
കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ പ്രദേശങ്ങളില്‍ സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക് ആഭ്യന്തര മന്ത്രാലയം രൂപം നല്‍കി. വിവിധ പരിശോധനാ ക്യാമ്പയിനുകള്‍ക്ക് കൂടി സഹായകമാവുന്ന തരത്തിലായിരിക്കും നടപടികള്‍. യുവാക്കള്‍ സ്ഥിരമായി ഒത്തുചേരുന്ന പ്രദേശങ്ങളിലും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംശയിക്കപ്പെടുന്ന സ്ഥലങ്ങളിലും സ്ഥിരം സെക്യൂരിറ്റി ചെക്ക് പോയിന്റുകളും സ്ഥാപിക്കും.
ജലീബ് അല്‍ ശുയൂഖ്, മഹ്‍ബുല പ്രദേശങ്ങളില്‍ ദിവസവും അര്‍ദ്ധരാത്രി വരെ നിരീക്ഷണവും പരിശോധനയും നടത്താനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. ജലീബ് അല്‍ ശുയൂഖിലും മഹ്‍ബുലയിലും സ്ഥരമായ സെക്യൂരിറ്റി പോയിന്റുകള്‍ സ്ഥാപിക്കും. ഇവിടെ വൈകുന്നേരം ആറ് മണി മുതല്‍ അര്‍ദ്ധരാത്രി വരെ പരിശോധനകളുണ്ടാവും. താമസ നിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്ന പ്രവാസികളെ പിടികൂടുന്നതു മുതല്‍ ക്രമസമാധാനം കാത്തുസൂക്ഷിക്കാനും പൊതുമര്യാദകളുടെ ലംഘനം തടയാനും വിവിധ കേസുകളില്‍ പൊലീസ് അന്വേഷിക്കുന്നവരെയും മയക്കുമരുന്ന് കടത്തുകാരെയും പിടികൂടാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.
പുതിയ തീരുമാനങ്ങള്‍ സംബന്ധിച്ച് വിവിധ മേഖലകളിലെ സെക്യൂരിറ്റി ഡയറക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും ഇത് പ്രകാരമായിരിക്കും സെക്യൂരിറ്റി ചെക് പോയിന്റുകള്‍ സ്ഥാപിക്കുകയെന്നുമാണ് റിപ്പോര്‍ട്ട്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും മറ്റ് നിയമലംഘനങ്ങളും വലിയൊരു അളവുവരെ തടയാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Read also: കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ തീപിടുത്തം; നിരവധിപ്പേര്‍ക്ക് പരിക്ക്
കഴിഞ്ഞ ദിവസം ശര്‍ഖ് ഫിഷ് മാര്‍ക്കറ്റില്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 24 താമസ നിയമലംഘകരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ ആറുപേര്‍ സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവരാണ്. കാലാവധി കഴിഞ്ഞ താമസവിസയുള്ള രണ്ടുപേരും പിടിയിലായവരില്‍പ്പെടുന്നു. സുരക്ഷാസേനകളുമായി സ്വദേശികളും വിദേശികളും സഹകരിക്കണമെന്നും താമസ, തൊഴില്‍ നിയമലംഘകര്‍ക്ക് ജോലി നല്‍കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം സബാഹ് അല്‍ സലിം, ജലീബ് അല്‍ ശുയൂഖ് എന്നിവിടങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ അഡ്‍മിനിസ്ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്‍സ് ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നു. താമസ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയ 19 പ്രവാസികളെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്‍തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകരെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.
Read also: കുടുംബ വിസകള്‍ അനുവദിക്കുന്നതിലെ നിയന്ത്രണം നീക്കുമെന്ന് റിപ്പോര്‍ട്ട്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam