സൗദി അറേബ്യയിലെ നവയുഗം സാംസ്കാരികവേദി സഫിയ അജിത്ത് സാമൂഹിക പ്രതിബദ്ധതാ പുരസ്കാരം മന്ത്രി കെ. രാജന്

By Web TeamFirst Published Jan 28, 2023, 2:55 PM IST
Highlights

കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലധികമായി പൊതുപ്രവർത്തനരംഗത്തും രാഷ്ട്രീയത്തിലും സാമൂഹിക സാംസ്കാരികരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് കെ. രാജനെന്ന് അവാർഡ് നിർണയിച്ച നവയുഗം കേന്ദ്രകമ്മിറ്റി വിലയിരുത്തി.

റിയാദ്: നവയുഗം സാംസ്കാരികവേദിയുടെ സഫിയ അജിത്ത് സാമൂഹിക പ്രതിബദ്ധതാ പുരസ്കാരത്തിന് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ. രാജനെ തെരഞ്ഞെടുത്തു. പരേതയായ നവയുഗം കേന്ദ്ര വൈസ് പ്രസിഡൻറും പ്രവാസി ജീവകാരുണ്യ പ്രവർത്തകയുമായ സഫിയ അജിത്തിന്റെ സ്‍മരണക്ക് ഏർപ്പെടുത്തിയയതാണ് അവാർഡ്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലധികമായി പൊതുപ്രവർത്തനരംഗത്തും രാഷ്ട്രീയത്തിലും സാമൂഹിക സാംസ്കാരികരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് കെ. രാജനെന്ന് അവാർഡ് നിർണയിച്ച നവയുഗം കേന്ദ്രകമ്മിറ്റി വിലയിരുത്തി.

തൃശൂർ അന്തിക്കാട് പുളിക്കൽ കൃഷ്ണൻകുട്ടി മേനോന്റെയും രമണിയുടെയും മകനായ കെ. രാജൻ ശാസ്ത്രസാഹിത്യ പരിഷത്ത്, ബാലവേദി എന്നിവയിലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് എത്തിയത്. തൃശ്ശൂർ കേരളവർമ കോളജിൽനിന്ന് ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് നിയമബിരുദവും നേടി. എ.ഐ.എസ്.എഫിലൂടെ വിദ്യാർഥി രാഷ്ട്രീയരംഗത്ത് സജീവമായ അദ്ദേഹം, കാലിക്കറ്റ് സർവകലാശാലാ യൂനിയൻ ജോയിൻറ് സെക്രട്ടറി, യുവജനക്ഷേമ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
മികച്ച വാഗ്മിയും സംഘാടകനുമായ കെ. രാജൻ എ.ഐ.എസ്.എഫ് അഖിലേന്ത്യാ വൈസ് പ്രസിഡൻറ്, സംസ്ഥാന സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ എ.ഐ.വൈ.എഫ് ദേശീയ ജനറൽ സെക്രട്ടറിയും സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗവുമാണ്. 

ഒല്ലൂർ എം.എൽ.എയായ കെ. രാജൻ 14-ാം നിയമസഭയിൽ ചീഫ് വിപ്പ് സ്ഥാനവും വഹിച്ചിരുന്നു. നിലവിൽ റവന്യൂ, സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ്, ഭൂപരിഷ്കരണം, ഭവന നിർമാണം എന്നീ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയെന്ന നിലയിൽ, അഴിമതിക്കറ പുരളാതെ, സാധാരണക്കാരുടെ ജീവിതത്തെ മെച്ചപ്പെടുത്താനായി വളരെ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് നവയുഗം കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു. കമ്യൂണിസ്റ്റ് ആദർശങ്ങളിൽ ഉറച്ചുനിന്നു കൊണ്ട് തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും പുരോഗതിക്കായി എന്നും നിലയുറപ്പിച്ച പൊതുജീവിതമാണ് അദ്ദേഹത്തിന്റേതെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.

ഈ യാഥാർഥ്യങ്ങളെ മുന്നില്‍ നിര്‍ത്തിയാണ് നവയുഗം കേന്ദ്രകമ്മിറ്റി ‘സഫിയ അജിത്ത് സാമൂഹിക പ്രതിബദ്ധതാ പുരസ്കാരത്തിന്’ അദ്ദേഹത്തെ തെരഞ്ഞെടുത്തതെന്നും ഭാരവാഹികൾ അറിയിച്ചു. ശക്തമായ ഇടതുപക്ഷബോധം ഉയർത്തിപ്പിടിച്ചു, സാമൂഹിക, സാംസ്ക്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിൽ അദ്ദേഹം പുലർത്തിയ നിസ്വാർഥത, ഓരോ പൊതുപ്രവർത്തകനും മാതൃകയാണ് എന്നും കേന്ദ്ര കമ്മിറ്റി നിരീക്ഷിച്ചു. 

Read also: പ്രവാസികളും ജോലി തേടി വരുന്നവരും രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍

click me!