പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളെ തുടർന്ന് സിംഗപ്പൂരിനും ദുബായിക്കുമിടയിലുള്ള വിമാന സർവീസുകൾ സിംഗപ്പൂർ എയർലൈൻസ് റദ്ദാക്കി. ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് തുക പൂർണ്ണമായി തിരികെ നൽകുമെന്ന് എയർലൈൻസ് അറിയിച്ചു. യാത്രക്കാർ തങ്ങളുടെ കോൺടാക്റ്റ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനും നിർദ്ദേശമുണ്ട്.

ദുബായ്: പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളെ തുടർന്ന് സിംഗപ്പൂരിനും ദുബായിക്കുമിടയിലുള്ള വിമാന സർവീസുകൾ 2027 ഫെബ്രുവരി 28 വരെ റദ്ദാക്കി സിംഗപ്പൂർ എയർലൈൻസ്. വെള്ളിയാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിലാണ് വിമാനക്കമ്പനി സർവീസുകൾ റദ്ദാക്കിയ വിവരം അറിയിച്ചത്. സിംഗപ്പൂരിൽ നിന്ന് ദുബായിലേക്കുള്ള എസ്ക്യു 494, ദുബായിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള തിരികെ യാത്രയായ എസ്ക്യു495 എന്നീ രണ്ട് പ്രധാന സർവീസുകളെയാണ് ഈ തീരുമാനം ബാധിക്കുന്നത്. നിലവിലെ സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് മറ്റ് സർവീസുകളെയും ഇത് ബാധിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകിയ എയർലൈൻസ്, യാത്രക്കാരോട് വെബ്‌സൈറ്റിലെ 'ഫ്ലൈറ്റ് സ്റ്റാറ്റസ്' പേജ് പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

സർവീസ് റദ്ദാക്കിയ വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് ഉപയോഗിക്കാത്ത ടിക്കറ്റ് തുക പൂർണ്ണമായി തിരികെ നൽകും. സിംഗപ്പൂർ എയർലൈൻസ് വെബ്‌സൈറ്റ് വഴി നേരിട്ട് ടിക്കറ്റെടുത്തവർക്ക് എയർലൈൻസിന്റെ ഓൺലൈൻ 'അസിസ്റ്റൻസ് റിക്വസ്റ്റ് ഫോം' വഴി റീഫണ്ടിന് അപേക്ഷിക്കാം. ട്രാവൽ ഏജന്റുകൾ വഴിയോ മറ്റ് പാർട്ണർ എയർലൈനുകൾ വഴിയോ ടിക്കറ്റ് എടുത്തവർ ബന്ധപ്പെട്ട ഏജൻസികളെയോ ഏയർലൈനുകളെയോ നേരിട്ട് ബന്ധപ്പെടേണ്ടതാണ്.

യാത്രക്കാരുടെ കോൺടാക്റ്റ് വിവരങ്ങൾ വെബ്‌സൈറ്റിലെ 'മാനേജ് ബുക്കിംഗ്' വഴി കൃത്യമായി അപ്‌ഡേറ്റ് ചെയ്യാനും മൊബൈൽ നോട്ടിഫിക്കേഷൻ സേവനങ്ങൾ പ്രയോജനപ്പെടുത്താനും നിർദ്ദേശമുണ്ട്. പെട്ടെന്നുണ്ടായ ഈ തടസ്സം ബാധിക്കപ്പെട്ട എല്ലാ ഉപഭോക്താക്കളോടും സിംഗപ്പൂർ എയർലൈൻസ് ഖേദം പ്രകടിപ്പിച്ചു.