ഖത്തര്‍ ലോക കപ്പിന് ഭീഷണിയായി പുതിയ 'പ്രശ്നം'?

By Web TeamFirst Published Oct 28, 2018, 10:44 AM IST
Highlights

കഴിഞ്ഞയാഴ്ചയുണ്ടായ ശക്തമായ മഴ ലോക കപ്പിനായി തയ്യാറാക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 20നുണ്ടായ മഴയില്‍ റോഡുകള്‍ ഉപയോഗ ശൂന്യമാവുകയും ടണലുകളില്‍ വെള്ളം നിറയുകയും ചെയ്തിരുന്നു. 

ദോഹ: 2022ലെ ഫിഫ ലോക കപ്പ് പ്രഖ്യാപിച്ചത് മുതല്‍ നിരവധി വെല്ലുവിളികളാണ് ഖത്തറിന്  നേരിടേണ്ടി വന്നത്. ഏറ്റവുമൊടുവില്‍ അറബ് രാജ്യങ്ങളുടെ ഉപരോധം പോലും ശക്തമായി അതിജയിക്കാന്‍ കഴി‍ഞ്ഞ ഖത്തറിന് ഇപ്പോള്‍ ഏറ്റവും പുതിയ വെല്ലുവിളി പക്ഷേ മറ്റൊന്നാണ്. മത്സരത്തിന് മഴ ഭീഷണിയാകുമോയെന്ന ആശങ്കയാണ് ഇപ്പോള്‍ സംഘാടകര്‍ക്കുള്ളതെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞയാഴ്ചയുണ്ടായ ശക്തമായ മഴ ലോക കപ്പിനായി തയ്യാറാക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 20നുണ്ടായ മഴയില്‍ റോഡുകള്‍ ഉപയോഗ ശൂന്യമാവുകയും ടണലുകളില്‍ വെള്ളം നിറയുകയും ചെയ്തിരുന്നു. സര്‍വകലാശാലകളും സ്കൂളുകളും എംബസികളും പുതിയ നാഷണല്‍ ലൈബ്രറിയും നിരവധി വ്യാപാര സ്ഥാപനങ്ങളുമെല്ലാം അടച്ചിടേണ്ടിവന്നു. ശരാശരി 1.1 മില്ലീമീറ്റര്‍ മഴയാണ് ലഭിക്കാറുള്ളതെങ്കിലും ഈ ഒക്ടോറില്‍ 77.7 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്.  2022ലെ ലോക കപ്പ് സ്റ്റേഡിയം നിര്‍മ്മിക്കുന്ന എജ്യുക്കേഷന്‍ സിറ്റിയില്‍ 98 മില്ലീമീറ്റര്‍ മഴ പെയ്തു. 

കെട്ടിടങ്ങളുടെ പടിക്കെട്ടുകളിലും നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളിലുമൊക്കെ വെള്ളം നിറഞ്ഞിരിക്കുന്ന നിരവധി ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരിക്കുന്നുണ്ട്. കാറുകള്‍ ഓടിച്ചിരുന്ന റോഡുകളില്‍ ചെറു ബോട്ടുകളിറക്കി ആളുകള്‍ യാത്ര ചെയ്തു. ഖത്തറിന്റെ ഭൂപ്രകൃതിയും വെള്ളം ഒലിച്ചുപോകുന്നതിനുള്ള സംവിധാനങ്ങളുടെ അപര്യാപ്തതയുമാണ് മഴ ഇത്രയധികം രൂക്ഷമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നത്. മരുഭൂമിയില്‍ മഴ പെയ്താല്‍ വളരെ വേഗത്തില്‍ വെള്ളക്കെട്ടുകള്‍ രൂപം കൊള്ളും. കാലാവസ്ഥാ വ്യതിയാനമാണോ എല്‍ നിനോ പ്രതിഭാസമാണോ ഇത്ര വലിയ മഴയ്ക്ക് കാരണമായതെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് വിദഗ്ദര്‍ പറയുന്നു.

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഖത്തറില്‍ മൂന്നാം തവണയാണ് ഇത്ര വലിയ വെള്ളപ്പൊക്കമുണ്ടായത്. സാധാരണ ഗതിയില്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടക്കേണ്ട ലോക കപ്പ് മത്സരങ്ങള്‍ ഖത്തറിലെ അസഹ്യമായ ചൂട് കണത്തിലെടുത്താണ് ഫിഫ, നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാക്കി നിശ്ചയിച്ചത്. ലോക കപ്പിനായി ഇതുവരെ തയ്യാറാക്കപ്പെട്ട വേദിയായ ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തെ പക്ഷേ മഴ കാര്യമായി ബാധിച്ചിട്ടില്ല. ലോക കപ്പ് വേദികള്‍ക്കൊന്നും കാര്യമായ പ്രശ്നങ്ങളുണ്ടായിട്ടില്ലെങ്കിലും കൂടുതല്‍ ശ്രദ്ധിക്കേണ്ട മേഖലകളെ സംബന്ധിച്ച അവബോധം ഇപ്പോഴത്തെ വെള്ളപ്പൊക്കം കൊണ്ടുണ്ടായെന്ന് സംഘാടകരും അറിയിച്ചു. 

അറബ് രാജ്യങ്ങളുടെ ഉപരോധത്തെ അതിജീവിച്ച ഖത്തര്‍ തങ്ങളുടെ ശക്തി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമായാണ് 2022ലെ ലോക കപ്പിനെ കാണുന്നത്. വന്‍ നിക്ഷേപമാണ് ഖത്തര്‍ ഭരണകൂടം ഇതിനായി നടത്തുന്നത്. വെല്ലുവിളികളെ ധീരമായി നേരിടുന്ന ഖത്തര്‍ പുതിയ പ്രതിസന്ധിയെ എങ്ങനെ നേരിടുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം.

click me!