
അബുദാബി: യുഎഇയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. യുഎഇയുടെ കിഴക്കൻ പ്രദേശങ്ങളിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഉച്ചയ്ക്ക് ശേഷം ഈ ഭാഗങ്ങളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അതേസമയം രാജ്യത്തെ പൊതുവായ അന്തരീക്ഷം തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും. രാജ്യത്ത് താപനില 25 ഡിഗ്രി സെൽഷ്യസ് മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. അബുദാബിയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസും ദുബായിൽ 38 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്താൻ സാധ്യതയുണ്ട്. ഇരു നഗരങ്ങളിലും കുറഞ്ഞ താപനില 29 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.
തീരദേശ, ആഭ്യന്തര മേഖലകളിൽ രാത്രിയിലും പുലർച്ചെയും ആർദ്രത വർധിക്കും. ഇടതൂർന്ന മഞ്ഞിന് സാധ്യതയുള്ളതിനാൽ രാവിലെ 5.15 മുതൽ 9.00 വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 10 മുതൽ 20 കി.മീ വരെ വേഗതയിൽ തെക്കുകിഴക്ക് അല്ലെങ്കിൽ വടക്കുകിഴക്കൻ ദിശയിൽ നിന്ന് മിതമായ കാറ്റ് വീശിയടിക്കും. ചില സമയങ്ങളിൽ കാറ്റിന്റെ വേഗത 35 കി.മീ വരെ ഉയർന്നേക്കാം. അറേബ്യൻ ഉൾക്കടലിൽ കടൽ ശാന്തമായിരിക്കും. ഒമാൻ കടലിൽ കടൽ ശാന്തം മുതൽ മിതമായ അവസ്ഥയിലുമായിരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam