Asianet News MalayalamAsianet News Malayalam

യുഎഇയിലെ വിസാ നിയമത്തില്‍ പുതിയ മാറ്റം; ദീര്‍ഘനാളായി നാട്ടില്‍ നില്‍ക്കുന്ന പ്രവാസികള്‍ക്ക് അനുഗ്രഹമാകും

വിസാ നിയമത്തിലെ സുപ്രധാന മാറ്റം സംബന്ധിച്ച് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ഐ.സി.പി) ആണ് കഴിഞ്ഞ ദിവസം  അറിയിപ്പ് പുറപ്പെടുവിച്ചത്.

UAE new visa rule allows reentry of expatriates even after staying abroad for more than six months
Author
First Published Jan 31, 2023, 7:58 PM IST

അബുദാബി: യുഎഇയിലെ വിസാ നിയമത്തില്‍ പ്രഖ്യാപിച്ച പുതിയ മാറ്റം ദീര്‍ഘനാളായി നാട്ടില്‍ നില്‍ക്കുന്ന പ്രവാസികള്‍ക്ക് അനുഗ്രഹമാവും. ആറ് മാസത്തിലധികം യുഎഇയ്ക്ക് പുറത്ത് താമസിച്ചതിന്റെ പേരില്‍ വിസ റദ്ദായവര്‍ക്ക് പുതിയ നിയമപ്രകാരം അതേ വിസയില്‍ തന്നെ രാജ്യത്തേക്ക് മടങ്ങിയെത്താം. ഇതിനായി അവര്‍ക്ക് റീഎന്‍ട്രിയ്ക്ക് അപേക്ഷ നല്‍കാനാവും. എന്നാല്‍ രാജ്യത്തിന് പുറത്ത് തങ്ങേണ്ടി വന്ന കാരണം വിശദീകരിക്കുകയും ഒപ്പം കാലാവധി കഴിഞ്ഞും യുഎഇക്ക് പുറത്ത് താമസിച്ച കാലയളവ് കണക്കാക്കി പിഴ അടയ്ക്കുകയും വേണം.

വിസാ നിയമത്തിലെ സുപ്രധാന മാറ്റം സംബന്ധിച്ച് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ഐ.സി.പി) ആണ് കഴിഞ്ഞ ദിവസം  അറിയിപ്പ് പുറപ്പെടുവിച്ചത്. ഐസിപി വെബ്‍സൈറ്റിലെ സ്മാര്‍ട്ട് സര്‍വീസസ് എന്ന മെനു വഴി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിച്ച് കഴിഞ്ഞാല്‍ ഐസിപി അത് പരിശോധിച്ച് റീഎന്‍ട്രി അനുവദിച്ചുകൊണ്ടുള്ള ഇ-മെയില്‍ സന്ദേശം അയക്കും. ഇതിന് അഞ്ച് പ്രവൃത്തി ദിവസം വരെ സമയമെടുക്കും. 

യുഎഇയിലെ താമസ വിസക്കാര്‍ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്ത് താമസിച്ചാല്‍ വിസ റദ്ദാവുമെന്നാണ് നിയമം. ഗോള്‍ഡന്‍ വിസക്കാര്‍ക്ക് ഇതില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇങ്ങനെ വിസ റദ്ദായവര്‍ക്ക് പുതിയ പ്രഖ്യാപനം ആശ്വാസകരമാണ്. റീഎന്‍ട്രി അനുമതി ലഭിച്ചാല്‍ 30 ദിവസത്തിനകം യുഎഇയില്‍ പ്രവേശിക്കണം. രാജ്യത്തിന് പുറത്തു താമസിച്ച ഓരോ 30 ദിവസത്തിനും 100 ദിര്‍ഹം വീതം പിഴ അടയ്ക്കുകയും വേണം. 150 ദിര്‍ഹമാണ് ഐസിപിയുടെ ഫീസ്. അപേക്ഷ നിരസിച്ചാല്‍ ഫീസ് തുക തിരികെ ലഭിക്കും.

Read also: യുഎഇയില്‍ ഇന്ധനവില വര്‍ദ്ധിപ്പിച്ചു; പുതുക്കിയ വില നാളെ മുതല്‍ പ്രാബല്യത്തില്‍

Follow Us:
Download App:
  • android
  • ios