Asianet News MalayalamAsianet News Malayalam

എബിന്റെ സങ്കടം യൂസഫലി കേട്ടു; അച്ഛന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കുമെന്ന് സ​ദസ്സിനെ സാക്ഷിയാക്കി ഉറപ്പ്

മൂന്ന് ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കുമെന്നായിരുന്നു ലോക കേരള സഭയിലെ ഓപ്പൺ ഫോറത്തിൽ എബിന്‍റെ സഹായ അഭ്യർത്ഥനയ്ക്കുള്ള യൂസുഫലിയുടെ ഉറപ്പ്. 

ma yusuff ali assures help to bring back dead body of expat
Author
Thiruvananthapuram, First Published Jun 18, 2022, 10:28 AM IST

തിരുവനന്തപുരം: സൗദിയിൽ മരിച്ച അച്ഛന്‍റെ മൃതദേഹം നാട്ടിലേത്തിക്കാൻ സഹായം തേടിയ നെടുമങ്ങാട് സ്വദേശി എബിന് കൈത്താങ്ങായി പ്രമുഖ വ്യവസായി എം എ യൂസുഫലി. സൗദിയിൽ ലിഫ്റ്റിന് വേണ്ടിയെടുത്ത കുഴിയിൽ വീണ് വെള്ളിയാഴ്ച മരിച്ച ബാബുവിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനാണ് വഴിയൊരുങ്ങിയത്. മൂന്ന് ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കുമെന്നായിരുന്നു ലോക കേരള സഭയിലെ ഓപ്പൺ ഫോറത്തിൽ എബിന്‍റെ സഹായ അഭ്യർത്ഥനയ്ക്കുള്ള യൂസുഫലിയുടെ ഉറപ്പ്. 

പരിപാടിയിൽ തിരുവനന്തപുരം കരകുളം ചെക്കക്കോണം കോഴിയോട് ബാബു സദനത്തിൽ എബിനാണ് അച്ഛൻ ബാബുവിന്റെ അപകട വിവരം യൂസഫലിയോട് പറഞ്ഞത്. സൗദിയിലെ ഖമിസ് മുശൈത്തിൽ ജോലിചെയ്യുന്നതിനിടയിലാണ് കഴിഞ്ഞയാഴ്ച കെട്ടിടത്തിൽ നിന്നു വീണ് എബിന്റെ അച്ഛൻ ബാബു മരിച്ചത് . പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസി വഴി മാത്രമേ കഴിയൂ എന്നാണ് അറിഞ്ഞത്. തുടർന്ന് നോർക്ക റൂട്സ് മുഖേന അപേക്ഷ നൽകി. മൃതദേഹം നാട്ടിലെത്തിക്കാൻ എന്തെങ്കിലും സഹായം ചെയ്യാൻ കഴ‍ിയുമോ എന്നതായിരുന്നു എബിന്റെ ചോദ്യം. ഉടൻ തന്നെ യൂസഫലി പിഎയെ വിളിച്ച് വിവരങ്ങൾ അന്വേഷിച്ച് സൗദിയിൽ ബന്ധപ്പെടാൻ നിർദേശം നൽകി.

പിഎ സൗദിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഫോണ‍ിൽ വിളിച്ച് യൂസഫലിക്കു കൈമാറി. തുടർന്ന് മൃതദേഹം നാട്ടിലെത്തിക്കാനുള്ള അപേക്ഷയിൽ എത്രയും വേ​ഗം നടപടി‌യെടുക്കണമെന്നും അദ്ദേഹം നിർദേശം നൽകി. വേദിയിലെത്തിയ എല്ലാവരെയും സാക്ഷിയാക്കിയായിരുന്നു അദ്ദേഹത്തിന്റെ ഇടപെടൽ. സദസ്സ് നിറഞ്ഞ കൈ‌‌‌‌‌യടിയോടെ ഇടപെടലിനെ സ്വാ​ഗതം ചെയ്തു. എബിനും വികാരാധീനനായി.

11 വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന ബാബു മൂന്ന് വർഷം മുൻപാണ് അവസാനമായി നാട്ടിലെത്തിയത്. ഒമ്പതാം തീയതിയാണ് വീട്ടുകാരുമായി അവസാനം ബന്ധപ്പെട്ടത്. പിന്നീട് ബാബുവിനെ വിളിച്ചിട്ട് കിട്ടിയില്ല. കൂടെ ജോലി ചെയ്യുന്നയാളാണ് ബാബു അപകടത്തിൽ മരിച്ചത് അറിയിച്ചത്. സ്പോൺസർ ഇല്ലാത്തതിനാൽ മൃതദേഹം നാട്ടിലെത്തിക്കാൻ ബുദ്ധിമുട്ടാണെന്നും അറിയിച്ചതോടെയാണ് കുടുംബം പ്രതിസന്ധിയിലായത്. 

Latest Videos
Follow Us:
Download App:
  • android
  • ios