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ നിയമ ലംഘകരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായും ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം അറിയിച്ചു.

Read also: 'ലേഡീസ് വിത്തൗട്ട് മെഹറം', കരിപ്പൂരില്‍ നിന്ന് ചരിത്രത്തിലേക്ക് പറന്നുയര്‍ന്ന് എയര്‍ ഇന്ത്യയുടെ ഹജ്ജ് വിമാനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

click me!