Qatar Airways sues Airbus : എയര്‍ബസിനെതിരെ ലണ്ടന്‍ കോടതിയില്‍ നിയമ നടപടിയുമായി ഖത്തര്‍ എയര്‍വേയ്‍സ്

By Web TeamFirst Published Dec 22, 2021, 1:17 PM IST
Highlights

എ-350 വിമാനങ്ങളുടെ ഉപരിതലത്തിലെയും പെയിന്റിലെയും ഗുണനിലവാരത്തെച്ചൊല്ലി വിമാന നിര്‍മാണ കമ്പനിയായ എയര്‍ബസിനെതിരെ നിയമ നടപടിയുമായി ഖത്തര്‍ എയര്‍വേയ്‍സ്.

ദോഹ: വിമാന നിര്‍മാണ കമ്പനിയായ എയര്‍ബസിനെതിരെ (Airbus) ലണ്ടന്‍ ഹൈക്കോടതിയില്‍ (High Court in London)
 നിയമ നടപടിയുമായി ഖത്തര്‍ എയര്‍വേയ്‍സ് (Qatar Airways). എ-350 (A350) വിമാനങ്ങളുടെ ഉപരിതലത്തിലെയും പെയിന്റിലെയും ഗുണനിലവാരത്തെച്ചൊല്ലി മാസങ്ങളായി ഇരു കമ്പനികള്‍ക്കുമിടയില്‍ തുടരുന്ന പരാതികളും തര്‍ക്കങ്ങളുമായി ഒടുവില്‍ നിയമ നടപടികളിലേക്ക് എത്തുന്നത്. 

എ-350 വിമാനങ്ങളെ സാരമായി ബാധിക്കുന്ന ഈ പ്രശ്‍നത്തിന് ക്രിയാത്‍മകയൊരു പരിഹാരം ഉണ്ടാക്കാന്‍ തങ്ങള്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നുവെന്നാണ് ഖത്തര്‍ എയര്‍വേയ്‍സ് വിശദീകരിക്കുന്നത്. പ്രശ്ന പരിഹാരത്തിന് മറ്റ് മാര്‍ഗങ്ങളില്ലാത്ത സ്ഥിതിക്ക് കോടതി വഴിയുള്ള പരിഹാരത്തിന് ശ്രമിക്കുകയാണെന്നും ഖത്തര്‍ എയര്‍വേയ്‍സ് ചൂണ്ടിക്കാട്ടുന്നു. നിയമ നടപടി തുടങ്ങിയ കാര്യം ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടിലൂടെ ഖത്തര്‍ എയര്‍വേയ്‍സ് സ്ഥിരീകരിച്ചു.

എ-350 വിഭാഗത്തില്‍പെട്ട 21 വിമാനങ്ങളാണ് ഖത്തര്‍ എയര്‍വേയ്‍സിനുള്ളത്. ഇവ നിലവില്‍ സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്നില്ല. തകരാര്‍ സംബന്ധിച്ച് എയര്‍ബസ് വിശദമായ പരിശോധന നടത്തി അതിന്റെ മൂലകാരണം കണ്ടെത്തുകയും എന്തെങ്കിലും അറ്റകുറ്റപ്പണികള്‍ കൊണ്ട് ഇവ പരിഹാരിക്കാന്‍ സാധിക്കുമോ എന്ന് വ്യക്തമാക്കുകയും വേണമെന്നാണ് ഖത്തര്‍ എയര്‍വേയ്‍സിന്റെ ആവശ്യം. തങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്‍ക്കാണ് ഖത്തര്‍ എയര്‍വേയ്‍സ് പ്രഥമ പരിഗണന നല്‍കുന്നതെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
 

click me!