കേരള പ്രളയ ദുരിതാശ്വാസ ഫണ്ട് വകമാറ്റി, വിദ്യാർഥികൾ വഴി പിരിച്ചത് 50 ലക്ഷം രൂപ, സാമ്പത്തിക അച്ചടക്ക തകർച്ചയിൽ ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡ്

Published : Jan 18, 2026, 06:06 PM IST
oman indian school board

Synopsis

ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡിന്‍റെ സാമ്പത്തിക അച്ചടക്ക തകർച്ചക്കെതിരെ രൂക്ഷ വിമർശനം. ഒമാൻ കോടതി ചുമത്തിയ 23 കോടി രൂപയുടെ ഭീമമായ പിഴയും, കേരള പ്രളയ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതായുള്ള ബോർഡിന്‍റെ ഔദ്യോഗിക സമ്മതവും ഒന്നിച്ചുവന്നതോടെയാണ് ആശങ്ക.

മസ്‌കറ്റ്: ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡിന്‍റെ സാമ്പത്തിക അച്ചടക്കവും ഭരണസമിതിയുടെ പ്രവർത്തന ശൈലിയും വീണ്ടും ഗുരുതര വിമർശനങ്ങൾക്ക് വിധേയമാകുന്നു. ലീസ് ഹോൾഡ് കരാർ ലംഘിച്ചതിന് ഒമാൻ കോടതി ചുമത്തിയ 23 കോടി രൂപയുടെ ഭീമമായ പിഴയും, കേരള പ്രളയ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതായുള്ള ബോർഡിന്‍റെ ഔദ്യോഗിക സമ്മതവും ഒന്നിച്ചുവന്നതോടെ, ബോർഡിന്‍റെ നടത്തിപ്പിനെതിരെ രക്ഷിതാക്കളുടെ ആശങ്കയും പ്രതിഷേധവും ശക്തമാകുകയാണ്.

2014ന് ശേഷം സ്കൂൾ ബോർഡിന്‍റെ ഭരണസമിതിയിൽ രൂപപ്പെട്ട കെടുകാര്യസ്ഥതയും സാമ്പത്തിക അവ്യവസ്ഥയും തന്നെയാണ് ഇന്നത്തെ ഈ പ്രതിസന്ധികൾക്ക് കാരണമെന്നാണ് രക്ഷിതാക്കളുടെ പൊതുവായ വിലയിരുത്തൽ.

23 കോടി രൂപയുടെ കോടതി പിഴ

ബർഖാ വിലായത്തിലെ അൽ ജനിനയിൽ ഇന്ത്യൻ സ്കൂൾ ആരംഭിക്കുന്നതിനായി 2015ൽ കെട്ടിട ഉടമയുമായി ഒപ്പുവച്ച 20 വർഷത്തെ ലീസ് ഹോൾഡ് കരാർ ലംഘിച്ചതിന് ഒമാൻ കോടതി ഇന്ത്യൻ സ്കൂൾ ബോർഡിന് 949,659.200 ഒമാനി റിയാൽ (ഏകദേശം 23 കോടി ഇന്ത്യൻ രൂപ) പിഴ ചുമത്തുകയായിരുന്നു. നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് വിധി വന്നത്. പിഴത്തുകയ്ക്കൊപ്പം കേസ് നടത്തിപ്പ് ചെലവുകളും ബോർഡ് അടയ്ക്കേണ്ടിവന്നു.

പ്രധാനപ്പെട്ട കാര്യം, ഈ മുഴുവൻ തുകയും ബോർഡ് ഇതിനകം അടച്ചുകഴിഞ്ഞു എന്നതാണ്. എന്നാൽ, ഈ പണം എവിടെ നിന്നാണ് കണ്ടെത്തിയത്? രക്ഷിതാക്കളുടെ അനുമതിയോ അറിവോ ഇതിൽ ഉണ്ടായിരുന്നോ? കരാർ ലംഘനം സംഭവിച്ച സാഹചര്യങ്ങൾ എന്തൊക്കെയായിരുന്നു? ഇത്തരം ചോദ്യങ്ങൾക്ക് ബോർഡ് ഇതുവരെ വ്യക്തമായ മറുപടി നൽകിയിട്ടില്ല. ഒമാനിലെ ഇന്ത്യൻ സമൂഹം ഒമാൻ നീതിന്യായ സംവിധാനത്തെ പൂർണമായി ബഹുമാനിക്കുന്നുവെന്ന് രക്ഷിതാക്കൾ വ്യക്തമാക്കുന്നു.

കോടതി വിധി തന്നെ ബോർഡിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന സന്ദേശമാണ് നൽകുന്നതെന്ന് അവർ പറയുന്നു. എന്നാൽ കോടതി വിധിക്ക് ശേഷം പോലും രക്ഷിതാക്കൾക്ക് മുന്നിൽ വന്ന് വിശദീകരണം നൽകാൻ ബോർഡ് തയ്യാറാകാത്തത് സാമ്പത്തിക സുതാര്യതയില്ലായ്മയുടെയും ഉത്തരവാദിത്വ രഹിതത്വത്തിന്റെയും തെളിവാണെന്നാണ് വിമർശനം.

ഒമാനിലെ 22 ഇന്ത്യൻ സ്കൂളുകളിലായി 47,000ലധികം വിദ്യാർഥികളാണ് ഇന്ത്യൻ സ്കൂൾ ബോർഡിന്റെ കീഴിൽ പഠിക്കുന്നത്. സ്കൂളുകളുടെ പ്രധാന വരുമാന സ്രോതസ്സ് വിദ്യാർഥികളുടെ ഫീസ് മാത്രമാണ്. ഭീമമായ പിഴയുടെ ഭാരം ഫീസ് വർധനയിലൂടെ രക്ഷിതാക്കളിലേക്ക് കൈമാറുമോ എന്ന ആശങ്ക ശക്തമാണ്. 'ഇതിനകം തന്നെ ഉയർന്ന ഫീസാണ്. ഇനി വീണ്ടും അധിക തുക ആവശ്യപ്പെട്ടാൽ അത് വലിയ തിരിച്ചടിയാകും' – രക്ഷിതാക്കൾ പറയുന്നു.

കേരള പ്രളയഫണ്ട്

ഇതിനിടെയാണ് സ്കൂൾ ബോർഡിന്റെ മറ്റൊരു ഗുരുതര സാമ്പത്തിക വിവാദവും പുറത്തുവന്നത്. 2018ലെ കേരള മഹാപ്രളയത്തെ തുടർന്ന് വിദ്യാർഥികളിലൂടെ പിരിച്ചെടുത്ത 23,000 റിയാലിലധികം (50 ലക്ഷത്തോളം രൂപ)കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയില്ലെന്ന് ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

മസ്‌കത്തിലെ ദാർസൈത്ത് ഇന്ത്യൻ സ്കൂളിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ഈ തുക ഒമാനിലെ സ്കൂൾ നിർമ്മാണ പ്രവർത്തനങ്ങൾക്കായി വകമാറ്റി ചെലവഴിച്ചുവെന്ന് ബോർഡ് വ്യക്തമാക്കിയത്. ദുരിതബാധിതരെ സഹായിക്കണമെന്ന ഉദ്ദേശത്തോടെ മനസ്സുതുറന്ന് സംഭാവന നൽകിയ വിദ്യാർഥികളോടും രക്ഷിതാക്കളോടും നടത്തിയ കടുത്ത അനീതിയാണിതെന്ന് രക്ഷിതാക്കളുടെ പ്രതിനിധികൾ ആരോപിച്ചു.

15 അംഗ ഭരണസമിതിയുള്ള ഇന്ത്യൻ സ്കൂൾ ബോർഡിൽ രക്ഷിതാക്കളുടെ നേരിട്ടുള്ള പ്രതിനിധിത്വം വെറും 33.33 ശതമാനം മാത്രമാണ്. മസ്കറ്റ് ഇന്ത്യൻ സ്കൂളിൽ നിന്നു മാത്രമുള്ള തെരഞ്ഞെടുപ്പ്, നോമിനേഷനുകളും എംബസി പ്രതിനിധികളും പ്രമോട്ടർ സ്കൂളുകളുടെ ആധിപത്യം ഇതെല്ലാം ചേർന്നാണ് രക്ഷിതാക്കളുടെ ശബ്ദം ബോർഡിൽ ദുർബലമാകുന്നതെന്ന വിമർശനം.

രക്ഷിതാക്കളുടെ പ്രധാന ആവശ്യങ്ങൾ

23 കോടി രൂപ പിഴ അടച്ചതിന്റെ വിശദമായ ധനസ്രോതസ്സ് വ്യക്തമാക്കുക, കഴിഞ്ഞ വർഷങ്ങളിലെ ഓഡിറ്റ് ചെയ്ത ധനകാര്യ റിപ്പോർട്ടുകൾ പൊതുജനങ്ങൾക്ക് പുറത്തുവിടുക, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികൾ തെരഞ്ഞെടുപ്പിലൂടെ രൂപീകരിക്കുക, ഇനി ഒരിക്കലും ഫണ്ടുകൾ വകമാറ്റില്ലെന്ന് ഉറപ്പുനൽകുക എന്നിവയാണ് രക്ഷിതാക്കളുടെ ആവശ്യങ്ങൾ.

കോടതി പിഴയും പ്രളയഫണ്ട് വിവാദവും ചേർന്ന ഈ സംഭവവികാസങ്ങൾ ഇന്ത്യൻ സ്കൂൾ ബോർഡിലെ സാമ്പത്തിക അച്ചടക്കമില്ലായ്മയുടെ വ്യക്തമായ ചിത്രം തന്നെയാണ് പുറത്തുകൊണ്ടുവരുന്നത്. ഭരണ വീഴ്ചകളുടെ വില ഒടുവിൽ അടയ്ക്കേണ്ടി വരുന്നത് രക്ഷിതാക്കളും വിദ്യാർഥികളും തന്നെയാണെന്ന യാഥാർഥ്യമാണ് വലിയ ആശങ്ക.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സുരക്ഷയുടെ അബുദാബി മോഡൽ, തുടർച്ചയായ പത്താം വർഷവും ഒന്നാമതെത്തി യുഎഇ തലസ്ഥാനം
നാട്ടിൽ സ്കൂട്ടർ ഓടിച്ചുള്ള പരിചയം, ഇപ്പോൾ ബസും ട്രക്കും വരെ വഴങ്ങും! ദുബൈയിലെ എല്ലാ ലൈസൻസുകളും സുജയ്ക്ക് സ്വന്തം