ഹയ്യ കാര്‍ഡിന്റെ കാലാവധി നീട്ടി; ഫുട്ബോള്‍ ആരാധകര്‍ക്ക് ഇനി ഒരു വര്‍ഷം കൂടി ഖത്തറിലേക്ക് വരാന്‍ അനുമതി

By Web TeamFirst Published Jan 31, 2023, 8:38 PM IST
Highlights

കാര്‍ഡിന്റെ കാലാവധി നീട്ടാനായി പ്രത്യേക ഫീസ് നല്‍കുകയോ അപേക്ഷ നല്‍കുകയോ ചെയ്യേണ്ടതില്ല. ഹയ്യാ കാര്‍ഡ് ഉടമകളായ ഓരോരുത്തര്‍ക്കും മൂന്ന് കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ കൂടി രാജ്യത്തേക്ക് ക്ഷണിക്കാനുമാവും. 

ദോഹ: ഖത്തറില്‍ നടന്ന ലോകകപ്പ് ഫുട്‍ബോള്‍ മത്സരത്തിനായി ഹയ്യ കാര്‍ഡ് എടുത്തവര്‍ക്ക് 2024 ജനുവരി 24 വരെ ഖത്തറില്‍ പ്രവേശനാനുമതി ലഭിക്കും. ആരാധകര്‍ക്കും സംഘാടര്‍ക്കും അനുവദിച്ചിരുന്ന ഫാന്‍സ്, ഓര്‍ഗനൈസര്‍ വിഭാഗങ്ങളിലെ ഹയ്യാ കാര്‍ഡുകളുടെ കാലാവധി ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്.

ലോകകപ്പ് ആരാധകര്‍ക്കുള്ള എന്‍ട്രി പെര്‍മിറ്റ് കൂടിയായിരുന്ന ഹയ്യാ കാര്‍ഡുകളുടെ കാലാവധി 2023 ജനുവരി 23 വരെയായിരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതനുസരിച്ച് ഹയ്യ കാര്‍ഡ് ഉടമകളായ ഏതാണ്ടെല്ലാവരും ഇതിനോടകം തന്നെ രാജ്യംവിട്ടുപോയിട്ടുണ്ട്. പുതിയ പ്രഖ്യാപനത്തോടെ ഇവര്‍ക്ക് ആവശ്യമെങ്കില്‍ ഒരു വര്‍ഷം കൂടി ഖത്തറില്‍ പ്രവേശിക്കാം. എത്ര തവണ വേണമെങ്കിലും രാജ്യത്ത് പ്രവേശിക്കുകയും പുറത്തുപോവുകയും ചെയ്യാവുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി അനുമതിയാണ് ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുക.

കാര്‍ഡിന്റെ കാലാവധി നീട്ടാനായി പ്രത്യേക ഫീസ് നല്‍കുകയോ അപേക്ഷ നല്‍കുകയോ ചെയ്യേണ്ടതില്ല. ഹയ്യാ കാര്‍ഡ് ഉടമകളായ ഓരോരുത്തര്‍ക്കും മൂന്ന് കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ കൂടി രാജ്യത്തേക്ക് ക്ഷണിക്കാനുമാവും. ഖത്തറിലേക്കുള്ള പ്രവേശനത്തിനും മടക്കയാത്രയ്ക്കും ഇ-ഗേറ്റ് സംവിധാനം ഉപയോഗിക്കാനും ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് സാധിക്കും.

അതേസമയം രാജ്യത്തേക്കുള്ള പ്രവേശനത്തിന് ബാധകമാവുന്ന നിബന്ധനകളും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം മുന്നോട്ടുവെച്ചിട്ടുണ്ട്. ഖത്തറില്‍ താമസിക്കാനുള്ള ഹോട്ടല്‍ റിസര്‍വേഷന്റെ തെളിവോ അല്ലെങ്കില്‍ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ ഒപ്പം താമസിക്കുന്നതിന്റെ വിവരങ്ങളോ നല്‍കണം. രാജ്യത്ത് പ്രവേശിക്കുമ്പോള്‍ പാസ്‍പോര്‍ട്ടിന് കുറഞ്ഞത് മൂന്ന് മാസത്തെ കാലാവധി ഉണ്ടായിരിക്കണം. രാജ്യത്ത് തങ്ങുന്ന കാലയളവിലേക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സും മടക്കയാത്രയ്ക്കുള്ള ടിക്കറ്റും എടുത്തിരിക്കണമെന്ന വ്യവസ്ഥയുമുണ്ട്.

ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആദ്യഘട്ടം 2023 ഫെബ്രുവരി ഒന്നിന് പ്രാബല്യത്തില്‍ വരികയാണ്. ഇതനുസരിച്ച് ഒന്നാം തീയ്യതി മുതല്‍ ഖത്തറിലേക്ക് വരുന്ന എല്ലാ സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി നിര്‍ബന്ധമാണ്. ഹയ്യാ കാര്‍ഡ് ഉപയോഗിച്ച് ഖത്തറില്‍ എത്തുന്നവര്‍ക്കും ഇത് ബാധകമായിരിക്കും.

Read also: യുഎഇയിലെ വിസാ നിയമത്തില്‍ പുതിയ മാറ്റം; ദീര്‍ഘനാളായി നാട്ടില്‍ നില്‍ക്കുന്ന പ്രവാസികള്‍ക്ക് അനുഗ്രഹമാകും

click me!