Gulf News : പ്രവാസി മലയാളിയുടെ 60 ലക്ഷത്തിലേറെ രൂപയുടെ ചികിത്സാ ചെലവ് സൗജന്യമായി നല്‍കി സ്വകാര്യ ആശുപത്രി

By Web TeamFirst Published Nov 25, 2021, 4:58 PM IST
Highlights

തുടര്‍ന്ന്  ചികിത്സക്ക് ചിലവായ മുഴുവന്‍ തുകയും പൂര്‍ണമായും ഹോസ്പിറ്റലിന്റെ  വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നും അടച്ചുകൊണ്ട് തുടര്‍ ചികിത്സക്ക് അബ്ദുള്ളയെ നാട്ടിലേക്ക് കൊണ്ട് പോകുവാന്‍ മാനേജ്മെന്റ് സമ്മതിക്കുകയായിരുന്നു. 

റിയാദ് : താമസസ്ഥലത്ത് കുഴഞ്ഞു വീണ് ബോധം നഷ്ടപ്പെട്ടതിനാല്‍ രണ്ടു മാസം മുന്‍പാണ് കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി അബ്ദുള്ളയെ സൗദി അറേബ്യയിലെ(Saudi Arabia) അല്‍ഖോബാറിലെ(Al Khobar )സ്വകാര്യ ആശുപത്രിയായ അല്‍ മന ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറിലെ രക്തം കട്ടയായതിനെ തുടര്‍ന്ന് അബ്ദുള്ളയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. താമസരേഖയും ഇന്‍ഷുറന്‍സ് കാലാവധിയും കഴിഞ്ഞതിനാല്‍ ഓപ്പറേഷനും തുടര്‍ ചികിത്സക്കും വേണ്ടി വന്ന മൂന്ന് ലക്ഷത്തിലധികം സൗദി റിയാല്‍ അടയ്ക്കാന്‍ അബ്ദുള്ളയ്ക്ക് മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ലായിരുന്നു.

വിവരമറിഞ്ഞ ഇന്ത്യന്‍ സോഷ്യല്‍ ഫോറം അബ്ദുള്ളയുടെ വിഷയത്തില്‍ ഇടപെടുകയും ജുബൈല്‍ സ്റ്റേറ്റ് കമ്മ്യൂണിറ്റി ഭാരവാഹികളായ ഷാജഹാന്‍ പേരൂരിന്റെയും മുബാറക് പൊയില്‍ത്തൊടിയുടെയും നിരന്തരമായ ശ്രമഫലമായി  അബ്ദുള്ളയുടെ ദയനീയ അവസ്ഥ ആശുപത്രി മാനേജ്മെന്റിനെ ബോധ്യപ്പെടുത്താനായി. തുടര്‍ന്ന്  ചികിത്സക്ക് ചിലവായ മുഴുവന്‍ തുകയും പൂര്‍ണമായും ഹോസ്പിറ്റലിന്റെ  വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നും അടച്ചുകൊണ്ട് തുടര്‍ ചികിത്സക്ക് അബ്ദുള്ളയെ നാട്ടിലേക്ക് കൊണ്ട് പോകുവാന്‍ മാനേജ്മെന്റ് സമ്മതിക്കുകയായിരുന്നു. 

എന്നാല്‍ നാട്ടിലേക്ക് പോകുവാന്‍ സ്ട്രക്ച്ചര്‍ സൗകര്യം ഉള്ള ഫ്‌ലൈറ്റ് വേണ്ടതിനാല്‍ ഒരാഴ്ച വീണ്ടും ഹോസ്പിറ്റലില്‍ തന്നെ കഴിഞ്ഞു.
ദമ്മാമില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാന ടിക്കറ്റിനു ചിലവായ തുക ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ ഖോബാര്‍ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ മന്‍സൂര്‍ പൊന്നാനിയുടെയും  നൗഫല്‍ കണ്ണൂരിന്റെയും ശ്രമ ഫലമായി കണ്ടെത്തിയതിനാല്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ അബ്ദുല്ലയെ നാട്ടില്‍ എത്തിച്ചു.

നിരാലംബരായ രോഗികള്‍ക്ക് ചികിത്സാ ചിലവുകള്‍ സൗജന്യമായി നല്‍കിയും നിരക്ക് കുറച്ചുകൊടുത്തും സാമൂഹിക പ്രതിബദ്ധത കാണിക്കുന്നത് പരിഗണിച്ചു ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ സ്റ്റേറ്റ് കമ്മിറ്റി അല്‍മനാ ജനറല്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റിന് മൊമന്റോ നല്‍കി ആദരിച്ചു. പ്രവാസികള്‍ക്ക് സഹായകമാകുന്ന രീതിയില്‍ അല്‍മനാ ആശുപത്രി  മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും, മറ്റു സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക് ഇത്  മാതൃകയാണെന്നും സോഷ്യല്‍ ഫോറം ജുബൈല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്‍ റഹീം വടകര പറഞ്ഞു.

click me!