സൗദിയിൽ പ്രാദേശിക ആസ്ഥാനമുള്ള വിദേശ കമ്പനികളുടെ എണ്ണം 540 ആയി ഉയര്‍ന്നു

Published : Nov 01, 2024, 05:58 PM IST
സൗദിയിൽ പ്രാദേശിക ആസ്ഥാനമുള്ള വിദേശ കമ്പനികളുടെ എണ്ണം 540 ആയി ഉയര്‍ന്നു

Synopsis

2030-ഓടെ 500 കമ്പനികൾ എന്നതായിരുന്നു ‘വിഷൻ 2030’ ലക്ഷ്യം വെച്ചത്. 

റിയാദ്: സൗദിയിൽ പ്രാദേശിക ആസ്ഥാനമുള്ള വിദേശ കമ്പനികളുടെ എണ്ണം 540 ആയി വർധിച്ചെന്ന് നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹ് വ്യക്തമാക്കി. റിയാദിൽ ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഇനിഷ്യേറ്റീവ് എട്ടാമത് അന്താരാഷ്ട്ര സമ്മേളനത്തിെൻറ ഉദ്ഘാടന സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിൽ ചിലത് ഏറ്റവും വലിയ ബഹുരാഷ്ട്ര കമ്പനികളാണ്. ‘വിഷൻ 2030’ ലക്ഷ്യം വെച്ചത് 2030-ഓടെ 500 കമ്പനികൾ എന്നതാണ്. എന്നാൽ അഞ്ച് വർഷം ബാക്കിയുള്ളപ്പോൾ തന്നെ ആ ലക്ഷ്യം മറികടന്നു.

2016-ൽ ‘വിഷൻ 2030’ ആരംഭിച്ചതിന് ശേഷം മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജി.ഡി.പി) 70 ശതമാനത്തിലധികം വളർന്നു. 2014 മുതൽ പ്രതിവർഷം നാല് മുതൽ അഞ്ച് വരെ ശതമാനം എണ്ണയിതര സമ്പദ്‌ വ്യവസ്ഥയുടെ വളർച്ചക്ക് വിഷൻ സംരംഭങ്ങൾ സംഭാവന നൽകിയിട്ടുണ്ട്. ജി20 രാജ്യങ്ങളിൽ അതിവേഗം വളരുന്ന രണ്ടാമത്തെ സമ്പദ് വ്യവസ്ഥയാണ് സൗദിയുടേതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സൗദി സാമ്പത്തിക വ്യവസ്ഥ മധ്യപൂർവേഷ്യയുടെ സാമ്പത്തിക കേന്ദ്രമാണ്. മേഖലയിലെ യുദ്ധവും ചെങ്കടലിലെ കപ്പൽഗതാഗത അസ്വസ്ഥതകളും ഇതിനെ കാര്യമായി ബാധിച്ചില്ല. കാരണം വളർച്ചയെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ തടസ്സപ്പെടുത്തുന്നതിനേക്കാൾ കൂടുതലാണ്. സമ്പദ്‌ വ്യവസ്ഥയുടെ ശക്തിയാൽ ആഗോളതലത്തിൽ വിവിധ ഭൗമരാഷ്ട്രീയ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ സൗദി അറേബ്യക്ക് കഴിഞ്ഞു.

സൗദിയിലേക്ക് 3.3 ലക്ഷം കോടി ഡോളർ നേരിട്ടുള്ള നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. അത് ഞങ്ങൾ നേടും. അതിനെ വളർച്ച മൂലധന സമവാക്യം എന്ന് ഞങ്ങൾ വിളിക്കുന്നു. ഈ സമവാക്യം വർഷം തോറും എട്ട് ശതമാനം എന്നതിന് തുല്യമായി വളരുകയാണ്. ‘വിഷൻ 2030’ ആരംഭിച്ചതിന് ശേഷം രാജ്യത്ത് പ്രവർത്തിക്കാൻ നിേക്ഷപ ലൈസൻസ് നേടിയ വിദേശ കമ്പനികളുടെ എണ്ണം 10 മടങ്ങ് വർധിച്ചു. വിനോദസഞ്ചാര മേഖലയിൽ, കഴിഞ്ഞ വർഷം സൗദിയിലെത്തിയ ടൂറിസ്റ്റുകളുടെയും സന്ദർശകരുടെയും എണ്ണം 10 കോടി ആയതായും മന്ത്രി പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ റിയാദിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര കൺവെൻഷൻ സെൻററിലാണ് മൂന്നു ദിവസം നീളുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഇനിഷ്യേറ്റീവ് സമ്മേളനത്തിെൻറ എട്ടാമത് പതിപ്പിന് തുടക്കമായത്. ‘ഒരു അനന്തമായ ചക്രവാളം, നാളെയെ രൂപപ്പെടുത്താൻ ഇന്ന് നിക്ഷേപിക്കുന്നു’ എന്ന ടാഗലൈനിൽ നടക്കുന്ന സമ്മേളനം വ്യാഴാഴ്ച സമാപിക്കും. 5,000 അതിഥികളും 500 പ്രഭാക്ഷകരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. 200 സെഷനുകളിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. പ്രത്യേകിച്ച് ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള പുതിയ തന്ത്രങ്ങൾ, ആഗോള സമ്പദ്‌ വ്യവസ്ഥയിൽ ആഫ്രിക്കയുടെ പങ്ക്, നേതൃത്വസ്ഥാനങ്ങളിൽ സ്ത്രീകളുടെ പങ്ക് വർധിപ്പിക്കൽ, സാമ്പത്തിക സ്ഥിരത, തുല്യ വികസനം, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കൽ, സൈബർ സുരക്ഷ, നിർമിത ബുദ്ധി, നവീകരണം, ആരോഗ്യം, ജിയോപൊളിറ്റിക്കൽ പ്രശ്നങ്ങൾ തുടങ്ങിയവ ഇതിലുൾപ്പെടും.

ഈ സമ്മേളനം റെക്കോർഡ് സൃഷ്ടിക്കുമെന്ന് ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഇനിഷ്യേറ്റീവ് സി.ഇ.ഒ റിച്ചാർഡ് അതിയാസ് പറഞ്ഞു. വിവിധ മേഖലകളിലായി 28 ശതകോടി ഡോളറിെൻറ അന്താരാഷ്ട്ര ഇടപാടുകളുടെ പ്രഖ്യാപനത്തിന് സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ