
മനാമ: ബഹ്‌റൈനില്‍ ഫ്‌ലെക്‌സി വര്‍ക്ക് പെര്‍മിറ്റിന് പകരം സംവിധാനം കൊണ്ടുവരുന്നു. തൊഴില്‍ പരിഷ്‌കാരങ്ങളുടെ വിശദ വിവരങ്ങള്‍ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി (എല്‍ എം ആര്‍ എ) പുറത്തുവിട്ടു. ബുധനാഴ്ച ബഹ്‌റൈന്‍ ചേംബര്‍ സന്ദര്‍ശിച്ച കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയാണ് തൊഴില്‍ പരിഷ്‌കരണ നടപടികള്‍ പ്രഖ്യാപിച്ചത്.
എല്‍എംആര്‍എ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നൂഫ് അബ്ദുല്‍റഹ്മാന്‍ ജംഷീര്‍ പുതിയ വ്യവസ്ഥകള്‍ വ്യക്തമാക്കി. നിലവില്‍ ഫ്‌ലെക്‌സി പെര്‍മിറ്റ് ഉള്ളവരും നിയമാനുസൃത വര്‍ക്ക് പെര്‍മിറ്റ് ഇല്ലാത്തവരും പ്രത്യേക ലേബര്‍ രജിസ്‌ട്രേഷന്‍ സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവര്‍ക്കും ക്രിമിനല്‍ റെക്കോര്‍ഡ് ഉള്ളവര്‍ക്കും രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കില്ലെന്ന് നൂഫ് അബ്ദുല്‍റഹ്മാന്‍ ജംഷീര്‍ പറഞ്ഞു. സന്ദര്‍ശക വിസയില്‍ എത്തുന്നവരുടെയും അപേക്ഷ സ്വീകരിക്കില്ല. ബഹ്‌റൈനില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്കാണ് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുക.
രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്ക് കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ ലഭിക്കില്ല. പ്രത്യേക ലൈസന്‍സ് ആവശ്യമായ തൊഴില്‍ ചെയ്യണമെങ്കില്‍ ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് അതിനുള്ള ലൈസന്‍സ് നേടണം. രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ ആരോഗ്യ ഫീസും ഇന്‍ഷുറന്‍സും അടയ്ക്കണം. നിയമവിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന തൊഴിലുടമകളെയും തൊഴിലാളികളെയും കണ്ടെത്താന്‍ പരിശോധനകള്‍ നടത്തും. തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി വ്യവസായ വാണിജ്യ മന്ത്രാലയവും സ്വകാര്യ മേഖലയും സഹകരിച്ച് പുതിയ ലേബര്‍ രജിസ്‌ട്രേഷന്‍ സെന്ററുകള്‍ തുടങ്ങും. നടപടികള്‍ എളുപ്പമാക്കാന്‍ 'സിജിലാത്' പോര്‍ട്ടലിലും രജിസ്‌ട്രേഷന് സൗകര്യമുണ്ടാക്കുമെന്ന് നൂഫ് അബ്ദുല്‍റഹ്മാന്‍ ജംഷീര്‍ പറഞ്ഞു.
ഈ സെന്ററുകളില്‍, തൊഴിലാളികളുടെ വിവരങ്ങള്‍, താമസസ്ഥലം, ബാങ്ക് അക്കൗണ്ട് എന്നിവ കൃത്യമായി സൂക്ഷിക്കും. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റും പ്രൊഫഷണല്‍ അക്രഡിറ്റേഷനും ഉണ്ടെന്നും ആവശ്യമായി വന്നാല്‍ തൊഴിലാളിയെ ബന്ധപ്പെടാന്‍ സാധിക്കുമെന്നും ഉറപ്പാക്കും. അംഗീകൃത സെന്ററുകള്‍ക്ക് തൊഴിലാളികളെ എല്‍ എം ആര്‍ എ വെബ്‌സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്യിക്കാം. നിലവില്‍ ഫ്‌ലെക്‌സി പെര്‍മിറ്റുള്ളവര്‍ക്ക് പുതിയ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നിശ്ചിത സമയം അനുവദിക്കും.
Read More:-യുഎഇയില്‍ ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കുന്ന സാഹചര്യങ്ങള്‍ ഇവയാണ്
ഈ സമയത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. തൊഴിലുടമകള്‍, തൊഴിലാളികള്‍, രാജ്യത്തെ ബിസ്‌നസ് സമൂഹം എന്നിവയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായാണ് പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതെന്ന് നൂഫ് അബ്ദുല്‍റഹ്മാന്‍ ജംഷീര്‍ വ്യക്തമാക്കി.
(ഫോട്ടോ- എല്‍എംആര്‍എ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നൂഫ് അബ്ദുല്‍റഹ്മാന്‍ ജംഷീര്‍)
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ