ഖത്തറില്‍ പുതിയ ഇരുന്നൂറിന്റെ നോട്ട് പുറത്തിറക്കി

By Web TeamFirst Published Dec 13, 2020, 6:59 PM IST
Highlights

നിലവിലുള്ള 1,5,10,50,100,500 എന്നീ ഖത്തരി റിയാല്‍ നോട്ടുകള്‍ പുതിയ ഡിസൈനുകളില്‍ പുറത്തിറക്കി.

ദോഹ: പുതിയ ഡിസൈനുകളിലുള്ള ഖത്തരി റിയാല്‍ കറന്‍സികള്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കി. ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ 18 വെള്ളിയാഴ്ച മുതല്‍ 200ന്‍റെ പുതിയ കറന്‍സികള്‍ പ്രാബല്യത്തില്‍ വരും. ഖത്തരി റിയാല്‍ ബാങ്ക് നോട്ടുകളുടെ അഞ്ചാം സീരീസില്‍ പുതിയ ഇരുന്നൂറിന്റെ നോട്ടും പുതിയ ഡിസൈനുകളിലുള്ള മറ്റ് നോട്ടുകളുമാണ് പുറത്തിറക്കിയത്.

മൂന്നുമാസത്തിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് ഖത്തരി റിയാലിന്റെ പഴയ കറന്‍സികള്‍ പ്രാദേശിക ബാങ്കുകളില്‍ നിന്നും അതിന് ശേഷം ഖത്തര്‍ സെന്‍ട്രല്‍ ബാങ്കില്‍ നിന്നോ മാറ്റി വാങ്ങാം. ശൈഖ് അബ്ദുല്ല ബിന്‍ ജാസിം ആല്‍ഥാനിയുടെ കൊട്ടാരം, ഖത്തര്‍ നാഷണല്‍ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട് എന്നിവയുടെ ചിത്രങ്ങള്‍ പതിപ്പിച്ചതാണ് 200 റിയാലിന്റെ പുതിയ നോട്ട്.

നിലവിലുള്ള 1,5,10,50,100,500 എന്നീ ഖത്തരി റിയാല്‍ നോട്ടുകള്‍ പുതിയ ഡിസൈനുകളില്‍ പുറത്തിറക്കി. ഖത്തര്‍ ദേശീയ പതാക, ഖത്തരി സസ്യജാലങ്ങള്‍, ഖത്തരി വാസ്തുവിദ്യയെ പ്രതിനിധാനം ചെയ്യുന്ന അലങ്കരിച്ച ഗേറ്റ് എന്നിവയാണ് നോട്ടുകളുടെ മുന്‍വശത്തെ ഡിസൈനിലുള്ളത്.

ഖത്തരി പാരമ്പര്യം, ഇസ്ലാമിക ചരിത്രം, സസ്യജീവജാലങ്ങള്‍, വിദ്യാഭ്യാസം, കായികം, സമ്പദ് വ്യവസ്ഥയുടെ പുരോഗതി എന്ന ഉള്‍ക്കൊള്ളുന്നതാണ് നോട്ടിന്റെ പിന്നിലെ ഡിസൈന്‍. കാഴ്ചശക്തിയില്ലാത്തവര്‍ക്ക് തൊട്ട് മനസ്സിലാക്കാന്‍ സാധിക്കുന്ന രീതിയിലാണ് നോട്ടിലെ മൂല്യങ്ങളും തിരശ്ചീന രേഖകളും അച്ചടിച്ചിരിക്കുന്നത്. നോട്ട് വെളിച്ചത്തില്‍ കാണിക്കുമ്പോള്‍ മുന്‍വശത്ത് അപൂര്‍ണമായ ആകൃതിയും പിന്നില്‍ കറന്‍സിയുടെ മൂല്യവും പ്രതിഫലിക്കും. ദേശീയ ചിഹ്നത്തിന്റെ വാട്ടര്‍മാര്‍ക്ക്, അക്കങ്ങളുടെ മൂല്യം എന്നിവയും രേഖപ്പെടുത്തിയിട്ടുണ്ട്. 


 

click me!