
റിയാദ്: ഓടിക്കൊണ്ടിരിക്കെ സ്കൂൾ ബസിന് തീപിടിച്ചു. സൗദി അറേബ്യയില്‍ ജിദ്ദക്ക് സമീപം അല്ലൈത്ത് എന്ന സ്ഥലത്തുള്ള സ്കൂളിന്റ ബസാണ് കത്തിനശിച്ചത്. ഇന്ധനം നിറക്കാൻ പോകുന്നതിനിടെ വ്യാഴാഴ്ച ഉച്ചക്ക് 12.30-നാണ് ബസിൽ തീ പടർന്നുപിടിച്ചത്. പൂർണമായും ബസ് കത്തിനശിച്ചു.
അലൈത്ത് വിദ്യാഭ്യാസ വകുപ്പിനു കീഴിലെ വിദ്യാർഥികൾക്ക് ഗതാഗത സേവനം നൽകുന്നതിനുള്ള കരാറേറ്റെടുത്ത തത്വീർ എജ്യുക്കേഷനൽ സർവീസസ് കമ്പനി ബസാണ് കത്തിനശിച്ചതെന്ന് വകുപ്പ് വക്താവ് മുഹമ്മദ് അൽആഖിൽ പറഞ്ഞു. ഈ സമയത്ത് ബസിൽ വിദ്യാർഥികളുണ്ടായിരുന്നില്ല. അപകടത്തിൽ ബസ് ഡ്രൈവർക്ക് പരിക്കേറ്റിട്ടില്ല. വിദ്യാർഥികളെ സ്കൂളിൽ നിന്ന് വീടുകളിൽ തിരിച്ചെത്തിക്കാൻ ഉടൻ തന്നെ തത്വീർ എജ്യുക്കേഷനൽ സർവീസസ് കമ്പനി ബദൽ ബസ് ഏർപ്പെടുത്തിയതായും ലൈത്ത് വിദ്യാഭ്യാസ വകുപ്പ് വക്താവ് പറഞ്ഞു.
Read also: അബഹ ബസപകടം; ഉംറ ഓഫീസുകളിൽ പരിശോധന, നിരവധി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
ഇന്ധന ടാങ്കറിന് തീപിടിച്ച് പ്രവാസി മലയാളി മരിച്ചു
റിയാദ്: പെട്രോളുമായി പോയ ടാങ്കറിന് തീപിടിച്ച് മലയാളി ഡ്രൈവർ മരിച്ചു. പ്രമുഖ ഇന്ധന വിതരണക്കാരായ അൽ-ബുഅയിനയിൻ കമ്പനിയിലെ ഹെവി ഡ്രൈവർ പാലക്കാട് കല്ലേകുളങ്ങര സ്വദേശി വിനോദ് വിഹാറിൽ അനിൽകുമാർ ദേവൻ നായർ (56) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ജുബൈൽ - അബുഹദ്രിയ റോഡിലായിരുന്നു സംഭവം.
നിറയെ ഇന്ധനവുമായി കമ്പനിയുടെ പെട്രോൾ പമ്പിലേക്ക് പോയ വാഹനമാണ് അപകടത്തിൽ പെട്ടത്. സാരമായി പൊള്ളലേറ്റ അനിൽ കുമാർ സംഭവസ്ഥലത്ത് മരിച്ചു. അപകട കാരണം വ്യക്തമല്ല. ടാങ്കർ പൂർണമായും കത്തി നശിച്ച നിലയിലാണ്. 14 വർഷമായി സൗദിയിൽ പ്രവാസിയാണ്. ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ തുടങ്ങിയതായി പ്രവാസി വെൽഫെയർ ജനസേവന വിഭാഗം ജുബൈൽ കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam