എട്ടാം ക്ലാസുകാരനെ അധ്യാപകന്‍ മര്‍ദിച്ചെന്ന ആരോപണത്തില്‍ സത്യാവസ്ഥ വെളിപ്പെടുത്തി ഖത്തര്‍ അധികൃതര്‍

Published : Mar 25, 2022, 10:42 AM IST
എട്ടാം ക്ലാസുകാരനെ അധ്യാപകന്‍ മര്‍ദിച്ചെന്ന ആരോപണത്തില്‍ സത്യാവസ്ഥ വെളിപ്പെടുത്തി ഖത്തര്‍ അധികൃതര്‍

Synopsis

ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രൈവറ്റ് സ്‍കൂള്‍ അഫയേഴ്‍സ് ഡിപ്പാര്‍ട്ട്മെന്റാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്. അന്വേഷണ സംഘം സ്‍കൂള്‍ സന്ദര്‍ശിക്കുകയും കുട്ടികളുടെയും മറ്റ് ദൃക്സാക്ഷികളുടെയും മൊഴിയെടുക്കുകയും ചെയ്‍തു. 

ദോഹ: ഖത്തറിലെ ഒരു സ്വകാര്യ സ്‍കൂള്‍ വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന തരത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്ന പ്രചരണത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി അധികൃതര്‍. സംഭവം സൂക്ഷ്‍മമായി നിരീക്ഷിച്ചുവരികയായിരുന്നുവെന്ന് ഖത്തര്‍ വിദ്യാഭ്യാസ - ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ശരീരത്തില്‍ നിരവധി സ്ഥലത്ത് മര്‍ദനമേറ്റ പോറലുകളോടെ കുട്ടിയെ ആംബുലന്‍സിലാണ് സ്‍കൂളില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയെന്നും നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ആരോപിച്ചിരുന്നു.

ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രൈവറ്റ് സ്‍കൂള്‍ അഫയേഴ്‍സ് ഡിപ്പാര്‍ട്ട്മെന്റാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്. അന്വേഷണ സംഘം സ്‍കൂള്‍ സന്ദര്‍ശിക്കുകയും കുട്ടികളുടെയും മറ്റ് ദൃക്സാക്ഷികളുടെയും മൊഴിയെടുക്കുകയും ചെയ്‍തു. സ്‍കൂളിലെ കളിസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും സംഘം പരിശോധിച്ചു. എന്നാല്‍ അധ്യാപകര്‍ ആരും കുട്ടിയെ മര്‍ദിച്ചില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

കുട്ടികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് പരിക്കേറ്റതെന്ന് സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന മറ്റ് കുട്ടികള്‍ മൊഴി നല്‍കി. സ്‍കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ രണ്ട് സംഘങ്ങള്‍ തമ്മില്‍ സംഭവ ദിവസം കളിസ്ഥലത്തുവെച്ച് സംഘര്‍ഷമുണ്ടായി. എന്നാല്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മര്‍ദനമേറ്റ കുട്ടി, കളിസ്ഥലത്ത് ഇറങ്ങി ബോള്‍ കൈക്കലാക്കുകയായിരുന്നു. ഇതോടെ മറ്റ് കുട്ടികള്‍ എല്ലാവരും ചേര്‍ന്ന് അവനെ മര്‍ദിച്ചു.

സംഘര്‍ഷം കണ്ട് ഓടിയെത്തിയ അധ്യാപകര്‍ കുട്ടികളെ പിരിച്ചുവിടാന്‍ ശ്രമിക്കുകയും മര്‍ദനമേറ്റ കുട്ടിയെ പിടിച്ചുമാറ്റി മറ്റൊരിടത്തേക്ക് കൊണ്ട് പോവുകയുമായിരുന്നു. ഈ സമയം വിദ്യാര്‍ത്ഥി പ്രതിരോധിക്കാന്‍ ശ്രമിച്ചു. കുട്ടിയെ ഗ്രൌണ്ടില്‍ നിന്ന് പിടിച്ചുമാറ്റിയ ശേഷം സ്‍കൂള്‍ അധികൃതര്‍ രക്ഷിതാവിനെ വിളിച്ചുവരുത്തുകയായിരുന്നു.

കൃത്യമായ വിവരങ്ങള്‍ മനസിലാക്കാതെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഖത്തര്‍ വിദ്യാഭ്യാസ - ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എന്ത് നിയമലംഘനമുണ്ടായാലും മന്ത്രാലയം ശക്തമായ നടപടിയെടുക്കും. എന്നാല്‍ അപൂര്‍ണവും വ്യാജവുമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റിയാദ് മെട്രോയിൽ ജനുവരി ഒന്ന് മുതൽ സീസൺ ടിക്കറ്റുകൾ, തുശ്ചമായ നിരക്കിൽ കൂടുതൽ കാലം സഞ്ചരിക്കാം
സൈബർ ക്രൈം ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്, വ്യക്തിവിവരങ്ങൾ കൈക്കലാക്കാൻ ശ്രമിച്ച വ്യാജൻ പിടിയിൽ, ജാഗ്രത പാലിക്കാൻ നിർദ്ദേശം