
കുവൈത്ത് സിറ്റി: കുവൈത്തിൽ നവംബർ ഒന്ന് മുതൽ പുതിയ തൊഴിൽ നിയമം. രാജ്യത്തെ എല്ലാ തൊഴിലുടമകളും തങ്ങളുടെ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പ്രതിദിന ജോലി സമയം, വിശ്രമവേളകൾ, പ്രതിവാര അവധി ദിനങ്ങൾ, ഔദ്യോഗിക പൊതു അവധികൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ നവംബർ 1 മുതൽ പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ അംഗീകൃത ഇലക്ട്രോണിക് സംവിധാനമായ അഷാൽ വഴി നിർബന്ധമായും സമർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു. തൊഴിലുടമകൾ ഈ വിവരങ്ങൾ രേഖപ്പെടുത്തുക മാത്രമല്ല, എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാകുമ്പോൾ ഉടനടി അത് അപ്‌ഡേറ്റ് ചെയ്യുകയും വേണമെന്ന് അതോറിറ്റി വ്യക്തമാക്കി. പരിശോധനകൾക്കും തുടർനടപടികൾക്കുമായി അതോറിറ്റി ഇൻസ്‌പെക്ടർമാർക്ക് ഈ ഡാറ്റ ഔദ്യോഗിക റെഫറൻസായിരിക്കും.
അതോറിറ്റിയുടെ അംഗീകാരം ലഭിക്കുന്നതോടെ സമർപ്പിച്ച ഈ വർക്ക് ഷെഡ്യൂൾ ഔദ്യോഗിക അംഗീകാരമായി കണക്കാക്കും. ഇത് പ്രകാരം, തൊഴിലുടമകൾ അംഗീകൃത ഷെഡ്യൂൾ പ്രിന്റ് എടുത്ത് ജീവനക്കാർക്ക് കാണാവുന്ന രീതിയിൽ ജോലിസ്ഥലത്ത് പ്രമുഖ സ്ഥാനത്ത് പ്രദർശിപ്പിക്കേണ്ടത് നിർബന്ധമാണ്. പുതിയ വ്യവസ്ഥകൾ പാലിക്കാത്ത തൊഴിലുടമകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ഈ തീരുമാനത്തിലൂടെ അതോറിറ്റിക്ക് അധികാരം ലഭിച്ചു. നിയമത്തിലെ ആർട്ടിക്കിൾ നാല് പ്രകാരം, നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളുടെ ഫയലുകൾ നവംബർ 1, 2025 മുതൽ ഭാഗികമായോ പൂർണ്ണമായോ താൽക്കാലികമായി സസ്പെൻഡ് ചെയ്യാൻ സാധ്യതയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam