
തിരുവനന്തപുരം: ലോക കേരളസഭ ഓപ്പണ്‍ ഫോറത്തില്‍ സഹായം ആവശ്യപ്പെട്ട് സംസാരിച്ച എബിന്‍റെ പിതാവിന്‍റെ മൃതദേഹം ഇന്ന് രാത്രി നാട്ടിലെത്തിക്കുമെന്ന് നോര്‍ക്ക റൂട്ട്സ്. സൗദി അറേബ്യയില്‍ മരിച്ച പിതാവിന്റെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ എത്തിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ചാണ് എബിന്‍ ലോക കേരള ഓപ്പണ്‍ ഫോറത്തില്‍ എം എ യൂസഫലിയോട് സംസാരിച്ചത്.
മൂന്ന് ദിവസത്തിനകം മൃതദേഹം നാട്ടില്‍ എത്തിക്കാമെന്ന് ഓപ്പണ്‍ ഫോറത്തില്‍ എബിന് യൂസഫലി വാക്ക് നല്‍കിയിരുന്നു. എന്നാല്‍ മൃതദേഹം ഏറ്റുവാങ്ങുന്നതിനുള്‍പ്പെടെ ആരുമില്ല എന്ന കാര്യം അപേക്ഷയില്‍ സൂചിപ്പിച്ചിരുന്നില്ലെന്നും ഇത്തരത്തില്‍ സൂചിപ്പിക്കുകയോ അറിയിക്കുകയോ ചെയ്യുന്ന പക്ഷം ബന്ധപ്പെട്ട രാജ്യങ്ങളിലെ മലയാളി അസ്സോസിയേഷനുകളുമായോ, സന്നദ്ധസംഘടനകളുമായി ബന്ധപ്പെട്ടോ മൃതദേഹം വിട്ടുകിട്ടുന്നതിനുവേണ്ട എല്ലാ നടപടികളും സ്വീകരിക്കാറുണ്ടെന്നുമാണ് നോര്‍ക്കാ റൂട്ട്‌സിന്‍റെ വിശദീകരണം. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് നോര്‍ക്ക, സംഭവത്തില്‍ വിശദീകരണം നല്‍കിയത്.
നോര്‍ക്ക റൂട്ട്സ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
സൗദിയിലെ ഖമീസ് മുഷൈത്തില്‍ അപകടത്തില്‍ മരിച്ച തിരുവനന്തപുരം കരകുളം ചെക്കക്കോണം ബാബു സദനത്തില്‍ ബാബുവിന്റെ (46) ഭൗതികശരീരം ഇന്ന് രാത്രി നാട്ടിലെത്തുകയാണ്.
ബന്ധുക്കള്‍ ജൂണ്‍ 13ന് നോര്‍ക്കയില്‍ നല്‍കിയ അപേക്ഷയിന്‍മേല്‍ തുടര്‍ന്നു വന്ന നടപടികള്‍ നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ പത്മശ്രീ ഡോ.എം.എ.യൂസഫലിയുടെ ഇടപെടലോടെ കൂടുതല്‍ വേഗത്തിലായി. ജീവകാരുണ്യരംഗത്ത് അദ്ദേഹത്തിന്റെ സാന്ത്വനസ്പര്‍ശം ഒരിക്കല്‍ കൂടി കേരളത്തിന്റെ മനംകുളിര്‍പ്പിച്ചിരിക്കുന്നുവെന്ന് നിശ്ചമായും പറയാം.
ലോകകേരള സഭയുടെ ഭാഗമായി ജൂണ്‍ 17ന് നടന്ന ഓപ്പണ്‍ ഫോറത്തില്‍ ബാബുവിന്റെ മകന്‍ എബിന്‍ നേരിട്ട് നടത്തിയ സഹായാഭ്യര്‍ഥന ഏറ്റെടുത്തുകൊണ്ട് വേദിയില്‍ വച്ചു തന്നെ സൗദിയിലെ തന്റെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ഡോ.യൂസഫലിയുടെ നടപടി മനുഷ്യസ്‌നേഹികളുടെ മുക്തകണ്ഠ പ്രശംസയാണ് നേടിയത്.
ഖമിസ് മുഷൈത്തില്‍ ജൂണ്‍ ഒമ്പതിനുണ്ടായ അപകടത്തില്‍ ബാബു മരിച്ചതായാണ് നാട്ടില്‍ വിവരം ലഭിച്ചത്. അച്ഛന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കാന്‍ സഹായം അഭ്യര്‍ഥിച്ച് ജൂണ്‍ 13ന് നോര്‍ക്ക റൂട്ട്‌സില്‍ അപേക്ഷ നല്‍കിയ വിവരവും ഇതേ തുടര്‍ന്ന് സൗദി എംബസി അധികൃതര്‍ തന്നെ വിളിച്ച വിവരവും ഓപ്പണ്‍ ഫോറത്തില്‍ എബിന്‍ അറിയിച്ചിരുന്നു. തയ്ക്കാട് നോര്‍ക്ക സെന്ററില്‍ 13ന് ലഭിച്ച അപേക്ഷ അന്നു തന്നെ നോര്‍ക്ക വകുപ്പിന് കൈമാറിയിരുന്നു-(ഫയല്‍ നമ്പര്‍: നം.5054/സി.സി.ജി/2022/റൂട്ട്‌സ്). അന്നേ ദിവസം തന്നെ സൗദിയിലെ ഇന്ത്യന്‍ എംബസിക്ക് നോര്‍ക്ക വകുപ്പില്‍ നിന്നും വിവരം കൈമാറി. എംബസിയുടെ അന്വേഷണത്തില്‍ സ്‌പോണ്‍സറില്‍ നിന്നു വിട്ടുപോയതിനാല്‍ അനധികൃതമായിട്ടാണ് ബാബു സൗദിയില്‍ കഴിഞ്ഞിരുന്നത് എന്നും വ്യക്തമായി. ബാബുവിന്റെ അപകടമരണത്തില്‍ സൗദിപോലീസിന്റെ അന്വേഷണവും നടന്നുവരികയാണ്. സ്‌പോണ്‍സറില്‍ നിന്നും വിട്ടുപോയതിനെ തുടര്‍ന്നുളള അനധികൃത താമസ്സമായതുകൊണ്ടും അപകടമരണമായതുകൊണ്ടുമാണ് മൃതദേഹം വിട്ടുകിട്ടുന്നതില്‍ കാലതാമസമുണ്ടായത്.
ഇത്തരം സാഹചര്യത്തില്‍ മൃതദേഹം വിട്ടുകിട്ടുന്നതിനു അത് നാട്ടിലെത്തിക്കുന്നതിനും പോലീസ് ക്ലിയറന്‍സ്, മരണസര്‍ട്ടിഫിക്കറ്റ്, എംബാമിങ്ങ് സര്‍ട്ടിഫിക്കറ്റ്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് (ആവശ്യമെങ്കില്‍) തുടങ്ങിയ നടപടക്രമങ്ങള്‍ കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇത് പരിഹരിക്കുന്നതിനാണ് നോര്‍ക്ക റൂട്ട് വൈസ് ചെയര്‍മാന്‍ കൂടിയായ എം.എ യൂസഫലി നേരിട്ട് സൗദിയിലെ സര്‍ക്കാര്‍ സംവിധാനങ്ങളുമായി ലോക കേരള സഭ വേദിയില്‍ വച്ചുതന്നെ ബന്ധപ്പെട്ടത്.
മൃതദേഹം ഏറ്റുവാങ്ങുന്നതിനുള്‍പ്പെടെ ആരുമില്ല എന്ന കാര്യവും അപേക്ഷയിലും സൂചിപ്പിച്ചിരുന്നില്ല. ഇത്തരത്തില്‍ സൂചിപ്പിക്കുകയോ അറിയിക്കുകയോ ചെയ്യുന്ന പക്ഷം ബന്ധപ്പെട്ട രാജ്യങ്ങളിലെ മലയാളി അസ്സോസിയേഷനുകളുമായോ, സന്നദ്ധസംഘടനകളുമായി ബന്ധപ്പെട്ടോ മൃതദേഹം വിട്ടുകിട്ടുന്നതിനുവേണ്ട എല്ലാ നടപടികള്‍ക്കും നോര്‍ക്കാ റൂട്ട്‌സ് സ്വീകരിക്കാറുണ്ട്. അതിനുള്ള കുറ്റമറ്റ സംവിധാങ്ങള്‍ നോര്‍ക്കയ്ക്കുണ്ട്.
അടിയന്തിര ചികിത്സയ്ക്കായ് എത്തുന്നവര്‍ക്കും മൃതദേഹം നാട്ടിലെത്തിക്കുന്നതിനും നോര്‍ക്കാ റൂട്ട്‌ലിന്റെ സൗജന്യം ആംബുലന്‍സ് സേവനവും നിലവിലുണ്ട്. കേരളത്തിലെ നാലു വിമാനത്താവളങ്ങളിലും മാംഗളൂര്‍, കോയമ്പത്തൂര്‍ വിമാനത്താവളങ്ങളിലും അംബുലന്‍സ് സേവനം ലഭ്യമാണ്.
പൊതുജനങ്ങള്‍ക്ക് നേരിട്ട് എത്തി വിവിധ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ ലക്ഷ്യമിട്ടാണ് ലോകകേരള സഭയില്‍ ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചത്്.
അവിടെ എത്തിയ എബിനും അദ്ദേഹത്തിന്റെ ആവശ്യം ഏറ്റവും വേഗത്തില്‍ ഏറ്റെടുത്ത് നടപ്പാക്കിയ ഡോ.എം.എ..യൂസഫലിക്കും ഒരിക്കല്‍ കൂടി അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു.
Read Also : യൂസഫലി ഇടപെട്ടു; കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടില്‍ അയക്കാന്‍ നടപടി തുടങ്ങി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ