
ദോഹ: അൽ ഉദൈദിലെ അമേരിക്കൻ വ്യോമതാവളത്തിനുനേരെയുള്ള ഇറാൻ മിസൈൽ ആക്രമണത്തെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത സാഹചര്യത്തിൽ, യാത്രക്കാരുടെ ക്ഷമയ്ക്ക് നന്ദി പറഞ്ഞ് ഖത്തർ എയർവേസ്. ഖത്തർ എയർവേസ് സി.ഇ.ഒ എൻജിനീയർ മുഹമ്മദ് അൽ മീർ തുറന്ന കത്തിലൂടെയാണ് എയർലൈനിലുള്ള വിശ്വാസം നിലനിർത്തുകയും ക്ഷമയും കാണിച്ച യാത്രക്കാരോട് കഴിഞ്ഞ ദിവസം നന്ദി പറഞ്ഞത്. വ്യോമപാത അടച്ച സമയത്തെ വിശദാംശങ്ങളും തുറന്ന കത്തിലൂടെ അദ്ദേഹം ഖത്തർ എയർവേസ് യാത്രക്കാരോട് പങ്കുവെച്ചു.
ഖത്തറിന്റെ വ്യോമപാത അടച്ച സമയത്ത് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി ദോഹയിലേക്ക് പുറപ്പെട്ട 90 വിമാനങ്ങൾ ഖത്തർ എയർവേസ് വഴി തിരിച്ചുവിട്ടതായി അദ്ദേഹം കത്തിലൂടെ അറിയിച്ചു. ഈ വിമാനങ്ങളിൽ ഉണ്ടായിരുന്ന ഇരുപതിനായിരത്തിലേറെ യാത്രക്കാരെ 24 മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തിച്ചെന്നും ഇതിനായി 390 വിമാനങ്ങളും പ്രവർത്തന സജ്ജമാക്കിയെന്നും ഖത്തർ എയർവേസ് സി.ഇ.ഒ വ്യക്തമാക്കി. 25 വിമാനങ്ങൾ സൗദി അറേബ്യയിലെ വിവിധ എയർപോർട്ടുകളിലേക്കും, 18 തുർക്കിയ, 15 ഇന്ത്യ, 13 ഒമാൻ, 5 യു.എ.ഇയിലേക്കും തിരിച്ചുവിട്ടു. ബാക്കിയുള്ള വിമാനങ്ങൾ ലണ്ടൻ, ബാഴ്സലോണ ഉൾപ്പെടെയുള്ള യൂറോപ്പ്, ഏഷ്യ, മിഡസ്ലീസ്റ്റ് എന്നീ മേഖലകളിലെ പ്രധാന എയർപോർട്ടുകളിലേക്ക് റൂട്ട് മാറ്റി.
വ്യോമപാത അടയ്ക്കുന്ന സമയത്ത് പതിനായിരത്തിലേറെ യാത്രക്കാരാണ് ട്രാൻസിറ്റിനായി ഹമദ് വിമാനത്താവളത്തിൽ ഉണ്ടായിരുന്നത്. ഇതിൽ മുൻഗണന അനുസരിച്ച് 4,600 ഓളം യാത്രക്കാർക്ക് ദോഹയിലെ 3,200 ഓളം ഹോട്ടൽ മുറികൾ ഉപയോഗിച്ച് താമസ സൗകര്യം ഒരുക്കി. എയർലൈൻ ഗ്രൂപ്പിന്റെ വിവിധ ടീമുകൾ ട്രാൻസിറ്റ് ഏരിയയിൽ നേരിട്ടെത്തി യാത്രക്കാർക്ക് സഹായം നൽകി. മെഡിക്കൽ കേസുകൾ, കുടുംബങ്ങൾ, മുതിർന്ന യാത്രക്കാർ എന്നിവർക്ക് മുൻഗണന നൽകി യാത്രകൾ റീഷെഡ്യൂൾ ചെയ്തു.
ഭക്ഷണം, കുടിവെള്ളം, കംഫർട്ട് കിറ്റുകൾ തുടങ്ങിയവയുമായി ഓരോ ഫ്ലൈറ്റിലും നേരിട്ടെത്തി യാത്രക്കാർക്ക് നൽകി. യാത്ര തുടങ്ങിയിട്ടില്ലാത്തവർക്ക് റീഷെഡ്യൂൾ ചെയ്യാനും ഫീസ് ഇല്ലാതെ റീഫണ്ടിന് അർഹരാകാനും കഴിയുന്ന ട്രാവൽ പോളിസിയും ഉടനെ അനുവദിക്കുകയും ചെയ്തതായി തുറന്ന കത്തിലൂടെ വ്യക്തമാക്കി. സങ്കീർണമായ സാഹചര്യത്തെ യാത്രക്കാർ പക്വതയോടെ നേരിട്ടെന്നും യാത്രക്കാർക്ക് നന്ദി അറിയിക്കുന്നതായും ഖത്തർ എയർവേസ് സിഇഒ ബദർ മുഹമ്മദ് അൽ മീർ അറിയിച്ചു. നിർണായക സമയത്ത് മികച്ച രീതിയിൽ പ്രവർത്തിച്ച എയർവേസ് ഗ്രൂപ് ടീം അംഗങ്ങൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ