ചരിത്രം കുറിച്ച് മാര്‍പാപ്പയുടെ ബഹ്റൈന്‍ സന്ദര്‍ശനം; ഐക്യത്തിനായി ആഹ്വാനം

By Jojy JamesFirst Published Nov 14, 2022, 5:51 PM IST
Highlights

മാനവികതയെ തകര്‍ക്കാൻ ആരെയും അനുവദിക്കരുതെന്നും ഐക്യത്തിനായി ഒന്നിച്ച് നിൽക്കാമെന്നുമായിരുന്നു മാര്‍പാപ്പയുടെ ആഹ്വാനം.

 മനാമ: ഫ്രാൻസിസ് മാര്‍പാപ്പയുമായി അലിറ്റാലിയയുടെ ഷെപ്പേഡ് വണ്‍ ബഹ്റൈൻ രാജ്യാന്തര വിമാനത്താവളത്തിൽ പറന്നിറങ്ങിയപ്പോൾ പിറന്നത് പുതിയ ചരിത്രമായിരുന്നു. സാഹോദര്യത്തിൻറെയും സൗഹാര്‍ദത്തിൻറെയും പുതുയുഗപ്പിറവിയിലേക്കാണ് ഫ്രാൻസിസ് മാര്‍പാപ്പ കാലെടുത്ത് വച്ചത്. നാലു ദിവസം നീണ്ട സന്ദര്‍ശനത്തിലുടനീളം മാര്‍പാപ്പ സംസാരിച്ചത് സാഹോദര്യത്തെ കുറിച്ചായിരുന്നു. പരസ്പരം സ്നേഹിക്കുകയും ക്ഷമിക്കുകയും ചെയ്യേണ്ടതിൻറെ ആവശ്യകതയെ കുറിച്ചായിരുന്നു.

ചരിത്രത്തിൽ ആദ്യമായി ബഹ്റൈനിലേക്കെത്തിയ മാര്‍പാപ്പയ്ക്ക് ഉജ്വല സ്വീകരണമായിരുന്നു ഒരുക്കിയത്.സഖീര്‍ കൊട്ടാരത്തിൽ ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫയുമായുള്ള കൂടിക്കാഴ്ചയായിരുന്നു മാര്‍പാപ്പയുടെ ആദ്യ ഔദ്യോഗിക പരിപാടി. ബഹ്റൈനിലെ ഉന്നത ഉദ്യോഗസ്ഥരെ രാജാവുമൊത്ത് അദ്ദേഹം അഭിസംബോധന ചെയ്തു. മാനവികതയെ തകര്‍ക്കാൻ ആരെയും അനുവദിക്കരുതെന്നും ഐക്യത്തിനായി ഒന്നിച്ച് നിൽക്കാമെന്നുമായിരുന്നു മാര്‍പാപ്പയുടെ ആഹ്വാനം.

കിഴക്കും പടിഞ്ഞാറും മനുഷ്യൻറെ നിലനിൽപിന് എന്ന പേരിൽ ബഹ്റൈൻ സംഘടിപ്പിച്ച ലോകമതസമ്മേളനത്തിൻറെ സമാപന ചടങ്ങിൽ മാര്‍പാപ്പ ഓര്‍മിപ്പിച്ചതും സഹവര്‍ത്തിത്വത്തെ കുറിച്ചാണ്. സഹിഷ്ണുതയുണ്ടെന്ന് വെറുതെ പറയുകയല്ല സഹവർത്തിത്വത്തോടെ കഴിയാൻ അവസരമുണ്ടാവുകയാണ് പ്രധാനമെന്ന് മാര്‍പാപ്പ് ഓര്‍മിപ്പിച്ചു.

സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റെയും സന്ദേശം പകരുന്ന മതങ്ങളുടെ പേരിൽ മനുഷ്യർ ഭിന്നിക്കരുതെന്നു ആഹ്വാനം ചെയ്താണ് മതസമ്മേളനം അവസാനിച്ചത്.  ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും അൽ അസർ അൽ ഷെരീഫ് ഗ്രാൻഡ് ഇമാമും മുസ്‌ലിം കൗൺസിൽ ഫോർ എൽഡേഴ്സ് ചെയർമാനുമായ പ്രഫ. അഹമ്മദ് അൽ തായിബും,  വിവിധമതനേതാക്കളും   സമാപന സമ്മേളനത്തിൽ സംസാരിച്ചു.  

ബഹ്റൈൻ നാഷനൽ സ്റ്റേഡിയത്തിൽ മാര്‍പാപ്പ അര്‍പ്പിച്ച കുര്‍ബാനയിൽ പങ്കെടുക്കാനെത്തിയത് മുപ്പതിനായിരത്തോളം പേരാണ്. തലേന്ന് ദിവസം രാത്രി മുതൽ സ്റ്റേഡിയത്തിലേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു. മറ്റ് രാജ്യങ്ങളിൽ നിന്നുവരെ ആളുകളെത്തി. വിശ്വാസികൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന മാര്‍പാപ്പ അവരെ ആശീര്‍വദിച്ചു.

Read More - ലോകസമാധാനത്തിനായി ഒന്നിക്കാന്‍ ആഹ്വാനം ചെയ്ത് മാര്‍പാപ്പയും അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാമും

എല്ലാവരെയും എപ്പോഴും സ്നേഹിക്കാനായിരുന്നു കുര്‍ബാനയിൽ അദ്ദേഹം ആഹ്വാനം ചെയ്തത്. അക്രമത്തെ അക്രമംകൊണ്ട് നേരിട്ടാൽ സമാധാനമുണ്ടാകില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. മലയാളവും തമിഴും കൊങ്കണിയും അടക്കമുള്ള ഭാഷകളിൽ കുര്‍ബാനമധ്യേ പ്രാര്‍ഥനകൾ ചൊല്ലി. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്കാ ബാവ എന്നിവർ കുർബാനയിൽ പങ്കെടുത്തു. ഗൾഫ് സന്ദർശിച്ചതിൽ സഭയുടെ നന്ദി വടക്കൻ അറേബ്യയുടെ അപ്പോസ്തോലിക്ക് വികാരിയറ്റിന്റെ അഡ്മിനിസ്ട്രേറ്റർ ബിഷപ് പോൾ ഹിൻഡർ ഫ്രാൻസിസ് മാർപാപ്പയെ അറിയിച്ചു. കുർബാന അർപ്പിക്കുന്നതിനുള്ള കാസ ബിഷപ് പോൾ ഹിൻഡർ മാർപാപ്പയ്ക്കു സമ്മാനിച്ചു.സ്റ്റേഡിയിത്തിൽ ഒത്തുചേർന്നവരോട് നന്ദി പറഞ്ഞ മാർപാപ്പ ആഗോള കത്തോലിക സഭയുടെ സ്നേഹവും കരുതലും അവരുമായി പങ്കുവച്ചു.

ബഹ്റൈന്‍ അവാലിയിലെ കത്തീഡ്രലും തിരുഹൃദയ ദേവാലയവും മാര്‍പാപ്പ സന്ദര്‍ശിച്ചു. തിരുഹൃദയ ദേവാലയത്തിൽ ഗൾഫ് മേഖലയിലെ വൈദികര്‍ക്കും സന്യസ്തര്‍ക്കുമൊപ്പമുള്ള പ്രാര്‍ഥനാ ശുശ്രൂഷയായിരുന്നു രാജ്യത്തെ മാര്‍പാപ്പയുടെ അവസാന ഔദ്യോഗിക പരിപാടി. മതപരവും സാംസ്കാരികവും വര്‍ഗപരവുമായ വേര്‍തിരിവുകൾ മറന്ന് എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് പ്രാര്‍ഥനാ ശുശ്രൂഷയിൽ ഒരിക്കൽ കൂടി അദ്ദേഹം ഓർമിപ്പിച്ചു. നാലു ദിവസം നീണ്ട സന്ദര്‍ശനത്തിൽ ആതിഥ്യമൊരുക്കിയ ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും മാര്‍പാപ്പ നന്ദി രേഖപ്പെടുത്തി.

Read More -  വൈദികരുടെ ബാലപീഡനത്തിനെതിരെ കത്തോലിക്ക സഭ 'കഴിയുന്നത്ര' പോരാടുന്നുവെന്ന് പോപ്പ് ഫ്രാൻസിസ്

ബഹ്റൈൻ വിമാനത്താവളത്തിൽ മാര്‍പാപ്പയെ യാത്രയാക്കാൻ ഹമദ് രാജാവ് നേരിട്ടെത്തുകയും ചെയ്തു. ഈജിപ്തിലെ അൽ അസര്‍ മോസ്ക് ഗ്രാൻഡ് ഇമാം ഷെയ്ഖ് അഹമ്മദ് അൽ തയബും മാര്‍പാപ്പയെ യാത്രയാക്കാനെത്തിയിരുന്നു. സ്നേഹത്തിൻറെയും സാഹോദര്യത്തിൻറെയും സന്ദേശം കൂടുതൽ പ്രസരിപ്പിച്ചാണ് മാര്‍പാപ്പയുടെ ബഹ്റൈൻ സന്ദര്‍ശനം പൂര്‍ത്തിയായത്.

click me!