നിയമക്കുരുക്കിൽ കുടുങ്ങി 15 വർഷം നാട്ടിൽ വരാനായില്ല; സൗദിയിൽ മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Published : Nov 20, 2026, 03:38 PM IST
Ajayakumar

Synopsis

സൗദിയിലെ ദവാദ്മിയിൽ ഹൃദയാഘാതം മൂലം മരിച്ച കിളിമാനൂർ സ്വദേശി അജയകുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കും. നിയമക്കുരുക്കുകൾ കാരണം 15 വർഷമായി അദ്ദേഹത്തിന് നാട്ടിൽ പോകാൻ കഴിഞ്ഞിരുന്നില്ല. ഇന്ത്യൻ എംബസിയുടെയും സാംസ്കാരിക വേദിയുടെയും ഇടപെടലിലൂടെയാണ് നടപടികൾ പൂർത്തിയാക്കിയത്.

റിയാദ്: സൗദി അറേബ്യയിലെ ദവാദ്മിയിൽ കഴിഞ്ഞ മാസം മരിച്ച തിരുവനന്തപുരം കിളിമാനൂർ സ്വദേശി അജയകുമാറിന്റെ (56) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കിളിമാനൂർ വിളക്കാട്ടുകോണം പുണർതത്തിൽ പരേതരായ സോമരാജന്റെയും കമലമ്മയുടെയും മകനാണ് ഇദ്ദേഹം. ദവാദ്മിയിലെ നിയമനടപടികൾ പൂർത്തിയാക്കി അൽഖസ്സീം വിമാനത്താവളം വഴി ഗൾഫ് എയർ വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത്.

താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ അജയകുമാറിനെ ഒരു സൗദി പൗരൻ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും ആംബുലൻസ് അധികൃതരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് പരിശോധനയിൽ വ്യക്തമായി. താമസരേഖകളുമായി ബന്ധപ്പെട്ട തടസ്സങ്ങളും മറ്റ് നിയമനടപടികളും പൂർത്തിയാക്കാൻ ഒരു മാസത്തോളം സമയമെടുത്തു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മൃതദേഹം സൗദിയിൽത്തന്നെ സംസ്കരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, കുടുംബത്തിന്റെ ആവശ്യപ്രകാരം ഇന്ത്യൻ എംബസി ഇടപെടുകയും അൽഖസ്സീം വഴി നാട്ടിലെത്തിക്കുന്നതിനുള്ള രേഖകളും വിമാനടിക്കറ്റും അനുവദിക്കുകയുമായിരുന്നു.

36 വർഷത്തോളമായി സൗദിയിൽ പെയിന്റിങ് തൊഴിലാളിയായിരുന്നു അജയകുമാർ. എങ്കിലും കഴിഞ്ഞ 15 വർഷമായി ഇദ്ദേഹത്തിന് നാട്ടിൽ പോകാൻ കഴിഞ്ഞിരുന്നില്ല. സോഷ്യൽ മീഡിയയിലൂടെ മതനിന്ദ നടത്തിയെന്ന ആരോപണത്തെ തുടർന്ന് അജയകുമാർ സൗദിയിൽ അറസ്റ്റിലായിരുന്നു. കേസിന്റെ വിചാരണ നടക്കുന്നതിനിടെ ഒരു സൗദി പൗരൻ ജാമ്യത്തിലിറക്കി സ്വന്തം താമസസ്ഥലത്ത് ഇദ്ദേഹത്തിന് അഭയം നൽകി.

പിന്നീട് സ്പോൺസറുമായി ബന്ധപ്പെടുന്നതിനോ താമസരേഖ (ഇഖാമ) പുതുക്കുന്നതിനോ അജയകുമാർ തയ്യാറായില്ല. ജാമ്യത്തിലിറക്കിയ സൗദി പൗരനോടൊപ്പം താമസിച്ച്, ദൈനംദിന ചെലവുകൾക്കായി ലഭിക്കുന്ന ചെറിയ ജോലികൾ ചെയ്താണ് പിന്നീട് ജീവിച്ചത്. പൊലീസ് കേസുമായി ബന്ധപ്പെട്ട പേടിയും ആശങ്കയും കാരണം പൊതുസമൂഹത്തിൽനിന്ന് പൂർണ്ണമായും ഒഴിഞ്ഞുമാറിയായിരുന്നു ഇദ്ദേഹത്തിന്റെ ജീവിതം. നിയമപരമായ പ്രശ്നങ്ങൾ പരിഹരിക്കാനോ താമസരേഖകൾ ശരിയാക്കാനോ ശ്രമിക്കാതെ വർഷങ്ങളോളം കഴിഞ്ഞതോടെ അജയകുമാറിന് നാട്ടിലേക്ക് മടങ്ങാനുള്ള വഴി പൂർണ്ണമായും അടയുകയായിരുന്നു. പ്രവാസികൾക്ക് വലിയൊരു മുന്നറിയിപ്പ് കൂടിയാണ് അജയകുമാറിന്റെ ഈ ജീവിതാനുഭവം.

അജയകുമാറിന്റെ മരണവിവരം ദവാദ്മി പൊലീസ് 'കേളി കലാസാംസ്കാരിക വേദി' ജീവകാരുണ്യ വിഭാഗത്തെ അറിയിച്ചതോടെയാണ് തുടർനടപടികൾ ആരംഭിച്ചത്. മൃതദേഹം തിരിച്ചറിയുന്നതിനും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് കേളി പ്രവർത്തകർ നേതൃത്വം നൽകി. ദവാദ്മിയിൽ മുൻ പ്രവാസിയായിരുന്ന ഷാജിയാണ് അജയകുമാറിന്റെ സഹോദരൻ. സുഗന്ധി, അനിത, ജീന എന്നിവർ സഹോദരിമാരാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദേശീയ ദിനാഘോഷ നിറവിൽ ഒമാൻ; 344 തടവുകാർക്ക് മാപ്പുനൽകി ഭരണാധികാരി, കർശന മാർഗനിർദ്ദേശങ്ങളുമായി പൊലീസ്
സൗദി ദക്ഷിണ മേഖലയ്ക്ക് നേരെയുണ്ടായ ഹൂതി ആക്രമണങ്ങൾ സഖ്യസേന തകർത്തു; മാരിബിൽ യെമൻ സൈന്യത്തിന്‍റെ നീക്കം ശക്തം