
ദോഹ: ഖത്തറിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ ഓൾഡ് ദോഹ പോർട്ടിനെ തണുപ്പിക്കാൻ ഓപൺ എയർ കൂളിങ് സിസ്റ്റം വരുന്നു. മിനാ ഡിസ്ട്രിക്ടിലെ നടപ്പാതകളിലും വാട്ടർഫ്രണ്ടിലുമൊക്കെ നടക്കാനിറങ്ങുന്നവർക്ക് കനത്ത ചൂട് കാലത്തും ആശ്വാസത്തിന്റെ തണുപ്പ് പകരുന്ന രീതിയിലാണ് പുതിയ ശീതികരണ സംവിധാനം ഒരുക്കുന്നത്.
ഈ മാസം നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന ഓപ്പൺ എയർ എ.സി ഈ വർഷം നവംബറിൽ നടക്കുന്ന ഖത്തർ ബോട്ട് ഷോയ്ക്ക് മുമ്പായി പൂർത്തിയാക്കുമെന്ന് ഓൾഡ് ദോഹ പോർട്ട് അധികൃതർ അറിയിച്ചു. അടുത്ത വർഷത്തെ വേനൽക്കാലത്ത് പൂർണതോതിൽ പ്രവർത്തനക്ഷമമാവും. മിനി ഡിസ്ട്രിക്റ്റിലെ മുഴുവൻ നടപ്പാതയെയും ഉൾക്കൊണ്ടാണ് ഈ ഓപൺ എയർ കൂളിങ് സിസ്റ്റം പൂർത്തിയാക്കുക. 530 മീറ്ററോളം നീളം വരും. അത്യാധുനിക സാങ്കേതിക വിദ്യകളും പരിസ്ഥിതി സൗഹൃദ സംവിധാനങ്ങളും ഉപയോഗിച്ചാണ് ഇവ സജ്ജമാക്കുന്നത്. ശീതീകരിച്ച അത്യാധുനിക ഭൂഗർഭ പൈപ്പ്ലൈനുകളുപയോഗിച്ച് തുറമുഖത്തിന്റെ തീരദേശ സൗന്ദര്യം സംരക്ഷിക്കുന്നതിനൊപ്പം, ഏറ്റവും ചൂടേറിയ മാസങ്ങളിൽ അന്തരീക്ഷത്തിന് തണുത്ത താപനില നിലനിർത്താനും ഈ സംവിധാനം സഹായിക്കും. കടൽക്കാഴ്ചകളെ തടസ്സപ്പെടുത്താതിരിക്കാൻ നടപ്പാതയിൽ ഗ്ലാസ് പാനലുകളാണ് നൽകുന്നത്.
ഏതു കാലാവസ്ഥയിലും ആകർഷകമായ ടൂറിസം കേന്ദ്രമാക്കി ഓൾഡ് ദോഹ തുറമുഖത്തെ മാറ്റുന്നതിൽ നിർണായകമാണ് ഈ പദ്ധതിയെന്ന് സി.ഇ.ഒ എൻജി. മുഹമ്മദ് അബ്ദുല്ല അൽ മുല്ല പറഞ്ഞു.
ക്രൂയിസ് ടെർമിനലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഓൾഡ് ദോഹ പോർട്ട് സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രിയപ്പെട്ട ഇടമാണ്. ബോട്ട് ഷോ, ഫിഷിങ് എക്സിബിഷൻ, പ്രീ ഓൺഡ് ബോട്ട് ഷോ തുടങ്ങിയ വിവിധ പരിപാടികളുമായി സജീവമാകുന്ന ഓൾഡ് പോർട്ടിനെ ഏത് കാലത്തും സന്ദർശകരെ സ്വാഗതം ചെയ്യാൻ സജ്ജമാക്കുന്നതാവും ഓപൺ എയർ കൂളിങ് സിസ്റ്റം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam