
റിയാദ്: സൗദി അറേബ്യയിൽ മദീനയ്ക്ക് സമീപമുണ്ടായ ബസ് അപകടത്തിൽ 45 ഇന്ത്യൻ ഉംറ തീർത്ഥാടകർ മരിച്ചപ്പോൾ, മുഹമ്മദ് അബ്ദുൾ ഷൊഐബ് എന്ന 24കാരൻ മാത്രമാണ് രക്ഷപ്പെട്ടത്. മക്കയിൽ നിന്ന് മദീനയിലേക്ക് പോവുകയായിരുന്ന ബസ് ഒരു ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചപ്പോൾ ഷൊഐബ് ഡ്രൈവർക്ക് സമീപമായിരുന്നു ഇരുന്നിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകൾ. ഹൈദരാബാദ് സ്വദേശിയാണ് ഷൊഐബ്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനിലയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ലെന്ന് വൃത്തങ്ങൾ അറിയിച്ചു.
പുലർച്ചെ 1:30 ഓടെ എണ്ണ ടാങ്കറുമായി കൂട്ടിയിടിച്ച ബസിൽ ഏകദേശം 46 പേർ ഉണ്ടായിരുന്നു എന്നാണ് കരുതുന്നത്. സഹായം ഏകോപിപ്പിക്കാനായി ജിദ്ദയിലെ ഇന്ത്യൻ മിഷൻ ഒരു കൺട്രോൾ റൂം തുറന്നിട്ടുണ്ട്. നിലവിൽ റഷ്യ സന്ദർശിക്കുന്ന വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അപകടത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. "റിയാദിലെ ഞങ്ങളുടെ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും ഈ അപകടത്തിൽപ്പെട്ട ഇന്ത്യൻ പൗരന്മാർക്കും കുടുംബങ്ങൾക്കും എല്ലാ പിന്തുണയും നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മക്കയിൽ നിന്ന് മദീനയിലേക്കുള്ള യാത്രയ്ക്കിടെയാണ് ദാരുണ അപകടം ഉണ്ടായത്. ഉംറ തീർത്ഥാടർ ഉൾപ്പെട്ട സമീപകാലത്തെ ഏറ്റവും വലിയ അപകടം. ഇന്ത്യൻ സമയം രാത്രി ഒന്നരയ്ക്കാണ് അപകടം ഉണ്ടായത്. മദീനയിലെത്തുന്നതിന് 160 കിലോമീറ്റർ അകലെ മുഹറഹാത്തിലാണ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തിയത്. ആളിപ്പടർന്ന തീയിൽ തിരിച്ചറിയാൻ കഴിയാത്ത വിധം മൃതദേഹങ്ങൾ കത്തിക്കരിഞ്ഞു. ഒരാൾ മാത്രമാണ് രക്ഷപ്പെട്ടതെന്ന് അനൗദ്യോഗിക വിവരം. ഇത് സ്ഥിരീകരിക്കപ്പടേണ്ടതുണ്ട്. സംഘത്തിൽ 20 പേർ സ്ത്രീകളും 11 കുട്ടികളുമെന്നാണ് റിപ്പോർട്ട്. മരണസംഖ്യ അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സിവിൽ ഡിഫൻസും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയതും തീയണച്ചതും. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന് കീഴിൽ ഹെൽപ്പ് ലൈൻ നമ്പറുകൾ പ്രവർത്തനം തുടങ്ങി. ആശുപത്രികളിലും മറ്റുമായി കോൺസുലേറ്റ് ജീവനക്കാരെയും വളണ്ടിയർമാരെയും വിന്യസിച്ചിട്ടുണ്ട്. ഉംറ കർമ്മങ്ങൾ നിർവ്വഹിച്ച് മക്കയിൽ നിന്ന് മദീനയിലേക്ക് പോയവരാണ് തീർത്ഥാടക സംഘം. അപകടം എങ്ങനെയെന്നതിലും വിശദമായ വിവരങ്ങൾ വരേണ്ടതുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ