
മസ്കറ്റ്: ഒമാനിലേക്ക് ജോലിക്കെത്തുന്ന വിദേശ തൊഴിലാളികൾക്ക് അവരുടെ അവകാശങ്ങളും ചുമതലകളും മനസ്സിലാക്കിക്കൊടുക്കാനും ആവശ്യഘട്ടങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളെ എളുപ്പത്തിൽ സമീപിക്കാനും ലക്ഷ്യമിട്ട് മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ ബോധവൽക്കരണ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. മനുഷ്യക്കടത്ത് പ്രതിരോധിക്കാനുള്ള ദേശീയ സമിതിയുടെ നേതൃത്വത്തിലാണ് ഈ സുപ്രധാന പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
തൊഴിലാളികൾ ചൂഷണങ്ങൾക്ക് ഇരയാകുന്നതിന് മുൻപ് തന്നെ അവർക്ക് ബോധവത്കരണം നൽകുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. വിമാനത്താവളത്തിലെത്തുന്ന തൊഴിലാളികൾക്ക് ഔദ്യോഗികവും വിശ്വസനീയവുമായ സ്രോതസ്സുകളിൽ നിന്ന് നേരിട്ട് വിവരങ്ങൾ ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും. തൊഴിലുടമയെയോ റിക്രൂറ്റിംഗ് ഏജന്‍റുമാരെയോ മാത്രം ആശ്രയിക്കുന്ന രീതിക്ക് ഇതിലൂടെ മാറ്റം വരും. ആദ്യഘട്ടത്തിൽ 13 വ്യത്യസ്ത ഭാഷകളിൽ ലഭ്യമായ സമിതിയുടെ വെബ്‌സൈറ്റും ബോധവൽക്കരണ സാമഗ്രികളും പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ സ്ക്രീനുകൾ വിമാനത്താവളത്തിൽ സ്ഥാപിക്കും. വിവിധ രാജ്യങ്ങളുടെ എംബസി നമ്പറുകളും സമിതിയുടെ ഹോട്ട്‌ലൈൻ നമ്പറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രണ്ടാം ഘട്ടത്തിൽ തൊഴിലാളികളുമായി നേരിട്ട് സംവദിക്കാനും, തൊഴിലുടമയുടെ പേര്, നിശ്ചയിക്കപ്പെട്ട ശമ്പളം തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ പരിശോധിച്ച് അവരെ ബോധവൽക്കരിക്കാനുമായി ലേബർ മിനിസ്ട്രിയിലെ ഒരു ഉദ്യോഗസ്ഥനെ പ്രത്യേകമായി നിയമിക്കും. മനുഷ്യക്കടത്ത് തടയുന്നത് കുറ്റകൃത്യം നടന്നതിന് ശേഷമുള്ള നടപടികളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും മറിച്ച് ബോധവൽക്കരണത്തിലൂടെയും പ്രതിരോധത്തിലൂടെയുമാണ് അത് തുടങ്ങേണ്ടതെന്നും കുറ്റാന്വേഷണ വിഭാഗം ജനറൽ ഡയറക്ടറും മനുഷ്യക്കടത്ത് പ്രതിരോധ സമിതി ഉപാധ്യക്ഷനുമായ ബ്രിഗേഡിയർ ജമാൽ ബിൻ ഹബീബ് അൽ ഖുറൈശി വ്യക്തമാക്കി.
തൊഴിലാളികൾ ഒമാനിൽ എത്തുന്ന ആദ്യ നിമിഷം മുതൽ അവകാശങ്ങളെക്കുറിച്ചുള്ള ശരിയായ അറിവ് നൽകുന്നത് സുപ്രധാനമായ ഒരു മുൻകരുതലാണെന്ന് ഒമാൻ വർക്കേഴ്സ് ജനറൽ യൂണിയൻ ഡയറക്ടർ ജനറലും സമിതി അംഗവുമായ ജാസിം ബിൻ ഹമൂദ് അൽ മാൽക്കി അഭിപ്രായപ്പെട്ടു. അടിസ്ഥാന തൊഴിൽ അവകാശങ്ങൾ, വേതനം, ജോലി സമയം, പരാതികൾ നൽകേണ്ട വിധം, പാസ്‌പോർട്ട് പിടിച്ചുവെക്കൽ പോലെയുള്ള ചൂഷണങ്ങൾക്കെതിരെയുള്ള മുൻകരുതലുകൾ എന്നിവ ഈ കേന്ദ്രത്തിലൂടെ തൊഴിലാളികൾക്ക് മനസ്സിലാക്കാം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് ഭാഷാ തടസ്സമില്ലാതെ കാര്യങ്ങൾ മനസ്സിലാക്കാൻ 13 ഭാഷകളിലാണ് ഈ സേവനം സജ്ജീകരിച്ചിരിക്കുന്നത്. തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിലും നിയമങ്ങൾ നടപ്പിലാക്കുന്നതിലും ഒമാൻ വർക്കേഴ്സ് ജനറൽ യൂണിയനും എംബസികളും സമിതിയുമായി ചേർന്ന് സജീവമായി പ്രവർത്തിക്കുന്നുണ്ട്. വിമാനത്താവളത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഒമാനിലെ വിവിധ രാജ്യങ്ങളുടെ അംബാസഡർമാരും ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam