
ദുബൈ: കനത്ത മഴയിൽ ദുബൈ നഗരത്തിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ ദുരിതങ്ങൾ ലഘൂകരിക്കാനും രാത്രി മുഴുവൻ വിശ്രമമില്ലാതെ പണിയെടുത്തത് ആയിരക്കണക്കിന് ഉദ്യോഗസ്ഥരാണ്. റോഡുകളിലെ വെള്ളക്കെട്ട് നീക്കം ചെയ്യാനും ഗതാഗതം നിയന്ത്രിക്കാനും ജനവാസ മേഖലകൾ സുരക്ഷിതമാക്കാനും പൊലീസ് സേനയും മറ്റ് അടിയന്തര വിഭാഗങ്ങളും കർമ്മനിരതരാണ്. ദുബൈയിലും ഷാര്‍ജയിലുമെല്ലാം പ്രധാന റോഡുകളില്‍ ടാങ്കറുകളെത്തി വെള്ളം വറ്റിക്കുന്ന ജോലികൾ തുടരുകയാണ്.
അയൽ രാജ്യങ്ങളിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ നിരീക്ഷിച്ചു കൊണ്ട് അധികൃതർ നേരത്തെ തന്നെ സുരക്ഷാ നടപടികൾ ആരംഭിച്ചിരുന്നു. പൊലീസിന്‍റെ പട്രോളിംഗ്, റെസ്ക്യൂ വിഭാഗങ്ങളുടെ ഏകദേശം 70 ശതമാനവും ഹത്ത ഉൾപ്പെടെയുള്ള നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചു. ഉദ്യോഗസ്ഥരുടെ ജോലി സമയം വർധിപ്പിച്ചു. 22 പ്രത്യേക രക്ഷാസംഘങ്ങളെയാണ് നിയോഗിച്ചത്. ഇതിൽ 13 കരസേനാ ടീമുകളും കടൽതീരങ്ങൾ കേന്ദ്രീകരിച്ച് 9 കടൽ രക്ഷാസംഘങ്ങളും ഉൾപ്പെടുന്നു. വെള്ളക്കെട്ടുള്ള റോഡുകളിൽ കുടുങ്ങിയ വാഹനങ്ങളെ സഹായിക്കാനും അപകട സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങൾ, മലയോര മേഖലകൾ, തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാനും പൊലീസ് ജാഗ്രത പുലർത്തി.
ദുബൈ പൊലീസ്, റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി, ദുബൈ മുനിസിപ്പാലിറ്റി, സിവിൽ ഡിഫൻസ്, ദുബൈ ആംബുലൻസ് സർവീസ്, ദേവ, ദുബൈ മീഡിയ ഓഫീസ് എന്നിവയുടെ സംയുക്ത ഏകോപനത്തിലൂടെയാണ് പ്രവർത്തനങ്ങൾ നടന്നത്. അടിയന്തര സാഹചര്യങ്ങളിൽ 999 എന്ന നമ്പറിലും അടിയന്തരമല്ലാത്ത പരാതികൾക്ക് 901 എന്ന നമ്പറിലും ബന്ധപ്പെടാൻ പൊലീസ് സൗകര്യമൊരുക്കിയിരുന്നു.
ദുബൈയിൽ മഴയെ തുടർന്ന് അടച്ച പൊതു പാര്‍ക്കുകളും ബീച്ചുകളും തുറന്നു. അബുദാബിയിലും പാര്‍ക്കുകളും ബീച്ചുകളും തുറന്നു. വെള്ളക്കെട്ടിൽ വാഹനം കുടുങ്ങിയവർക്ക് ഇൻഷുറൻസ് ലഭിക്കുന്നതിനുള്ള പൊലീസ് സർട്ടിഫിക്കറ്റ് ഓൺലൈനായി നൽകുന്നതിനുള്ള സൗകര്യം ഷാർജ പൊലീസ് ഏർപ്പെടുത്തി. വെബ്സൈറ്റ് വഴിയും സ്മാർട് ആപ്ലിക്കേഷൻ വഴിയും പൊലീസ് സർട്ടിഫിക്കറ്റ് ലഭിക്കും. കേടുപറ്റിയ വാഹനത്തിന്റെ ചിത്രം അപ്‌ലോഡ് ചെയ്താൽ ഒരുദിവസത്തിനകം സർട്ടിഫിക്കറ്റ് നൽകാനുള്ള നടപടിയാണ് സ്വീകരിച്ചതെന്നു ഷാർജ പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam