പ്രവാസികളുടെ ക്വാറന്‍റൈനില്‍ സംസ്ഥാനത്ത് ആശയക്കുഴപ്പം; നിരീക്ഷണ കാലയളവ് നീട്ടിയേക്കും

By Web TeamFirst Published May 6, 2020, 11:52 AM IST
Highlights
  • നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ഒരുക്കുന്ന നിരീക്ഷണ കാലയളവ് നീട്ടാന്‍ സാധ്യത.
  • കേന്ദ്ര നിര്‍ദ്ദേശം നിലനില്‍ക്കുന്നതിനാലാണ് ഇത്തരമൊരു നീക്കം. 

തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ നിരീക്ഷണത്തില്‍ താമസിപ്പിക്കുന്നതില്‍ സംസ്ഥാനത്ത് വീണ്ടും ആശയക്കുഴപ്പം. പ്രവാസികളെ14 ദിവസം സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റൈനിലാക്കുന്നത് പരിഗണനയിലാണ്. 14 ദിവസവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന കേന്ദ്രത്തില്‍ ഇവര്‍ കഴിയേണ്ടി വരും. കേന്ദ്ര നിര്‍ദ്ദേശം നിലനില്‍ക്കുന്നതിനാലാണ് ഇത്തരമൊരു നീക്കം. വൈകുന്നേരം ചേരുന്ന അവലോകന യോഗത്തിന് ശേഷം മാത്രമെ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം പുറത്തുവിടുകയുള്ളൂ.

വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവര്‍ ഏഴ് ദിവസം സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റൈനില്‍ താമസിക്കണമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ഏഴ് ദിവസത്തെ ക്വാറന്റൈന് ശേഷം പിസിആര്‍ ടെസ്റ്റ് നടത്തും. നെഗറ്റീവാണെങ്കില്‍ വീടുകളില്‍ പറഞ്ഞയക്കും. പോസിറ്റീവാണെങ്കില്‍ ആശുപത്രിയില്‍ ചികിത്സയിക്കായി വിടും. നെഗറ്റീവായവര്‍ വീടുകളിലും ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നായിരുന്നു അറിയിപ്പ്. ഇതിലാണ് ഇപ്പോള്‍ മാറ്റം വരുത്തുന്ന കാര്യം പരിഗണിക്കുന്നത്. 

വിദേശത്തുനിന്നുള്ള പ്രവാസികളുടെ മടക്കം നാളെ മുതലാണ് ആരംഭിക്കുന്നത്. രാജ്യത്തെ പതിമൂന്ന് നഗരങ്ങളിലേക്കാണ് ആദ്യ ഘട്ടത്തില്‍ പ്രവാസികളെ തിരികെയെത്തിക്കുന്നത്. ഗള്‍ഫിലെ ആറു രാജ്യങ്ങളിലേക്ക് ആദ്യ ആഴ്ച സര്‍വ്വീസുകളുണ്ട്. അമേരിക്കയിലേക്കും ബ്രിട്ടനിലേക്കും ഏഴും ആറും സര്‍വ്വീസുകളാണ് നടത്തുക. ബംഗ്ലാദേശ്, ഫിലിപ്പിയന്‍സ് , മലേഷ്യ, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലുള്ളവരെയും മടക്കി എത്തിക്കും. എയ‍ർ ഇന്ത്യ എക്‍സ്പ്രസിനാണ് കേരളത്തിലേക്കുള്ള സർവ്വീസിന്‍റെ ചുമതല. മടക്കത്തിന് തയാറെടുക്കുന്ന പ്രവാസികള്‍ എംബസികളുമായി സമ്പര്‍ക്കത്തിലിരിക്കണമെന്ന് വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു.

അതേസമയം പ്രവാസികളെ സ്വീകരിക്കാൻ കൊച്ചി വിമാനത്താവളവും തുറമുഖവും പൂര്‍ണ്ണ സജ്ജമായി. നെടുമ്പാശ്ശേരിയില്‍ ആദ്യ ഘട്ടത്തില്‍, 10 വിമാനങ്ങളിലായി 2150 പേരാണ് എത്തുക. മടങ്ങിയെത്തുന്നവരെ നിരീക്ഷണത്തിലാക്കാൻ 4000 വീടുകളും സജ്ജമാക്കിയിട്ടുണ്ട്. ആദ്യ ദിനം കേരളത്തിലേക്കെത്തുക നാല് വിമാനങ്ങളായിരിക്കും. ഇതില്‍ അബുദാബിയില്‍ നിന്നും ദോഹയില്‍ നിന്നുമുള്ള വിമാനങ്ങളാണ് കൊച്ചിയിലേക്ക് വരുന്നത്. രണ്ടുവിമാനങ്ങളിലുമായി 400 പേരെത്തും. 

കൈകള്‍ ഉള്‍പ്പെടെ ശുചിയാക്കിയശേഷം മാത്രമേ ഇവരെ എയറോ ബ്രിഡ്‍ജില്‍ നിന്ന് ടെര്‍മിനലിലേക്ക് കടത്തിവിടൂ. ബാഗേജും അണുവിമുക്തമാക്കും. നേരെ ഹെല്‍ത്ത് കൗണ്ടറിലേക്ക്. തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് താപനില പരിശോധിക്കും. ചൂട് കൂടുതലോ രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ആംബുലൻസില്‍ ആശുപത്രിയില്‍ എത്തിക്കും. മറ്റുള്ളവരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഇതിനായി ഗ്രാമപഞ്ചായത്ത് പരിധിയില്‍ 2200 വീടുകളും മുനിസിപ്പാലിറ്റി പരിധിയില്‍ 2000 വീടുകളും കണ്ടെത്തിയിട്ടുണ്ട്. വിമാനത്താവളത്തില്‍ നിന്ന് ഡബിള്‍ ചേംബര്‍ ടാക്സി കാറുകളിലാകും നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോവുക. 

 

click me!