
കുവൈത്ത് സിറ്റി: റെസിഡൻഷ്യൽ ആവശ്യങ്ങൾക്കായി മാത്രം അനുവദിച്ച പ്രദേശങ്ങളിലെ സ്വകാര്യ സ്കൂളുകൾക്ക് നൽകിയിട്ടുള്ള എല്ലാ അനുമതികളും ലൈസൻസുകളും റദ്ദാക്കാൻ മുനിസിപ്പൽ കൗൺസിൽ യോഗം അംഗീകാരം നൽകി. കൗൺസിൽ ചെയർമാൻ അബ്‍ദുള്ള അൽ മഹ്‌രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 2027-2028 അധ്യയന വർഷം അവസാനത്തോടെ ഈ സ്കൂളുകൾ അടച്ചുപൂട്ടാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
നിലവിലുള്ള സ്കൂളുകൾക്ക് പകരമായി മുനിസിപ്പൽ കൗൺസിൽ അംഗീകരിച്ച പുതിയ സ്വകാര്യ സ്കൂളുകൾക്കായുള്ള സ്ഥലങ്ങൾ വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറുന്നതിലെ കാലതാമസത്തെക്കുറിച്ച് കൗൺസിൽ അംഗം നാസർ അൽ-ജദാൻ ചോദ്യമുയർത്തി. ഇതിൽ ആർക്കാണ് വീഴ്ച പറ്റിയതെന്നും അദ്ദേഹം ചോദിച്ചു. സർവ്വേ കാര്യങ്ങൾക്കായുള്ള ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മുബാറക് അൽ അജ്മി ഇതിന് മറുപടി നൽകി. മുനിസിപ്പാലിറ്റി 4 സൈറ്റുകൾ വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറിയതായും, മറ്റ് 4 സൈറ്റുകൾ ഏറ്റെടുക്കാൻ മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അൽ-അജ്മി വെളിപ്പെടുത്തി.
സ്കൂളുകൾക്ക് പുതിയ സ്ഥലങ്ങൾ അനുവദിക്കുന്ന നടപടികൾ പൂർത്തിയാക്കി കെട്ടിട നിർമ്മാണാനുമതി നൽകിയ ശേഷം, പൂർണ്ണമായ 3 കലണ്ടർ വർഷം കഴിഞ്ഞതിന് ശേഷം മാത്രമേ സ്കൂളുകൾ ഒഴിഞ്ഞു നൽകിയാൽ മതിയാകും എന്ന് പുതിയ നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ നീക്കം, സ്വകാര്യ സ്കൂളുകൾക്ക് പുതിയ സൗകര്യങ്ങൾ നിർമ്മിക്കാനും തങ്ങളുടെ പ്രവർത്തനം താമസം കുറഞ്ഞ മേഖലകളിലേക്ക് മാറ്റാനും മതിയായ സമയം ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു. നിയമം പാലിക്കാത്ത സ്കൂളുകൾക്കെതിരെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ