ബഹ്റൈനില്‍ ഇന്നു മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

By Web TeamFirst Published May 21, 2021, 10:12 PM IST
Highlights

രാജ്യത്ത് ഇപ്പോള്‍ കൊവിഡ് ബാധിതരായിട്ടുള്ളവരില്‍ 42 ശതമാനവും 18 വയസില്‍ താഴെയുള്ളവരാണെന്ന് അധികൃതര്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് കുട്ടികള്‍ക്കും വാക്സിനെടുക്കാത്ത മുതിര്‍ന്നവര്‍ക്കും പൊതുസ്ഥലങ്ങളിലും സ്വകാര്യ ചടങ്ങുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

മനാമ: ബഹ്റൈനില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തില്‍ അധിക നിയന്ത്രണങ്ങള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു‍. ജൂണ്‍ മൂന്ന് വരെയാണ് ഇപ്പോള്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടികള്‍ക്കും വാക്സിനെടുക്കാത്ത മുതിര്‍ന്നവര്‍ക്കും പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്,

രാജ്യത്ത് ഇപ്പോള്‍ കൊവിഡ് ബാധിതരായിട്ടുള്ളവരില്‍ 42 ശതമാനവും 18 വയസില്‍ താഴെയുള്ളവരാണെന്ന് അധികൃതര്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് കുട്ടികള്‍ക്കും വാക്സിനെടുക്കാത്ത മുതിര്‍ന്നവര്‍ക്കും പൊതുസ്ഥലങ്ങളിലും സ്വകാര്യ ചടങ്ങുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. മാളുകള്‍, ഷോപ്പിങ് സെന്ററുകള്‍, പള്ളികള്‍, റസ്റ്റോറന്റുകള്‍, സിനിമാ തീയറ്ററുകള്‍, സലൂണുകള്‍, സര്‍വീസ് സെന്ററുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങിയവകളില്‍ പ്രവേശനം BeAware ആപ്ലിക്കേഷനില്‍ 'ഗ്രീന്‍ ഷീല്‍ഡ്' ഉള്ളവര്‍ക്കോ കൊവിഡ് മുക്തരായ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കോ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. 

അതേസമയം സൂപ്പര്‍മാര്‍ക്കറ്റുകള്‍, ബാങ്കുകള്‍, ഫാര്‍മസികള്‍ എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ ബാധകമല്ല. ഇവിടങ്ങളില്‍ എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കും. സ്വകാര്യ ചടങ്ങുകളില്‍ ആറ് പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. വലീദ് അല്‍ മനിഅയാണ് കഴിഞ്ഞദിവസം പുതിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 

click me!