
റിയാദ്: ലയണൽ മെസ്സിയും കിലിയൻ എംബപ്പെയും ഉൾപ്പെട്ട പി.എസ്.ജിക്കെതിരെ റിയാദിലെ കളിക്കളത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറങ്ങും, പക്ഷേ അത് അൽ നസ്ർ ക്ലബിന്റെ ജഴ്സിയിലാവില്ല. പകരം അൽ ഹിലാലിന്റെയും അൽ നാസ്റിന്റെയും സംയുക്ത ടീം ജഴ്സിയിലായിരിക്കുമെന്ന് അൽ നസ്റിന്റെ ഫ്രഞ്ച് പരിശീകലൻ റൂഡി ഗാർഷ്യയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഈ മാസം 19ന് രാത്രി എട്ടിന് റിയാദ് സീസൺ കപ്പിന് വേണ്ടി റിയാദിലെ കിങ് ഫഹദ് ഇന്‍റർനാഷനൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഫുട്ബാൾ പോരാട്ടത്തിലാണ് ഫ്രഞ്ച് ക്ലബ് പി.എസ്.ജിയും അൽ നസ്ർ-അൽ ഹിലാൽ സംയുക്ത ടീമും ഏറ്റുമുട്ടുന്നത്. ഇതിലായിരിക്കും അൽ നസ്റിന്റെ ഭാഗമായ ശേഷമുള്ള റൊണാൾഡോയുടെ സൗദിയിലെ അരങ്ങേറ്റ മത്സരം. പി.എസ്.ജിക്ക് വേണ്ടിയാണ് മെസ്സിയും എംബപ്പെയും കളിക്കാനെത്തുന്നത്.
റൊണാൾഡോ ഈ കളിക്കുണ്ടാവില്ല എന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ പ്രീമിയർ ലീഗിൽ ഒരു ആരാധകനുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തെ തുടർന്ന് സസ്‍പെൻഷൻ നേരിട്ടതാണ് അതിന് കാരണമായി പറഞ്ഞിരുന്നത്. രണ്ട് കളികളിൽനിന്നാണ് ഇംഗ്ലണ്ട് ഫുട്ബാൾ അസോസിയേഷൻ, ഈ മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് താരത്തെ വിലക്കിയിരുന്നത്. ഈ തീരുമാനത്തെ അൽ നസ്ർ ക്ലബ് ബഹുമാനിക്കുകയാണെന്നും അതുകൊണ്ട് തന്നെ ഈ മാസം 14ന് റിയാദിൽ നടക്കുന്ന സൗദി പ്രോ ലീഗ് മത്സത്തിൽ അൽ ശബാബ് ക്ലബിനെതിരായ പോരാട്ടത്തിൽ റൊണാൾഡോയെ ഇറക്കില്ലെന്നും കോച്ച് വ്യക്തമാക്കി. അതോടെ വിലക്ക് പരിധി കഴിയും.
തുടർന്ന് 19-ാം തീയതിയിലെ മത്സരത്തിൽ റൊണാൾഡോ ഇറങ്ങുമെങ്കിലും അത് അൽ നസ്ർ ജഴ്സിയിലാവില്ല, പകരം അൽ ഹിലാൽ ക്ലബ് കൂടി ചേർന്ന സംയുക്ത ടീം ജഴ്സിയിലായിരിക്കുമെന്നും അദ്ദേഹം വിശദമാക്കി. ഈ സൂപ്പർ മത്സരത്തിനായി കാൽപന്ത് പ്രേമികൾ ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുകയാണ്. ഈ കളിയിലേക്കുള്ള ടിക്കറ്റ് വിൽപന ഞായറാഴ്ച വൈകീട്ട് ആരംഭിച്ച് ചുരുങ്ങിയ സമയം കൊണ്ട് മുഴുവൻ ടിക്കറ്റും വിറ്റുപോയി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ