
റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഹരജി വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ച് പരിഗണിക്കും. നവംബർ 17 ഞായറാഴ്ചയാണ് കേസ് പരിഗണിക്കാൻ പുതിയ ബെഞ്ച് സമയം അനുവദിച്ചിട്ടുള്ളത്. നേരത്തെ കോടതി അറിയിച്ച തീയതി നവംബർ 21 ആയിരുന്നു. എന്നാൽ പ്രതിഭാഗത്തിന്റെ അപേക്ഷ പ്രകാരമാണ് തീയ്യതി 17ലേക്ക് മാറ്റിയത്.
നിലവിൽ അനുവദിച്ച തീയതിക്ക് മുമ്പ് തന്നെ കേസ് പരിഗണിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പർ, കുടുംബ പ്രതിനിധി സിദ്ദിഖ് തുവ്വൂർ എന്നിവർ അറിയിച്ചു. തീയതി കുറച്ചുകൂടി നേരത്തെയാക്കാൻ കോടതി വഴി അഭിഭാഷകനും വിദേശകാര്യ മന്ത്രാലയം വഴി ഇന്ത്യൻ എംബസിയും ശ്രമം തുടരുന്നുണ്ട്. ഈ മാസം 21ന് കോടതിയിൽ സിറ്റിങ്ങുണ്ടായിരുന്നെങ്കിലും ആ ബെഞ്ച് ഒരു തീരുമാനവുമെടുക്കാതെ ചീഫ് ജസ്റ്റീസിന്റെ തീരുമാനത്തിന് വിടുകയായിരുന്നു. ചീഫ് ജസ്റ്റീസിന്റെ നിർദേശപ്രകാരമാണ് വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചിന് മോചന ഹർജി കൈമാറിയിരിക്കുന്നത്.
നിർദ്ദിഷ്ട ബെഞ്ചിൽ കേസിന്റെ എല്ലാ രേഖകളും എത്തിയിട്ടുണ്ട്. ഈ സിറ്റിങ്ങിൽ ഈ കേസിന്റെ അന്തിമ വിധി പറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റിയാദ് റഹീം സഹായ സമിതി അറിയിച്ചു. ഇന്ത്യൻ എംബസി റഹീമിന്റെ യാത്രാരേഖകൾ തയ്യാറാക്കിയിട്ടുണ്ട്. മോചന ഉത്തരവ് ഉണ്ടായാൽ മറ്റ് കേസുകളൊന്നും ഇല്ലാത്തതിനാൽ വൈകാതെ റഹീമിന് നാട്ടിലേക്ക് മടങ്ങാൻ കഴിയും. നീണ്ട 18 വർഷത്തെ ശ്രമത്തിന് ശുഭാന്ത്യമുണ്ടാവാൻ ദിവസങ്ങൾ മാത്രമാണ് ഇനി കാത്തിരിക്കേണ്ടതെന്ന് മുഖ്യ രക്ഷാധികാരി അഷ്റഫ് വേങ്ങാട്ട്, സഹായ സമിതി ചെയർമാൻ സി.പി മുസ്തഫ, കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ. സെബിൻ ഇഖ്ബാൽ എന്നിവർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ