
ദോഹ: രാജ്യത്ത് വേനൽക്കാല ചൂട് വർധിച്ചതോടെ ബോധവത്കരണ കാമ്പയിനുമായി ഖത്തർ തൊഴിൽ മന്ത്രാലയം. തൊഴിലാളികൾക്ക് സുരക്ഷിതമായ ജോലിസ്ഥലം ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി തൊഴിൽ സുരക്ഷ-ആരോഗ്യ വകുപ്പ്, വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട്, സൈബർ സുരക്ഷാ ഏജൻസി എന്നിവയുമായി സഹകരിച്ച് ഏഷ്യൻ ടൗണിൽ ബോധവത്കരണ ഫീൽഡ് കാമ്പയിൻ ആരംഭിച്ചു.
നേരിട്ട് സൂര്യപ്രകാശമേൽക്കുന്നതിന്റെയും ഉയർന്ന താപനിലയുടെയും അപകടങ്ങളെക്കുറിച്ച് തൊഴിലാളികളെ ബോധവൽക്കരിക്കുക, ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനുള്ള പ്രായോഗിക മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക എന്നിവയെല്ലാം കാമ്പയിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളാണ്. ചൂടുള്ള സമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക, ആരോഗ്യ, സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുക, ചൂട് സമ്മർദ്ദത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയൽ, പ്രഥമശുശ്രൂഷ നൽകൽ തുടങ്ങിയ പ്രധാന വേനൽക്കാല സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് തൊഴിലാളികൾക്ക് നിർദേശം നൽകി.
കാമ്പയിന്റെ ഭാഗമായി വിവിധ ഭാഷകളിൽ അച്ചടിച്ച നിർദേശങ്ങൾ, സംരക്ഷണ ഉപകരണങ്ങളുടെ ഉപയോഗം, ചൂട് എക്സ്പോഷർ കുറയ്ക്കുന്നതിന് അനുയോജ്യമായ വസ്ത്രങ്ങൾ എന്നിവ തൊഴിലാളികൾക്കായി നൽകും. രാജ്യത്തുടനീളം തൊഴിൽ സുരക്ഷ മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുമായി പൊതു, സ്വകാര്യ പങ്കാളികളുമായി സഹകരിച്ച് നിരന്തരമായ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള പ്രതിബദ്ധത മന്ത്രാലയം ആവർത്തിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ