
ലണ്ടൻ: ഇന്ധനം തീരാറായതിനെത്തുടർന്ന് റയാൻഎയർ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി. ഇറ്റലിയിലെ പിസയിൽ നിന്ന് സ്കോട്ട്‌ലൻഡിലെ പ്രെസ്റ്റ്‌വിക്കിലേക്ക് പറന്ന വിമാനമാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. കഴിഞ്ഞ ആഴ്ച ശക്തമായ 'സ്റ്റോം എമി' കൊടുങ്കാറ്റിനിടെയാണ് സംഭവം ഉണ്ടായതെന്ന് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
വിമാനത്തിൽ ആകെ ആറ് മിനിറ്റ് നേരത്തേക്ക് മാത്രമുള്ള ഇന്ധനമാണ് ബാക്കിയുണ്ടായിരുന്നത്. ഇന്ധനം തീരാറായതോടെ എഫ്ആർ 3418 വിമാനത്തിലെ പൈലറ്റുമാർ 'മേഡേ' എന്ന അടിയന്തര സന്ദേശം നൽകി. തുടര്‍ന്ന് വിമാനം ഗ്ലാസ്‌ഗോ പ്രെസ്റ്റ്‌വിക്ക് എയർപോർട്ടിൽ രണ്ട് തവണ ലാൻഡിംഗിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എഡിൻബർഗിൽ ലാൻഡിങ്ങിന് ശ്രമിച്ചെങ്കിലും അതും നടന്നില്ല.
നിരവധി തവണ ശ്രമിച്ച ശേഷം വിമാനം മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നു. വിമാനം ലാൻഡ് ചെയ്തപ്പോൾ 220 കിലോഗ്രാം ഇന്ധനം മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇത് വളരെ അപകടകരമായ അളവാണ്. വിമാനത്തിന് ഏകദേശം ആറ് മിനിറ്റിനുള്ളിൽ ഇന്ധനം തീർന്നുപോകുമായിരുന്നു. സാധാരണ 2 മണിക്കൂറും 20 മിനിറ്റും എടുക്കുന്ന യാത്ര, ആകെ 4 മണിക്കൂറും 23 മിനിറ്റുമാണ് നീണ്ടത്.
വിഷയം റയാൻഎയർ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും, ഇപ്പോൾ അന്വേഷണത്തിലായതിനാൽ കൂടുതൽ പ്രതികരിക്കാൻ കഴിയില്ലെന്നും എയർലൈൻ വക്താവ് അറിയിച്ചു. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും കൂട്ടിച്ചേർത്തു. മണിക്കൂറിൽ 100 മൈൽ വരെ വേഗതയിൽ കാറ്റടിച്ച 'സ്റ്റോം എമി' കൊടുങ്കാറ്റാണ് ലാൻഡിംഗ് വെല്ലുവിളിയാക്കിയത്. വിമാനം ആദ്യമായി ലാൻഡിങ്ങിന് ശ്രമിച്ച സമയത്ത് പ്രെസ്റ്റ്‌വിക്കിലെ കാലാവസ്ഥാ ഉപകരണങ്ങളിൽ 50 മൈലിന് മുകളിൽ വേഗതയുള്ള കാറ്റ് രേഖപ്പെടുത്തി. ഇതേ ദിവസം ലുഫ്താൻസ, നോർവീജിയൻ ഉൾപ്പെടെയുള്ള വിമാനങ്ങളും എഡിൻബർഗിൽ നിന്ന് വഴിതിരിച്ചു വിട്ടിരുന്നു. സംഭവത്തെക്കുറിച്ച് എയര്‍ ആക്സിഡന്‍റ്സ് ഇന്‍വെസ്റ്റിഗേഷൻസ് ബ്യൂറോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ